Sunday, July 11, 2021

ഫാദർ സ്റ്റാൻ സ്വാമി: വിശ്വാസത്തെയും മതത്തെയും പുനരടയാളപ്പെടുത്തിയ ക്രിസ്തുശിഷ്യൻ   



ജുഡീഷ്യൽ കസ്റ്റഡിയിൽ  വച്ചുള്ള ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം ഒരു തീരാ നൊമ്പരമായി ഇന്ത്യയിലെ ജനാധിപത്യ സമൂഹം ഏറ്റെടുക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിനുമേൽ വീണ രക്തക്കറയാണ് എന്നാണ് അരുന്ധതി റോയ് ഇതിനെ വിശേഷിപ്പിച്ചത്. ഭരണകൂട ഭീകരതയുടെ ഇരയാണ് ഫാദർ സ്റ്റാൻ സ്വാമി എന്ന് പറഞ്ഞത് ഹർഷ മന്തരാണ്. നമ്മുടെ രാജ്യത്തിലെ നീതിന്യായ വ്യവസ്ഥിയുടെ  തന്നെ മരണമാണോ ഇത് എന്നാണു ശിവ് വിശ്വനാഥൻ പ്രതികരിച്ചത്.  ഇത്തരം പ്രതിഷേധ സ്വരങ്ങൾ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ഒരു ജനാധിപത്യ സമൂഹത്തിൽ ഇത് ആവർത്തിക്കാതിരിക്കണമെങ്കിൽ തികഞ്ഞ ജാഗ്രത നാം പുലർത്തേണ്ടിയിരിക്കുന്നു.

നിലവിലിരിക്കുന്ന ഭരണകൂടത്തിന്റെ കാലത്തു ഇത്തരം കൊലപാതകങ്ങൾ  ആകസ്മികമല്ല. ഖല്ബുര്ഗിയും ഗൗരി ലങ്കേഷും തുടങ്ങി സ്റ്റാൻ സ്വാമി വരെ വന്നു നിൽക്കുന്ന അസംഖ്യം  മനുഷ്യാവകാശ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കവികളുടെയുംകൊലപാതകങ്ങൾ നമ്മുടെ മുന്പിലുണ്ട്.   CAA, NRC പോലുള്ള ജനാധിപത്യ വിരുദ്ധ  നിലപാടുകൾക്കെതിരെ പ്രതികരിച്ച വിദ്യാർഥികൾ ഇപ്പോഴും ജയിലാണ്. ഭൂവിഭവങ്ങൾ കുത്തകകൾക്ക് തീറെഴുതി കൊടുക്കുന്നതിനെതിരെയുള്ള കർഷകരുടെ സമരങ്ങളും സമുദ്രവും തീരദേശവും ലാഭക്കൊതിയോടെ ദുരുപയോഗം ചെയ്യന്നതിനെരെയുള്ള ലക്ഷദ്വീപ് വാസികളുടെ പ്രതിഷേധവും തുടരുകയാണ്. എല്ലാ അർത്ഥത്തിലും ഭരണകൂട ഭീകരത നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ എതിർ സ്വരങ്ങളെ ഇല്ലായ്മ  ചെയ്യാനുള്ള ശ്രമങ്ങൾ ഒരു നിശബ്ദ അടിയന്തരാവസ്ഥ സംജാതമാകും എന്ന മുന്നറിയിപ്പ് നമുക്ക് തള്ളിക്കളയാനാവില്ല. സ്വാതന്ത്ര്യവും നീതിയും തുല്യതയും ഉള്ള ഒരു സമൂഹമാണ് നാം സ്വപ്നം കാണുന്നതെങ്കിൽ ഗൗരവമായ ഇടപെടലുകൾ എല്ലാ പുരോഗമന ജനാധിപത്യ സമൂഹങ്ങളിൽ നിന്നും ഉണ്ടാകേണ്ടതുണ്ട്.    

ആധിപത്യ ഭരണകൂടത്തിന്റെയും ദരിദ്രരെ ചൂഷണം ചെയ്യുന്ന കൊള്ള   സംഘങ്ങളുടെയും സംഘടിതമായ ആക്രമണത്തിന് വിധേയമാകേണ്ടി വന്ന ഒരു വൈദികൻ എന്ന നിലയിൽ സവിശേഷമായൊരു വിലയിരുത്തൽ ഫാദർ സ്റ്റാൻ സ്വാമിയുടെ രക്ത സാക്ഷിത്വം കാരണമാകുന്നുണ്ട്. ജപമാലയും കൊന്തയും ഒക്കെയായി ധ്യാനമിരിക്കേണ്ട വൈദീകൻ മനുഷ്യാവകാശ പ്രവർത്തനത്തിനിറങ്ങേണ്ടതുണ്ടോ? അത് ഒരു വൈദകന് ചേർന്ന പണിയാണോ? ഈ ആദിവാസികളുടെയും ദളിതരുടെയും അവകാശങ്ങൾക്കുവേണ്ടി കോടതികളിൽ കേസിനും വക്കാണത്തിനും പോകേണ്ട കാര്യം ഒരു വൈദികനുണ്ടോ? ചില ചാരിറ്റി പരിപാടികൾക്കപ്പുറം പ്രതിരോധത്തിന്റെ മാർഗം സ്വീകരിക്കുന്നത് ശാന്തിവാദികളായ ക്രിസ്തു ശിഷ്യർക്ക് ആശാസ്യമാണോ? പ്രതിരോധവും സംഘർഷവും അല്ലല്ലോ അനുരന്ജജനവും സമവായവുമല്ലേ ക്രിസ്തുവിന്റെ വഴി?  ഇവിടെ വാസ്തവത്തിൽ നിയോഗത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും മതത്തെകുറിച്ചുമൊക്കെ ചില സവിശേഷ ചിന്തകൾ രക്തസാക്ഷിയായ ഫാദർ സ്റ്റാൻ സ്വാമി മുന്നോട്ടു വയ്ക്കുന്നുണ്ട്. അത് റോമൻ സാമ്രാജ്യത്തിന്റെ കാലത്തു അടിമകൾക്കു പകരം കുരിശിലേറിയ ക്രിസ്തു പറഞ്ഞു വച്ചതു തന്നെയാണ്. അത് തന്റെ ജീവിതം കൊണ്ട് ഫാദർ സ്റ്റാൻ സ്വാമിയെപ്പോലുള്ള രക്തസാക്ഷികൾ നമ്മെ വീണ്ടും വീണ്ടും ഓര്മപ്പെടുത്തുന്നുവെന്നു മാത്രം. 

കുരിശിന്റെ നിയോഗ വഴിയിൽ വിശ്വാസം പങ്കെടുപ്പിന്റേതാണ് 

മനുഷ്യാവകാശങ്ങളുടെ സംഘർഷ  ഭൂമികയിലേക്കു സ്റ്റാൻ സ്വാമി എന്ന ഈശോസഭ വൈദികനെ നയിച്ചത് എന്തൊക്കെ കാരണങ്ങളാവാം  എന്ന് ഞാൻ ചിന്തിക്കുകയാണ്. തമിഴ്‌നാട്ടിലെ ട്രിച്ചി ഗ്രാമത്തിൽ നിന്നും വൈദികനാവാൻ പോയ ആ ചറുപ്പക്കാരൻ ദൈവശാസ്ത്ര പഠന ക്ലാസ്സുകളിൽ കണ്ടത് മതാധികാരത്തിന്റെ അടയാളങ്ങളുമായി സിംഹാസനത്തിലിരിക്കുന്ന ക്രിസ്തുവിനെ അല്ല; മറിച്ചു, ചിന്നിയതും  ചിതറിയതുമായ ജനത്തോടൊപ്പം നടന്നു നീങ്ങുന്ന ദരിദ്രരുടെ സ്നേഹിതനായ ക്രിസ്തുവിനെയാണ്. സമൂഹവുമായി ബന്ധപ്പെട്ടു മാത്രമേ ദൈവശാസ്ത്രത്തെ മനസിലാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞുള്ളു. ഫിലിപ്പീൻസിലെ ഉപരി പഠനമാകട്ടെ ബ്രസീലിയൻ ചിന്തകനായ ഹെൽഡർ ക്യാമെറയെപ്പോലുള്ളവരുടെ സഹവർത്തിത്ത്വത്തിൽ പ്രയോഗത്തിന്റെ സിദ്ധാന്തമായി സുവിശേഷത്തെ തിരിച്ചറിയാൻ സ്റ്റാൻ സ്വാമിയെ സഹായിച്ചു. സാമൂഹ്യ ക്രമങ്ങളെ പരിവർത്തിപ്പിക്കാൻ സഹായിക്കുന്ന പ്രത്യയശാസ്ത്രമായിട്ടാണ് ദൈവശാസ്ത്രത്തെ അദ്ദേഹം മനസ്സിലാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ബാംഗളൂരിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിട്യൂട്ടിന്റെ ഡയറക്ടറായുള്ള ചുമതലയിലേക്ക് പ്രവേശിക്കുമ്പോഴും പരിവർത്തനത്തിന്റെ ക്രിസ്തു സുവിശേഷം അദ്ദേഹം മുറുകെപ്പിടിച്ചു. റാഞ്ചിയിലെ ആശ്രമത്തിൽ ജപമാലയും ഉയർത്തിപ്പിടിച്ചു ധ്യാന നിമഗ്നനാവാതെ ചുറ്റുപാടുമുള്ള സാധാരണക്കാരിലേക്ക് നടന്നടുക്കാനാണ് ഫാദർ സ്റ്റാൻ ശ്രമിച്ചത്. പ്രാർത്ഥനയും ദിവ്യബലിയും കുരിശിന്റെ വഴിയിൽ ഉറച്ച കാൽവയ്പുകളോടെ നടക്കുവാൻ അദ്ദേഹത്തെ ധൈര്യപ്പെടുത്തി. അദാനിപോലുള്ള കുത്തക കമ്പനികൾ കാടും കടലും മണ്ണും മണലും കൊള്ളയടിക്കുകയും അതിന്റെ പേരിൽ ആദിവാസികളെയും ദളിതരെയും കുടിയൊഴിപ്പിക്കുകയും ചെയ്യുന്നത് കാഴ്ചക്കാരനെപ്പോലെ അയാൾ നോക്കിനിന്നില്ല.  "I am not a silent spectator. I  am  part of  the  game.  I  am  ready to pay the  praise for this." ക്രൈസ്തവ വിശ്വാസം അന്തർമുഖരായി ആത്മജ്ഞാനം അന്വേഷിക്കുന്നതല്ല; പ്രത്യുത, ബഹിർഗ്ഗമിക്കുന്നതും ചുറ്റുപാടുകളിലെ ജീവിതങ്ങളുടെ നൊമ്പരങ്ങളിൽ പങ്കെടുക്കുന്നതുമാണ്. 

പങ്കെടുപ്പിന്റെ വിശ്വാസത്തെക്കുറിച്ചു ആദ്യം നമ്മെ പഠിപ്പിച്ചത് ക്രിസ്തുവാണ്. സാമൂഹ്യ ബന്ധങ്ങളിൽ നീതിയും സാഹോദര്യവും സാക്ഷാത്കരിക്കുന്നതായിരിന്നു ക്രിസ്തുവിന്റെ ആത്മീയതയും വിശ്വാസവും. പരിവർത്തനത്തിന്റെ പുളിമാവും വെളിച്ചവും ഉപ്പുമായിരിക്കാനാണ് ക്രിസ്തു ശിഷ്യരുടെ നിയോഗമെന്നും ആ നിയോഗ വഴിയിൽ പ്രതിബന്ധങ്ങളേറ്റെടുക്കുമ്പോൾ  മാത്രമാണ് നാം കുരിശിന്റെ അവകാശികളാകുന്നതെന്നും വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇവിടെനിന്നും വ്യതിചലിക്കുമ്പോൾ മാത്രമേ ഫാദർ സ്റ്റാൻ സ്വാമിയുടെ നിലപാടുകളെ നമ്മുക്ക് തള്ളിപറയാനാവു.  

 ചൂഷണ ക്രമങ്ങളെ വെല്ലുവിളിക്കുന്ന ദൈവരാജ്യ മതബോധം   

 പങ്കെടുപ്പിന്റെ വിശ്വാസം അത്ര ലളിതമല്ലെന്നു ഫാദർ സ്റ്റാൻ മനസ്സിലാക്കിയിരുന്നു. അതിനു കനത്ത വിലകൊടുക്കേണ്ടിവരുമെന്നു അദ്ദേഹം മനസിലാക്കിയിരുന്നു. ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി ചെയ്യാത്ത കൃത്യങ്ങളുടെ പേരിൽ ഒരു നിരപരാധിയെ ഭരണകൂടം ജയിലിൽ അടച്ചപ്പോൾ രാജ്യദ്രോഹ കുറ്റം ചുമത്തി കുരിശിലേറ്റിയ ക്രിസ്തുവിനെ  അത്‌ ഓർമിപ്പിക്കുന്നു.  വിറയ്ക്കുന്ന കൈകൊണ്ടു ഒരിറ്റു വെള്ളം കുടിക്കാനാവാതെ വന്നപ്പോൾ ഒരു സ്ട്രായും സിപ്പറും ചോദിച്ചു നീതിന്യായ കോടതിയുടെ ദയക്കായി യാചിച്ചപ്പോൾ അയാൾ എനിക്ക് ദാഹിക്കുന്നു എന്നുകുരിശിൽ കിടന്നു കരഞ്ഞ  ക്രിസ്തുവിനെ അടയാളപ്പെടുത്തി. എത്ര കൃത്യമായാണ് ക്രിസ്തുവിന്റെ പീഡാസഹനം  ചരിത്രത്തിൽ ആവർത്തിക്കുന്നത്. കോവിഡ് കാലമാണ് എന്നെ മുംബൈയിലെ ജയിലിൽ അടയ്ക്കരുത് ഏതു നിമിഷം വേണമെങ്കിലും വിചാരണക്ക് ഹാജരാവാം എന്ന് ജുഡിഷ്യറിയോടും പോലീസിനോടും കെഞ്ചിയ ആ വൃദ്ധ സന്യാസി  കുരിശിതന്റെ നിസഹായത തന്നെയാണ് ആവർത്തിച്ചത്. എത്ര ക്രൂരമായിട്ടാണ് ഒരു ജനാധിപത്യ സമൂഹത്തിലെ ഭരണകൂട ക്രമങ്ങൾ പെരുമാറിയത്. ഒരിക്കലും മായാത്ത രക്തക്കറയാണ് ഈ ജനാധിപത്യ ഘടനയ്ക്കുമേൽ ചാർത്തപ്പെട്ടിരിക്കുന്നതെന്ന് നമുക്ക് മറക്കാതിരിക്കാം. നീതി സമൂഹത്തിനുവേണ്ടി ജീവൻ പോലും ചേതമെന്നെന്നു എണ്ണുന്നവരിൽ കുടികൊള്ളുന്നത് കുരിശിലെ ആത്മീയതയാണ്.  

ഫാദർ സ്റ്റാൻ  സ്വാമി എന്ന ക്രിസ്തു ശിഷ്യൻ നമുക്ക് പ്രതിരോധത്തിന്റെമതവും പങ്കെടുപ്പിന്റെ വിശ്വാസവും അടയാളപ്പെടുന്നുന്ന പാഠപുസ്തകമാവുകയാണ്. അവനവന്റെ രക്ഷയും പ്രോസ്പെരിറ്റിയുടെ സുവിശേഷവും പരലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും മാത്രം  ഉല്പാദിപ്പിക്കുന്ന വ്യവസ്ഥാപിത മതങ്ങൾ ഫാദർ സ്റ്റാൻ സ്വാമിക്കു മുന്നിൽ നിഷ്പ്രഭമാവുകയാണ്. മതമെന്നാൽ സ്വാർത്ഥ  നേട്ടങ്ങൾക്കുള്ള ഉപാധിയായും വെറുപ്പിന്റെയും പ്രവർജ്ജനത്തിന്റെയും ആയുധമായും അധികാരത്തിനായുള്ള ഉപകരണമായും മനസിലാക്കുന്നവർക്കു  ഫാദർ സ്റ്റാൻ സ്വാമിയുടെ മാതൃക  ഒരപവാദമാണ്. മതമെന്നാൽ മാനവികതയാണെന്നും അത് പ്രതിരോധം അനിവാര്യമാക്കുന്നുവെന്നും ഫാദർ സ്റ്റാൻ നമ്മെ പഠിപ്പിക്കുന്നു. ഒരു പക്ഷെ വ്യവസ്ഥാപിത മത ഘടനകൾ ഇപ്പോൾ നിശബ്ദത പാലിക്കുന്നത് സ്വാർത്ഥ താല്പര്യങ്ങളുടെ സംരക്ഷണത്തിന് മാത്രമാണ്. പക്ഷെ ചരിത്രത്തിൽ അവർ കൊടുക്കാനിരിക്കുന്ന വില വളരെ വലുതായിരിക്കും.   

മനുഷ്യാവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന ജീവൽ രാഷ്ട്രീയം 

ഫാദർ സ്റ്റാൻ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഒരു ക്രിസ്തു ശിഷ്യനായിരുന്നു. രാഷ്ട്രീയമെന്നാൽ അധികാരത്തിനായുള്ള വഴിആയിട്ടല്ല ഫാദർ സ്റ്റാൻ കണ്ടത്. അതുകൊണ്ടു ഭരണകർത്താക്കളെ പ്രീണിപ്പെടുത്തി നിർത്തുന്ന കുറുക്കുവഴികൾ അദ്ദേഹം തേടിയില്ല. ഇവരൊക്കെത്തന്നെ സമ്പന്നരുടെ താൽപര്യങ്ങൾക്കു മാത്രമാണ് നിൽക്കുന്നതെന്നും ദരിദ്രന്റെ പക്ഷത്തുനില്കുന്നവരെ ഇവർ പിൻ തുണയ്ക്കില്ലെന്നും അദ്ദേഹം മനസിലാക്കിയിരുന്നു. അതുകൊണ്ട് അദ്ദേഹം പ്രതിരോധ പ്രവർത്തകർക്കൊപ്പമായിരുന്നു. പുരോഗമന ചിന്തകർക്കും എഴുത്തുകാർക്കും സാമൂഹ്യ പ്രവർത്തകർക്കും ഒപ്പം നിന്നുകൊണ്ട് ചെറുത്തുനിൽപ്പിന്റെ മതേതര വഴിയാണ് ഫാദർ സ്റ്റാൻ സ്വീകരിച്ചത്. ഒരു പക്ഷെ  പക്ഷെ ഇതാണ്  ശരിയായ രാഷ്ട്രീയം എന്ന് അദ്ദേഹം മനസിലാക്കിയിട്ടുണ്ടാവാം. രാഷ്ട്രീയം ദുര്ബലരുടെ അവകാശ സംരക്ഷണമാണെന്നു തിരിച്ചറിയുമ്പോഴാണ് വ്യവസ്ഥാപിത രാഷ്ട്രീയം പുനർ വിഭാവനയ്ക് വിധേയമാകുന്നത്.  

വേദപുസ്തകത്തിലെ പഴയനിയമ പ്രവാചകരിലും  പുതിയനിയമ പ്രഭാഷകരിലും ക്രിസ്തുവിന്റെ ദൈനം ദിന ജീവിത ശാലിയിലും നാം കാണുന്ന രാഷ്ട്രീയം ഈ ജീവൽ രാഷ്ട്രീയമാണ്. അത്‌ പ്രാദേശികവും വികേന്ദ്രീകൃതവും പങ്കാളിത്തപരവും ആയിരിക്കും. പുതിയൊരു നീതി സമൂഹത്തെകുറിച്ചുള്ള സ്വപ്നമാണ് അതിന്റെ ആന്തരിക ഊർജ്ജം.  അത്തരം ജീവൽ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച ഒട്ടനവധി ക്രിസ്തു ശിഷ്യർ ചരിത്രത്തിൽ ഉണ്ട്. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, ബിഷപ്പ് ഓസ്‌കാർ റൊമീറോ തുടങ്ങി ഒട്ടനവധിപേർ  ആധുനിക ചരിത്രത്തിൽ തന്നെയുണ്ട്. അവരുടെ നിരയിലേക്ക് ഫാദർ സ്റ്റാൻ സ്വാമിയും ചേർന്നിരിക്കുന്നു. "A caged bird can sing" എന്ന് സ്റ്റാൻ സ്വാമി പറയുമ്പോൾ ഒരിക്കലും അടിച്ചമർത്താനാവാത്ത ചൂഷിതന്റെ വിമോചന സ്വപ്നങ്ങളെയാണ് അദ്ദേഹം ഉയർത്തിപ്പിടിക്കുന്നത്. "പൂക്കളെയൊക്കെ പറിച്ചു കളഞ്ഞാലും വരാനിരിക്കുന്ന വസന്തത്തെ തടയാൻ നിങ്ങൾക്കാവില്ലെന്ന പാബ്ലോ നെരൂദയുടെ വാക്കുകളും ആ സത്യത്തെ ആണ് ഓർമപ്പെടുത്തുന്നത്. കുരിശിലെ ക്രിസ്തുവിന്റെ മരണം  അവസാനമല്ലെന്നും കുരിശിലെ ദുഖവും വേദനയും രൂപപ്പെടുത്തിയെടുത്ത  ക്രിസ്തുസഭ നീതിയുടെ കാവൽക്കാരായി ഉയർത്തെണീകുമെന്ന സ്വപ്നം പങ്കുവയ്ച്ചാണ് Achille Mbembe തന്റെ അപകോളനീകരണം എന്ന പുസ്തകം അവസാനിപ്പിക്കുന്നത്. ഒരുപക്ഷെ ഫാദർ സ്റ്റാൻ സ്വാമി കണ്ട സഭാസ്വപ്നവും ഇതുതന്നെയാവാം. അതുകൊണ്ടുതന്നെയാണ് ഫാദർ സ്റ്റാൻ സ്വാമി പുതിയ കാലത്തിലെ മതവും വിശ്വാസവും രാഷ്ട്രീയവും പുനരടയാളപ്പെടുത്തുന്ന ദീപ്ത    നക്ഷത്രമാവുന്നതു.    


Monday, June 28, 2021


വസന്തത്തിന് കാതോർത്ത് 10

കുരിശിന്റെ വഴിയിലെ സൗമ്യനായ കലാപകാരി: എം.ജെ.ജോസഫച്ചനെ ഓർക്കുമ്പോൾ     





ക്രൈസ്തവ വിശ്വാസത്തിന്റെ പ്രയോഗികതയെക്കുറിച്ച് ഏറെ ചോദ്യങ്ങൾ ഉയർന്ന കാലമായിരുന്നു എൺപതുകളിലെ എന്റെ വിദ്യാഭ്യാസകാലം. വിശ്വാസം പരമ്പരാഗതമായ മതധാരണകളുടെ ആവർത്തനമാണെന്നും അനുഷ്ഠാനങ്ങളുടെ  വിമർശന രഹിതമായ ആഘോഷമാണെന്നും കരുതിയിരുന്ന എനിക്ക് വ്യത്യസ്തമായൊരു നിർവചനം കണ്ടെത്താൻ സഹായിച്ചത് സ്റ്റുഡൻറ് ക്രിസ്ത്യൻ മൂവ്‌മെന്റ് ഓഫ് ഇന്ത്യ (SCM) യുടെ കൂട്ടായ്മകളാണ്. തിരുവനന്തപുരത്തെ മൽസ്യതൊഴിലാളി സമൂഹങ്ങളുടെ അതിജീവന ഇടങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിനായുള്ള ജനകീയ കൂട്ടായ്മകളിലും ഒക്കെ സംഭവിച്ച വേദപഠനങ്ങളും ചേർന്ന് പാടിയ ജനകീയ ഗാനങ്ങളും ക്രൈസ്തവ വിശ്വാസത്തിന്റെ സജീവവും സർഗാത്മകവുമായ മറ്റൊരു തലത്തിലേക്കാണ് എന്നെ ക്ഷണിച്ചത്. ഒപ്പം കൂടിയ ചില വൈദികരുടെ സാനിധ്യവും എന്റെ സഭയുടെ പുരോഗമന നവീകരണ ദർശനങ്ങളും സഭാശുശ്രൂഷ പരീക്ഷിക്കാവുന്ന ജീവിത സാക്ഷ്യ മേഖലയായി  മുന്നിൽ കൊണ്ടുവന്നു. സഭാ ശുശ്രൂഷയിൽ  25 ആം വർഷത്തിലേക്കു പ്രവേശിക്കുന്ന ഈ വേളയിൽ ഒരു വെല്ലുവിളിയായി അന്നും ഇന്നും കടന്നുവരുന്ന ഒരു മുഖമാണ് സി. എസ്. ഐ.  സഭയിലെ വൈദികനായിരുന്ന എം.ജെ. ജോസഫ് അച്ചന്റേത്. 

ഒരു വിപ്ലവകാരിയായ സഭാ ശുശ്രൂഷകൻ, സഭാ നേതൃത്വത്തിനെതിരെ ജനകീയ സമരം നയിച്ചയാൾ, സമരമുഖത്ത് തെരുവിൽ വിശുദ്ധ കുർബാന അനുഷ്ടിച്ചയാൾ എന്നൊക്കെയുള്ള ടാഗുകൾ പക്ഷെ സൗമ്യമായ ആ മുഖത്ത് ആദ്യം എനിക്ക് കാണാനായിരുന്നില്ല. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ ശ്രവിച്ചപ്പോൾ, നിരാലംബരോടുള്ള ആഴമായ ആർദ്രതയും, ചൂഷണ ക്രമങ്ങളോടുള്ള സന്ധിയില്ലാത്ത വിമർശനവും വരാനിരിക്കുന്ന നീതി സമൂഹത്തെക്കുറിച്ചുള്ള അടങ്ങാത്ത പ്രതീക്ഷയും  ആ വാക്കുകളിൽ ഞാൻ തിരിച്ചറിഞ്ഞു. ഒരുപക്ഷെ, വ്യവസ്ഥാപിത  ക്രൈസ്തവ മതഘടനകളെയും  ചിന്താധാരകളെയും  ജീവിതംകൊണ്ടും   സാക്ഷ്യംകൊണ്ടും  ഇത്രയധികം  വെല്ലുവിളിച്ചിട്ടുള്ള മറ്റൊരു   പുരോഹിതൻ കേരളത്തിൽ   ഉണ്ടോയെന്ന്  സംശയമാണ്. ക്രൈസ്തവ  മതത്തെ  അതിന്റെ  കുമ്പസാരക്കൂട്ടിൽ  നിന്നും  ദരിദ്രരുടെയും  നീതിനിഷേധിക്കപ്പെട്ടവരുടെയും  നിലവിളികളുയരുന്ന  തെരുവുകളിലേക്കു  വലിച്ചിടുകയും നീതിപോരാട്ടത്തിന്റെ  കനൽ  വഴികളിലെ സഞ്ചാരമാണ് പൗരോഹിത്യത്തിന്റെ ക്രിസ്തു മാതൃകയെന്ന് ജീവിതം കൊണ്ടു സാക്ഷ്യപ്പെടുത്തുകയും ചെയ്തപ്പോൾ ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ  തന്നെ എം.ജെ. ജോസഫ്  എന്ന   വിശ്വാസ  കലാപകാരി കേരളത്തിലെ സഭാശുശ്രൂഷകർക്കു  ദീപ്തമായൊരു അടയാളവും വെല്ലുവിളിയുമായി മാറുകയായിരുന്നു.  അതുകൊണ്ടുതന്നെ കേരളത്തിൽ വിമോചന വിശ്വാസധാര രൂപപ്പെടുത്തിയവരെക്കുറിച്ചുള്ള  ഈ ഓര്മക്കുറിപ്പുകളിൽ ഒഴിവാക്കാനാവാത്ത ജീവിതമാണ് എം.ജെ. ജോസഫച്ചന്റേത്. 

ജീവിതരേഖ 

കോട്ടയം മള്ളൂത്ര എം.എം. ജോസഫിന്റെയും ആച്ചിയമ്മയുടെയും മകനായി 1932 ഏപ്രിൽ 11  നു ജനിച്ച ജോസഫ് സ്കൂൾ-കോളേജ് വിദ്യാഭ്യാസത്തിനുശേഷം അധ്യാപകനായി പ്രവർത്തിച്ചു. മധ്യകേരള സി. എസ്. ഐ. യുവജന പ്രസ്ഥാനത്തിൽ സജീവമായിരുന്ന ജോസഫ്, ബീഹാറിൽ സ്റ്റുഡൻറ് ക്രിസ്ത്യൻ മൂവ്‌മെന്റ് ഓഫ് ഇന്ത്യൻഡ്യയുടെ  സംഘാടകനായി പോയത് പിൽക്കാലത്തു സഭാ ശുശ്രൂഷയിലേക്കു പ്രവേശിക്കുന്നതിന് പ്രേരണയായി. തുടർന്ന് സെറാമ്പൂർ കോളേജിൽ നിന്നും വൈദീക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോസഫ് 1962 ൽ സി. എസ്.ഐ. മധ്യ കേരള മഹായിടവകയിൽ പട്ടക്കാരനായി. ബാംഗ്ളൂർ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ജോസഫച്ചൻ 1969-70 കാലഘട്ടത്തിൽ  ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് റിലീജിയൻ ആൻഡ് സൊസൈറ്റി (CISRS ) യുടെ കേരള കോർഡിനേറ്ററായും 1972 ൽ ദേശീയ സഭാ കൗണ്സിലിന്റെ ഡെവലപ്മെന്റ് വിഭാഗത്തിന്റെ സെക്രട്ടറിയായി നാഗ്പൂരിലും പ്രവർത്തിച്ചു. എന്നാൽ അടിയന്തരാവസ്ഥയോടുള്ള പ്രതികരണം എന്ന നിലയിൽ  എക്യൂമെനിക്കൽ സ്ഥാനങ്ങളിലേക്കുള്ള യാത്ര അവസാനിപ്പിക്കുകയും കേരളത്തിൽ തിരിച്ചുവന്ന് എം.എം. തോമസിനോടൊപ്പം ജനകീയ പ്രതിരോധ സംഘങ്ങളെ ശാക്തീകരിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്തു. തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന ഡൈനാമിക് ആക്ഷന്റെ സംഘാടകൻ എന്ന നിലയിലാണ് പിന്നീട് നാം അദ്ദേഹത്തെ കാണുന്നത്. 

എം.ജെ. ജോസഫ് എന്ന സഭാ ശുശ്രൂഷകനിലെ  കലാപകാരി രൂപപ്പെടുന്നത് തന്റെ ആദ്യ ഇടവകയായ കറിക്കാട്ടൂരിലെ ദളിത് ജീവിതാനുഭവങ്ങളുമായുള്ള ബന്ധത്തിലാണ്. ദളിത് ക്രൈസ്തവരുടെ ജീവിത ദൈന്യതയും നിസ്സഹായതയും അദ്ദേഹത്തെ ദുഖിതനാക്കി. സഭയിലുണ്ടായ സെപറേറ്റിസ്റ് മൂവ്‌മെന്റും സി.എം.സ്. സഭയുടെ പുനഃസ്ഥാപനവും ദളിത് ക്രൈസ്തവരോടുള്ള സഭയുടെ മേലാള സമീപനവും അദ്ദേഹത്തിന്റെ വിശ്വാസ ദർശനങ്ങളെ മാറ്റിമറിച്ചു. 1983 ൽ രൂപീകൃതമായ ജനകീയ വിമോചന വിശ്വാസപ്രസ്ഥാനത്തിനു നേതൃത്വം കൊടുത്ത അച്ചൻ സഭയിൽ ദളിതരുടെ ആനുപാതിക പങ്കാളിത്തത്തിനു വേണ്ടി സമരം ചെയ്തു. അതിന്റെ പേരിൽ വിചാരണ  നേരിടുകയും സഭയുടെ ശിക്ഷണ നടപടിക്കു വിധേയനാവുകയും ചെയ്തു.  സാമ്പ്രദായിക വൈദിക വൃത്തിക്കപ്പുറം ബഹിഷ്‌കൃതരോടും അന്യവത്കരിക്കപ്പെട്ടവരോടും ഐക്യദാർഢ്യപ്പെട്ട ക്രിസ്തുശൈലി ജീവിതത്തിൽ പ്രവർത്തികമാക്കിയ കേരളത്തിലെ ഒരു ഇടയ ശ്രേഷ്ഠനെന്ന നിലയിൽ എം.ജെ. എല്ലാകാലവും ഓര്മിക്കപെടുമെന്ന പ്രൊഫ.  ടി.എം. യേശുദാസന്റെ വാക്കുകൾ ഏറെ അന്വർത്ഥമാണ്.1

അക്ഷീണനായ സംഘാടകൻ എന്നെ പേരിനു എം.ജെ. അർഹനാകുന്നത് എഴുപതുകളിലെ അടിയന്തരാവസ്ഥക്കെതിരായ ചെറുത്തുനില്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ്.  എം.ജെ. യിലെ മനുഷ്യാവകാശ പ്രവർത്തകനെ വെളിപ്പെടുത്തിയത് അക്കാലത്തെ ജനകീയ പ്രവർത്തനങ്ങളാണ്. അടിയന്തരാവസ്ഥ തടവുകാരുടെ കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നതിലും സെൻസർ ചെയ്യപ്പെട്ട വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതിനും പരിശ്രമിച്ചു. അടിയന്തരാവസ്ഥക്കെതിരായ ക്രൈസ്തവ പ്രതികരണം രൂപീകരിക്കുന്നതിനായി വൈദീകരുടെ ദേശീയ കൂട്ടായ്മ സംഘടിപ്പിക്കുകയും സി.എസ്. ഐ യുവജനപ്രസ്ഥാനത്തിന്റെ പേരിൽ പ്രമേയം പാസാക്കാൻ മുൻകൈ എടുക്കുകയും ചെയ്തു. എൺപതുകളിൽ വികസനത്തിന്റെ ഇരകളായി മാറിയ മത്സ്യത്തൊഴിലാളികളുടെയും ആദിവാസി-ദളിത് സമൂഹങ്ങളുടെയും  ജനകീയ പ്രതിരോധ സംഘങ്ങളുടെ സംഘാടകനായിട്ടാണ്  നാം എം.ജെ.യെ കാണുന്നത്. ആക്ഷൻ ഗ്രൂപ്പുകളുടെ പുതിയൊരു രാഷ്ട്രീയകാലത്തിനു കേരളം സാക്ഷ്യം വഹിക്കുകയായിരിന്നു. വേൾഡ് കൗൺസിൽ ഓഫ്ഫ്  ചർച്ചസിന്റെ ഫോറം ഫോർ പീസ് ആൻഡ് ഡെവെലപ്മെന്റിന്റെ ഭാഗമായി പ്രോഗ്രാം ഫോർ സോഷ്യൽ ആക്ഷൻ രൂപീകരിച്ചപ്പോഴും ഏഷ്യ റീജിയൻ ഫെൽലോഷിപ്പിന്റെ ഭാഗമായി പാർട്നെർസ് ഇൻ ജസ്റ്റിസ് കൺസൺസ് രുപീകരിച്ചപ്പോഴും മനുഷ്യാവകാശങ്ങൾക്കു വേണ്ടി ഡൽഹി ഫോറം സംഘടിച്ചപ്പോഴും എം.ജെ. ജോസഫച്ചൻ  അമരത്തുണ്ടായിരുന്നു. അത്തരത്തിൽ ഇന്ത്യയിലെ ജനകീയ പ്രതിരോധ സംഘങ്ങളുടെ ചൂടും ചൂരും ഇന്ത്യൻ എക്യൂമെനിക്കൽ-സഭാ-ദൈവശാസ്ത്ര മണ്ഡലങ്ങളിൽ പ്രതിധാനിക്കുന്നതിനു എം.ജെ. ജോസഫ് അച്ഛൻ കാരണമായി എന്ന് പറയുന്നിടത്താണ് ആ ധന്യ ജീവിതത്തിന്റെ സാഫല്യം വ്യക്തമാകുന്നത്. 

1969 ൽ എം.ജെ. യോടൊപ്പം യാത്ര ആരംഭിച്ച സഹധർമ്മിണി അന്നമ്മ കൊച്ചമ്മ, തന്റെ അധ്യാപന ജീവിതം മാറ്റിവച്ചാണ് അച്ചനോടൊപ്പം ജനകീയ സമരമുഖങ്ങളിൽ പങ്കു ചേർന്നത്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തക  എന്ന നിലയിലും മാർക്സിസ്റ്റ് ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിച്ചയാൾ എന്ന നിലയിലും കൊച്ചമ്മയുടെ പൊതുരംഗത്തെ പ്രവർത്തനങ്ങൾ സ്ത്രീ മുന്നേറ്റ സംഘങ്ങളുടെ സഹകാരികളായി കുടുംബത്തെ മുഴുവനും  പങ്കെടുപ്പിക്കുന്നതിനു  സാധ്യമായി. കുടുംബത്തിനുള്ളിൽ ജനാധിപത്യം ഉറപ്പിച്ചാൽ മാത്രമേ സമൂഹത്തിലെ ജനാധിപത്യത്തിനുവേണ്ടി തെളിമയോടെ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവ് അച്ചനെ വളരെയധികം സ്വാധീനിച്ചിരുന്നു. കുടുംബം എന്ന പാട്രിയാർക്കൽ സംവിധാനത്തെ ജനാധിപത്യപരമായി അഴിച്ചു പണിയാനും ജാതി-മത പരിഗണനകൾക്കപ്പുറമായി വിവാഹ ബന്ധങ്ങളെ സൃഷ്ടിക്കാനും എം.ജെ. ജോസഫച്ചൻ നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമായിരുന്നു. പുരുഷാധിപത്യത്തിനും ജാതിക്കും സാമ്പത്തിക ഉച്ചനീചത്വങ്ങൾക്കും എതിരായ പ്രതിരോധത്തിൽ ഫെമിനിസത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചു അച്ചൻ തികച്ചും ബോധവാനായിരുന്നു. ഒരുപക്ഷെ ക്ലാര സെത്കിനും റോസാ ലൈക്സുംബെർഗും ഒക്കെ മുന്നോട്ട് വച്ച റിവൊല്യൂഷണറി ഫെമിനിസ്റ്റ് ആശയങ്ങൾ അച്ചനെ  സ്വാധീനിച്ചിരുന്നു എന്നുവേണം കരുതാൻ. മക്കളായ ആശയും ശോഭയും വിജയനും മാതാപിതാക്കൾ തെളിയിച്ച പുരോഗമന ജനകീയ പ്രസ്ഥാനങ്ങളുമായുള്ള ബന്ധത്തിൽ തന്നെയാണ് പിൽക്കാലത്തു നിലയുറപ്പിച്ചത്. വിജയൻ പ്രോഗ്രാം ഫോർ സോഷ്യൽ ആക്ഷൻ ന്റെ ഡിറക്ടറായും ഡൽഹി ഫോറത്തിന്റെ ചുമതലയിലും പ്രവർത്തിച്ചു. 


ഡൈനാമിക് ആക്ഷനും ജനകീയ ഗാനങ്ങളും 

 എം.ജെ. ജോസഫച്ചനെ അനുസ്മരിക്കുമ്പോൾ പ്രൊഫ. ടി.എം. യേശുദാസൻ എടുത്തുപറയുന്ന മറ്റൊരുകാര്യം അടിസ്ഥാന കീഴാള സമൂഹങ്ങളുടെ ജീവൽ സ്പന്ദനങ്ങളെ പകർത്തിയ നാടൻ പാട്ടുകളുടെ സംഘാടനവും വ്യാപനവുമാണ്.2 സി.ജെ. കുട്ടപ്പനും കുമരകം ബാബുവും ജോൺസണും ജയപാലനുമൊക്കെ ഈണവും താളവും നൽകിയ നാടൻ പാട്ടുകൾ ആധുനിക വികസന മാതൃകകളുടെ ഇരകളായി മാറിയ കീഴാളരുടെ നൊമ്പരവും പ്രതിരോധവും മുഖ്യധാരയിൽ എത്തിക്കാൻ പര്യാപ്തമായെങ്കിൽ അതിനു ചുക്കാൻ പിടിച്ചത് ഡൈനാമിക് ആക്ഷന്റെ  നേതൃത്വം വഹിച്ചിരുന്ന എം.ജെ. ജോസഫച്ചനാണ്. ആ പാട്ടുകളൊക്കെ തന്നെ പിൽക്കാലത്തു പുരോഗമന ക്രൈസ്തവ വിശ്വാസ ധാര പിന്തുടർന്ന പുതിയ തലമുറയ്ക്ക് ഉണർത്തുപാട്ടുകളായി. സി. ബാബു രചിച്ചു ജയപാലൻ ഈണം നൽകിയ   അടിയാളരുടെ ഈ സംഘഗാനം  പിൽക്കാലത്തു കേരളത്തിലെ വിമോചന വിശ്വാസ ധാരയുടെ ആത്മാവായി മാറി:3

കാറ്റേ വാ കടലേ വാ                                                                                                                    ഒരു കരിമേഘം കൊണ്ടത്താ                                                                                മഴവില്ലുകൾ വിരിയിക്കാനായി                                                                                മഴമേഘം കൊണ്ടത്താ...

                                       കാറ്റേവാ....  

ഇരുൾ മൂടിയ രാവുകളിൽ                                                                                               മിഴിമഴ പെയ്തൊരു പകലുകളിൽ                                                                      ഉടയോരുടെ പണിയാളായി                                                                          ഉടവാളിന്നിരയായോർ...

                                       കാറ്റേവാ....

മണ്ണുചുമന്നൊരു മാളികവച്ചു                                                                      കല്ലുചുമന്നൊരു കോട്ട ചമച്ചു                                            ഉഴുതുമറിച്ചു..മുതുകുകുനിഞ്ഞു                                                                  വരമ്പുപിടിച്ചു...കൈ മരവിച്ചു                                                                      വിലങ്ങുധരിച്ചു ..തഴമ്പുപിടിച്ചു                                                                                            ഇനി വയ്യല്ലോ..                                                                                                                                  ഈ തടവറയാകെ ഇടിച്ചു നിരത്താനണി ചേരാം...

                                         കാറ്റേവാ ...  

ഡയനാമിക് ആക്ഷന്റെ ജനകീയ ഗാനങ്ങളിലൂടെ ഒരു പുതിയ തലമുറ ക്രൈസ്തവ വിശ്വാസത്തിന്റെ വിമോചനാത്മകത നെഞ്ചിലേറ്റി. ഇവിടെയെല്ലാം ഒരു ചെറു പുഞ്ചിരിയോടും തികഞ്ഞ ആത്മവിശ്വാസത്തോടും കൂടി  മുന്നേ സഞ്ചരിച്ച സൗമ്യനായ കലാപകാരിയായിരിന്നു എം.ജെ.ജോസഫച്ചൻ. അച്ചൻ ഒരു ഗായകനും ചിത്രകാരനുമായിരിന്നു. സന്തോഷ് ജോർജ്‌ ജോസഫും ബാബു കോടംവേലിലും രൂപംനൽകിയ പാടാമൊന്നായി എന്ന കാസെറ്റിൽ "സ്വർഗ്ഗ സങ്കൽപ്പങ്ങൾ മണ്ണിലെഴുതിയ സത്യ സ്വരൂപാ കർത്താവേ" എന്ന ഗാനം പാടിയത് എം.ജെ. ആണെന്നത് ഓർക്കുന്നു. കോശി തലയ്ക്കൽ എഴുതി ജയപാലൻ ഈണം നൽകിയ ആ പാട്ടിലെ  "ഏദൻ ഞങ്ങൾക്ക് വേണ്ടേവേണ്ട, പറുദീസാ ഞങ്ങൾക്ക് തനിയെ വേണ്ട, കുടിലിൽ കുരിശിൽ കൈപ്പണി ശാലയിൽ കാട്ടിയ ജീവിതം പകർന്നു തരൂ.." എന്ന അവസാന വരികൾ  അജപാലനത്തിന്റെ സംഘർഷ വഴികളിൽ എത്രയോപ്രാവശ്യം മനസ്സിൽ വന്നു പതിച്ചിട്ടുണ്ട്.

ജനകീയ ഗാനങ്ങളോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം കേവലം സംഗീതത്തോടുള്ള താല്പര്യമെന്നതിനേക്കാളുപരി ഒരു പ്രതിസംസ്കാരത്തോടുള്ള പ്രത്യയശാസ്ത്രപരമായ ആഭ്യമുഖ്യം എന്ന നിലയ്ക്കായിരിന്നു. നിലവിലിരിക്കുന്ന അധീശത്വ സംസ്കാരത്തിന്റെ ചിഹ്നങ്ങളും വ്യവഹാരങ്ങളും അട്ടിമറിക്കണമെങ്കിൽ പ്രതിസംസ്കൃതിയുടെ ബദൽ വ്യവഹാരം സൃഷ്ടിക്കേണ്ടതുണ്ടെന്ന ഇറ്റാലിയൻ മാർക്സിസ്റ്റ് ചിന്തകനായ അന്റോണിയോ ഗ്രാംഷിയുടെ ചിന്തകളുടെ സ്വാധീനം ഇവിടെ കാണാം. താഴെപ്പറയുന്ന വാക്കുകൾ കീഴാള സംസ്കൃതിയിൽ നിന്ന് രൂപപ്പെടുത്തേണ്ട നവ പ്രതിസംസ്കൃതിയെക്കുറിച്ചുള്ള അച്ചന്റെ ചിന്തകളെ പ്രതിഫലിപ്പിക്കുന്നു: 

"അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ ജീവിതാവിഷ്കാരങ്ങളിൽ പ്രതിഫലിക്കുന്ന മൂല്യങ്ങളെ കണ്ടറിഞ്ഞു, തൊട്ടുണർത്തി മനുഷ്യന്റെ സ്വപ്നങ്ങൾക്കു ഊഷ്മളത പകരുവാനുംനിരാശകളുടെയും അർത്ഥശൂന്യതകളുടെയും ഊഷര ഭൂമിയെ പ്രതീക്ഷയുടെയും വാഗ്ദാനങ്ങളുടെയും  പൂവാടിയായി മാറ്റാനുള്ള ദര്ശനമാണിന്നു മനുഷ്യനാവശ്യം. അതിനുള്ള പ്രചോദനം 'ജനങ്ങളുടെ' ചരിത്രത്തിൽ ഉണ്ടോയെന്നുള്ള അന്വേഷണമാണ് പ്രാചീന കലാരൂപങ്ങളെത്തേടിയുള്ള തീർത്ഥയാത്രയുടെ പൊരുൾ. ജനതയുടെ ചരിത്രമുണ്ട്, അതെഴുതപ്പെട്ടിട്ടില്ല. ജനങ്ങൾക്കു ഓര്മയുണ്ട്, കഷ്ടതകളുടെയും മർദ്ദനങ്ങളുടേയും ഓർമ്മകൾ!  ഈ ഓർമ്മകൾ പലപ്പോഴും വീണ്ടും ഉറക്കത്തിലേക്കു എത്തിക്കുന്നു ഇന്ത്യൻ ജനതയെ. എന്നാൽ ഈ ഓർമ്മകൾ ഉണർത്തുപാട്ടുകളായി മാറുമോ? നിരാശയിലായിരിക്കുന്ന ജനത്തിന് പ്രത്യാശയുടെ പുത്തൻ  പ്രതിരൂപങ്ങൾ നൽകുവാൻ പോരുന്നതാണോ ഈ ഓർമ്മകൾ? ഇതാണന്വേഷണം.4   

പ്രതിസംസ്കൃതിയെപ്പറ്റിയുള്ള എം..ജെ.യുടെ ദർശനങ്ങൾ ജനകീയ ഗാനങ്ങളിലും തെരുവ് നാടകങ്ങളിലും മാത്രമല്ല ക്രിസ്തുമസ് ആഘോഷ വേളകളിലും  സമര മുഖങ്ങളിലെ അപ്പം നുറുക്കലിന്റെ ശുശ്രൂഷയിലും എം.ജെ.യിൽ ദർശിക്കാനാവുമായിരിന്നു. ദളിത് കോളനികളിൽ നിന്ന് ക്രിസ്തുമസ് രാത്രികളിൽ "കറുത്ത മുത്തേ, സ്നേഹം നിറഞ്ഞ മുത്തേ, ദുഃഖം കിനിഞ്ഞ മുത്തേ, ഈ ഇരുണ്ട ലോകത്തോരങ്ങളിൽ വെട്ടം വിതയ്‌ക,പുലരി വരട്ടെ, പുത്തൻ ജീവിതമാകട്ടെ," എന്ന് ഉറക്കെ എം.ജെ. പാടുമ്പോൾ കാലിത്തൊഴുത്തിലെ നിസ്സഹായനായ പൈതലും കാൽവരിയിലെ ഗദ്‌ഗതവും ആ മുഖത്ത്  നിഴലിടുന്നത്   കാണാനാവുമായിരിന്നു. ചെങ്ങറ ഭൂസമരമുൾപ്പെടെയുള്ള സമരയിടങ്ങളെ ഗതസമനകളാക്കിയ എം.ജെ. എന്ന സർഗാത്മക കലാപകാരി ജീവിതത്തിന്റെ അവസാനം വരെ തന്റെ നിയോഗത്തോടും ദര്ശനത്തോടും പൂർണമായി വിശ്വസ്തത പുലർത്തിയിരുന്നു. അതുകൊണ്ടുതന്നെയാണ്  ജനമനസ്സുകളിൽ സർഗാത്മക വിശ്വാസ കലാപത്തിന്റെ താളമായി രാഗമായി വരയായി എഴുത്തായി എം.ജെ. ഇന്നും നിലകൊള്ളുന്നത്. 2010 July 12 നാണ്‌ അച്ചൻ വിട പറയുന്നത്. 

ദരിദ്രരുടെ പൊട്ടിപുറപ്പെടൽ സാക്ഷാത്കരിക്കുന്ന മതവും വിശ്വാസവും വേദശാസ്ത്രവും 

മതമെന്നത്, എം.ജെ യെ സംബന്ധിച്ചിടത്തോളം മനുഷ്യ വിമോചനത്തിന്റെ ധാരയാണ്. സ്വാതന്ത്ര്യത്തിന്റെയും  നീതിയുടെയും ഒരു പുതിയ സമൂഹത്തിന്റെ പിറവിയാണതിന്റെ ലക്‌ഷ്യം. മത-വർഗ്ഗ-ലിംഗ വിഭാഗീയതകൾക്കപ്പുറമായ പുതു മാനവികതയുടെ നിർമ്മിതിയെന്ന ലക്ഷ്യത്തിൽ മതവും മാർക്സിസവും തമ്മിൽ സംഘർഷമില്ല. എന്നാൽ  അടഞ്ഞതും മൗലികവാദപരവുമായ പ്രത്യയശാസ്ത്രവും ഘടനയുമാവാനുള്ള സാധ്യത രണ്ടിലുമുണ്ട്. അതേസമയം വിശ്വാസത്തിനും പ്രത്യശാസ്ത്രത്തിനും പരിവർത്തനാത്മകതയുണ്ട്. അത് മത രാഷ്ട്രീയ ഘടനകളെ ഉള്ളിൽനിന്നും പരിവർത്തിച്ചുകൊണ്ടിരിക്കും.  മനുഷ്യവിമോചനത്തിന്റെ ഗാഥ എന്ന നിലയിൽ മതവും വിശ്വാസവും എല്ലായ്പ്പോഴും മതേതരമായിരിക്കും. മതേതരത്വത്തിന്റെ ഉള്ളടക്കം പൊതു മാനവികതയാണ്. 

നീതിക്കുവേണ്ടിയുള്ള അടങ്ങാത്ത അഭിവാഞ്ജയാണ് ക്രൈസ്തവ വിശ്വാസം. അതിന്റെ എല്ലാക്കാലത്തേയും അടയാളമാണ് യേശുവിന്റെ കുരിശ്. കുരിശ് ആധിപത്യങ്ങളുടെയും ചൂഷണക്രമങ്ങളുടെയും അടയാളപ്പെടുത്തലും  അതിനെതിരെയുള്ള  ഇരകളുടെ  പ്രതിരോധത്തിന്റെ  ചിഹ്നവുമാണ്. ഇരയാക്കപ്പെടലും അവരുടെ  ദൈന്യതയും മരണവും  മാത്രമല്ല; ജീവനും പ്രത്യാശയും അത് ഉയർത്തിപ്പിടിക്കുന്നു. അതുകൊണ്ടു കുരിശ് പുതുമനുഷ്യത്വത്തിന്റെ ചിഹ്നമാണ്. മനുഷ്യ ജീവിതത്തിന്റെ പൊരുൾ എന്നത് വിമോചനമാണെന്നു അർത്ഥ ശങ്കയ്ക്കിടയില്ലാത്തവണ്ണം മനുഷ്യനെ ഓർമ്മിപ്പിക്കുന്ന കരുത്തുറ്റ അടയാളമാണ് കുരിശ്. അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരോടുള്ള ദൈവത്തിന്റെ ഐക്യദാർഢ്യത്തിന്റെ അടയാളമാണ് കുരിശ്. ആധിപത്യത്തിന്റെ മതരാഷ്ട്രീയ ഘടനകൾക്കു ക്രിസ്തുവിന്റെ കല്ലറ പൂട്ടി സീലുവയ്ക്കാൻ കഴിഞ്ഞേക്കാം പക്ഷെ അത്തരം കല്ലറകളെ അതിജീവിക്കാനുള്ള ശക്തി യേശുവിന്റെ കുരിശിനുണ്ട്.  വേദപുസ്തക ചരിത്രത്തിൽ സഭയുടെ ഉത്ഭവം തന്നെ ആ ശക്തിയുടെ പ്രതിഫലനമാണ്. പക്ഷെ പിൽക്കാലത്തു ആ സഭയും അധികാര രാഷ്ട്രീയ കേന്ദ്രങ്ങളും ഇരകളുടെ കാല്ലറകൾക്കു കാവലിരിക്കുന്നുവെന്നത് വിരോധാഭാസമാണെന്നു എം.ജെ. ജോസഫച്ചൻ പറയുന്നു. "ക്രിസ്തുവിന്റെ ആറാം തിരുമുറിവു" എന്ന നാടകത്തിനെതിരായി 1987  ൽ കേരളത്തിലുണ്ടായ ക്രൈസ്തവസഭ പ്രതികരണങ്ങളെ മുൻ നിർത്തിയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.5 

 എം.ജെ ജോസഫച്ചനെ സംബന്ധിച്ചിടത്തോളം ക്രൈസ്തവ വേദശാസ്ത്രത്തിന്റെ യഥാർത്ഥ സൃഷ്ടാക്കൾ ദരിദ്ര ജനങ്ങളാണ്. ദരിദ്രരുടെ  കണ്ണിലൂടെ വേദപുസ്തകത്തെയും ചരിത്രത്തെയും വായിക്കുന്നതാണ് വേദശാസ്ത്രം. വിമോചനത്തെക്കുറിച്ചുള്ള ബോധ്യമാണ് അതിന്റെ കാതൽ. ദരിദ്രരുടെ  പൊട്ടിപ്പുറപ്പെടൽ  യാഥാർഥ്യമാക്കുന്ന  ചരിത്ര  സ്‌മൃതികൾക്കു ചാരുത പകരുകയെന്നതാണ് വേദശാസ്ത്രത്തിന്റെ കടമ. ദരിദ്രരുടെ മുന്നേറ്റങ്ങൾക്ക്  ചെവി  കൊടുക്കുകയും  അത് സഭയുടെയും  പൊതുസമൂഹത്തിന്റെയും  പൊതുധാരയാക്കി  തീർക്കുകയും  ചെയ്യുകയെന്നതാണ്  വേദശാസ്ത്രം  കൊണ്ടു ഉദ്ദേശിക്കുന്നത്.6 ഇവിടെയാണ്  പരമ്പരാഗത  ദൈവശാസ്ത്രം  അച്ചന്റെ ശക്തമായ  വിമർശനത്തിന്  വിധേയമാകുന്നത്. 1980 ൽ കേരളത്തിൽ അലയടിച്ച  വിമോചന ദൈവശാസ്ത്രത്തിന്റെ  മൂശയിൽ  നിന്നുതന്നെയാണ്  എം.ജെ. യും തന്റെ ദൈവശാസ്ത്ര ചിന്തയും  രൂപപ്പെടുത്തുന്നതെങ്കിലും  അതിനെ  ഒരു ഫാഷനാക്കി  മാറ്റുന്നതിനെ  അദ്ദേഹം വിമർശിക്കുന്നുണ്ട്. അടിസ്ഥാന ജനസമൂഹങ്ങളുടെ  പ്രതിരോധ സമരങ്ങളെ  തള്ളിക്കളയുകയും  അതിൽ  പങ്കെടുക്കുന്ന  സഭാ പ്രവർത്തകരെ  ശിക്ഷണ നടപടിക്കു വിധേയമാക്കുകയും  ചെയ്യുന്ന  സഭക്ക്  ദൈവശാസ്ത്രത്തിന്റെ  വിമോചനാത്മകതയെകുറിച്ചു  വീമ്പിളക്കുവാൻ  അവകാശമില്ല എന്ന് എം.ജെ. വ്യക്തമാക്കുന്നു.  കത്തോലിക്കാ  സഭയാകട്ടെ  വത്തിക്കാനിൽ  നിന്നുള്ള പോപ്പിന്റെ പുരോഗമന ആശയങ്ങൾ മറയായി  പിടിച്ചുകൊണ്ടു ജനവിരുദ്ധ സമീപനങ്ങൾ കൈക്കൊള്ളുന്നു. നവീകരണ പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മറ്റു സഭകളിലും ഇത്  തന്നെയാണ് നടക്കുന്നത്. കടുത്ത സഭാ വിമർശങ്ങൾ ഉയർത്തുമ്പോൾ തന്നെ ദരിദ്രരുടെ പൊട്ടിപുറപ്പെടലിനു ചെവി കൊടുക്കുന്ന ക്രിസ്തു സഭയുടെ വരവിനായി അദ്ദേഹം കാത്തിരുന്നു. 

ഉപസംഹാരം 

ഫാദർ സെബാസ്റ്യൻ കാപ്പനും ശാമുവേൽ രായനും എം.എം. തോമസുമെല്ലാം പറഞ്ഞുവച്ച വിമോചന വിശ്വാസ ധാര എം.ജെ. ജോസഫച്ചനിലും പോൾ ചിറക്കരോടിലും ഒക്കെ എത്തുമ്പോൾ കുറച്ചുകൂടെ ജനകീയവും സൂക്ഷ്മവും വൈവിധ്യപൂര്ണവുമാകുന്നു. ദൈവശാസ്ത്രം ചൂഷിതരുടെ ദൈനംദിന വ്യവഹാരമായും പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും കലയും സംഗീതവുമായും  രൂപാന്തരപ്പെടുകയും ചെയ്യുന്നു. മലയാളക്കരയിലെ ക്രൈസ്തവ മത-വിശ്വാസ സംവാദങ്ങളെ ജനകീയ പ്രതിരോധ സംഘങ്ങളുമായി കോർത്തുവച്ച ദൈവശാസ്ത്ര പണ്ഡിതൻ എന്ന നിലയിലും  ക്രിസ്തുവിൽ സമഗ്രമായ ജീവൻ എല്ലാവർക്കുമായി അന്വേഷിച്ച വിശ്വാസ പ്രതിരോധ പ്രവർത്തകൻ എന്ന നിലയിലും എം.ജെ.ജോസഫച്ചൻ  എന്നും നമുക്കൊരു വഴിവിളക്കാണ്. യഥാർത്ഥ രാഷ്ട്രീയം എന്നത് ജനതതിയുടെ വിമോചനമാണെന്നും ദൈവശാസ്ത്രം ദുർബലരുടെ കണ്ണുനീരാണെന്നും ഉറക്കെ പറഞ്ഞുകൊണ്ട് എം.ജെ. എന്ന ആ സൗമ്യനായ കലാപകാരി ഇന്നും നമ്മോടൊപ്പം സഞ്ചരിക്കുന്നു.

പൂർവസൂരികൾക്കു പ്രണാമം.   


കുറിപ്പുകൾ: 

1 പ്രൊഫ. ടി.എം. യേശുദാസൻ, 'സമൃദ്ധിയായ ജീവൻ എല്ലാവർക്കും,'  തേനും വയമ്പും, തിരുവല്ല: തിരുവല്ല എക്യൂമെനിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്, 2011, പേജ് 16 

2 പ്രസ്തുത ഗ്രൻഥം, പേജ് 17 

3 പാടാമൊന്നായ്, സി.എസ്.എസ് & തിരുവല്ല സംഘം, തിരുവല്ല, 2000

4  റവ. എം.ജെ.ജോസഫ്, വെയിലത്ത് നിർത്തപ്പെട്ടവർ, തിരുവല്ല: ഡൈനാമിക് പബ്ലിഷിംഗ് ഹാന്സ്, 2018, p 139 

5 പ്രസ്തുത ഗ്രൻഥം, p 187

6 റവ. എം.ജെ. ജോസഫ്, ചൂട്ടുകൾ കത്തിച്ചെടുക്കുക, ജനജാകൃതി പ്രസാധക സംഘം, ആലപ്പുഴ, 2011, പേജ് 52 

 


Thursday, June 24, 2021

അടിയന്തരാവസ്ഥയും ഡോ. എം.എം. തോമസിന്റെ ദൈവശാസ്ത്ര പ്രതികരണവും 



ഇന്ത്യയിലെ അടിയന്തരാവസ്ഥയുടെ നാല്പത്തിആറാമതു വാർഷിക ദിനത്തിൽ പ്രമുഖ ദൈവശാസ്ത്രജ്ഞനായിരുന്ന ഡോ. എം.എം. തോമസിന്റെ പ്രതികരണം വീണ്ടും ചിന്തയിലേക്ക് കടന്നുവരുന്നു. ഒരുപക്ഷെ, രാഷ്ര നിർമാണ പ്രക്രിയയിൽ  ഇന്ത്യയിലെ ക്രൈസ്തവ സമൂഹങ്ങളുടെ പങ്കാളിത്തം അന്വേഷിക്കുന്നവർക്കും മതേതര സമൂഹത്തിലെ ക്രിസ്തീയ സാക്ഷ്യം അന്വേഷിക്കുന്നവർക്കും  ഇത് ദീപ്തമായൊരു പാഠം  തന്നെയാണ്. അടിയന്തരാവസ്ഥയോട് പല ക്രൈസ്തവ നേതാക്കളും പ്രതികരിച്ചിട്ടുണ്ടല്ലോ? ഡോ. തോമസിന്റെ പ്രതികരണത്തിന് മാത്രമെന്താണ് സവിശേഷത? ഈ ചോദ്യം വളരെ പ്രസക്തമാണ്. ഒരുപക്ഷെ, വ്യക്തമായൊരു പ്രത്യയശാസ്ത്ര അടിസ്ഥാനത്തിലും   ദൈവശാസ്ത്ര അടിസ്ഥാനത്തിലും പ്രതികരണം രൂപപ്പെടുത്തിയെന്നിടത്താണ് ഡോ. തോമസ് വ്യത്യസ്തനാകുന്നത്. അതിൽ മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നുണ്ട്, പ്രത്യയശാസ്ത്രവും സെക്യൂലറിസവും  അടഞ്ഞതും സങ്കുചിതമാകുന്നതിന്റെ പ്രശ്‍നം വ്യക്തമാക്കുന്നുണ്ട്, മാത്രമല്ല, ഒരു ബദൽ ജനാധിപത്യ സംസ്‌കൃതിയുടെ ദൈവശാസ്ത്രമെന്തെന്നും അത് വിശദീകരിക്കുന്നുണ്ട്. 

1975 ജൂൺ 25 അർദ്ധരാത്രി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 19 മാസങ്ങൾ നീണ്ടു നിന്നു. രാഷ്ട്രീയ പ്രതിയോഗികൾ തുറങ്കിലടക്കപെടുകയും തൊഴിൽ സമരങ്ങൾ നിരോധിക്കപെടുകയും പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്ത്യക്ക് ചേരിനിവാസികൾ കളങ്കമാണെന്ന് പറഞ്ഞു കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തപ്പോൾ ഇന്ത്യൻ ജനാധിപത്യം തന്നെ കശാപ്പു ചെയ്യപ്പെടുകയായിരുന്നുവെന്ന്  വിമർശനമുണ്ടായി. 1977 ൽ  അധികാരത്തിൽ വന്ന ജനതാ ഗവർമെന്റ് നിയോഗിച്ച അന്വേഷണ കമ്മീഷനിലെ ജസ്റ്റിസ് ഷാ പറയുന്നത് ഇപ്രകാരമാണ്: "ആർക്കും തന്നെ സുരക്ഷിതത്വം അവകാശപെടാനാവുമായിരുന്നില്ല. അക്കാലത്തു് ഏതൊരു വ്യക്തിയെയും വിചാരണ കൂടാതെ അറസ്റ്റുചെയ്യുന്നതിനും ഏതൊരു വീട്ടിലും കടന്നു കയറി പരിശോധിക്കുന്നതിനും പൊലീസിന് അധികാരം നൽകിയിരുന്നു. ഒരു പരിഷ്‌കൃത സമൂഹത്തിലാണ് ഇത് നടന്നതെന്നോർക്കുക" (M M Thomas, Response to Tyranny,Thiruvalla,  CSS, 2000, p 7 ). ഒരു നായ്കുട്ടിപോലും കുരക്കാത്ത കാലം എന്നായിരുന്നു അക്കാലത്തെ ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. അതൊരുപക്ഷേ ശരിയായിരിക്കാം, കാരണം, അക്കാലത്തെ രാഷ്ട്രീയ നിശബ്ദത ഇന്ദിരാഗാന്ധിയെപ്പോലും വിസ്മയിപ്പിച്ചുവെന്നു ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത രാഷ്ട്രീയ നിശബ്തത തകർക്കപ്പെട്ടത് ചുരുക്കം ചില ജനാധിപത്യ വാദികളുടെ ശബ്‌ദമുയർത്തലിലൂടെയാണ്. ഏറെക്കുറെ എല്ലാ ക്രൈസ്തവ സഭകളും പ്രസ്ഥാനങ്ങളും അടിയന്തരാവസ്ഥയെ  അനുകൂലിച്ചിരിന്നുവെന്നുള്ളതും ശ്രദ്ധിക്കേണ്ട സംഗതിയാണ്. ഇവിടെയാണ് ഡോ. തോമസിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. അത് പക്ഷെങ്കിൽ ഇന്ത്യയിൽ ഒരു പുതിയ രാഷ്ട്രീയ ദൈവശാസ്ത്രത്തിന്റെ ആവിര്ഭാവത്തിനാണ് കളമൊരുക്കിയതെന്നു കാണാം. 

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ഇന്ദിരാഗാന്ധിക്ക് വ്യക്തമായ കാരണങ്ങൾ ഉണ്ടായിരുന്നു. ജയപ്രകാശ് നാരായണന്റെ  നേതൃത്വത്തിൽ നടന്ന ഭരണകൂട വിരുദ്ധ സമരങ്ങൾ അടിച്ചമർത്തുക മാത്രമായിരുന്നില്ല ലക്‌ഷ്യം. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കു അടിയന്തരാവസ്ഥയുടെ ശിക്ഷണം അനിവാര്യമാണെന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ നിലപാട്. തൊഴിൽ സമരങ്ങൾ നിരോധിക്കപ്പെട്ടതും തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതും അതിന്റെ ഭാഗമായിട്ടായിരുന്നു. നിയോലിബറൽ സാമ്പത്തിക പ്രക്രിയയെയും ഏകമുഖാത്മകമായ വികസന പ്രത്യയശാസ്ത്രത്തെയും അനുകൂലിക്കുന്നവർക്ക് ഒരുപക്ഷെ അടിയന്തരാവസ്ഥയുടെ രാഷ്ട്രീയ- സാമ്പത്തിക- വികസന പാക്കേജ് ഗുണകരമാണെന്ന് തോന്നിയേക്കാം. എന്നാൽ, എം.എം. തോമസ് അതിനെ ശക്തമായി എതിർക്കുകയാണ് ചെയ്തത്. അടിയന്തരാവസ്ഥ ജനാധിപത്യത്തിന്റെ മരണമാണ് അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വികസനം ഏകപക്ഷീയമായ അജണ്ടയായി കാണാനാവില്ലയെന്നും രാജ്യത്തിൻറെ പുരോഗതിയെ പിറകോട്ടുവലിക്കുന്ന മറ്റ് അടിസ്ഥാന പ്രശ്നങ്ങളായ ജാതിയും പുരുഷാധിപത്യവും വിഭവ കേന്ദ്രീകരണവും ചൂഷണവുമെല്ലാം തിരുത്തപ്പെടുന്ന ഒരു ബദൽ സാമൂഹ്യ, ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി മാത്രമേ അതിനെ കാണാൻ കഴിയുള്ളുവെന്നും അദ്ദേഹം വാദിച്ചു. 

അടിസ്ഥാന സമൂഹങ്ങളുടെ പ്രതിരോധ സമരങ്ങളെ അടിച്ചമർത്തികൊണ്ട് എങ്ങനെയാണ് രാഷ്ട്രപുരോഗതി യാഥാർഥ്യമാക്കാനാവുകയെന്ന് ഡോ. തോമസ് ചോദിച്ചു. പുരോഗതിക്കടിസ്ഥാനം മനുഷ്യവകാശങ്ങളുടെ നിയന്ത്രണമോ നിരാസമോ അല്ലെന്നും മറിച്ചു സാമൂഹ്യ സമത്വ ദര്ശനങ്ങളിൽ അടിസ്ഥാനപ്പെട്ട ബദൽ ജനാധിപത്യ പ്രക്രിയയാണ് ഒരു രാഷ്ട്രത്തിന്റെ ഭാവി നിര്ണയിക്കുകയെന്നുള്ള ഡോ. തോമസിന്റെ നിലപാട് ഏകാധിപത്യ വാദികൾക്കുള്ള എല്ലാക്കാലത്തേക്കുമുള്ള മറുപടിയായിരുന്നു. അടിയന്തരാവസ്ഥ ഉന്നം വയ്ക്കുന്ന വികസനം, നിയോലിബറൽ സാമ്പത്തിക അജണ്ടകൾക്ക് വഴിവയ്ക്കുമെന്നുള്ള ഡോ. തോമസിന്റെ നിലപാട് ശരിവക്കുന്നതായിരിന്നു പിൽക്കാലത്തുണ്ടായ ഇന്ത്യയിലെ സാമ്പത്തിക ആഗോളവത്കരണ നയം. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ നവമുതലാളിത്ത പ്രക്രിയക്ക് വഴങ്ങും എന്ന് ലോകത്തിന് വെളിപ്പെടുത്തിക്കൊടുത്തത് അടിയന്തരാവസ്ഥയായിരിന്നു. സാമൂഹ്യ അന്യവത്കരണവും ദരിദ്രവത്കരണവും അതിരൂക്ഷമാകുന്ന മഹാമാരിയുടെ വർത്തമാന കാലത്തു അടിയന്തരാവസ്ഥ നിരന്തരം  പുനർജനിക്കുന്ന ഒരു ദുസ്വപ്നമായി മാറുകയാണ്.

രാഷ്ട്രീയ ഏകാധിപത്യ പ്രവണതകൾ ദൈനംദിന അനുഭവമായിമാറുന്ന വർത്തമാനകാലത്തു അടിയന്തരാവസ്ഥയോടു വിമർശനാത്മകമായി പ്രതികരിച്ച പാഠങ്ങൾ വിമോചനത്തിന്റെ ഉണർത്തുപാട്ടുകളാണ്. ഇന്ത്യയുടെ കാർഷിക വിഭവങ്ങൾ ബഹുരാഷ്ട്ര കുത്തകകൾക്ക് തീറെഴുതി കൊടുക്കുന്നതിനെതിരെ കർഷകർ നടത്തുന്ന  സമരങ്ങൾ പരാജയപ്പെടുകയാണെങ്കിൽ, സമുദ്രങ്ങളും തീരദേശവും പരിരക്ഷിക്കുന്നതിനായി ലക്ഷദീപ്  നിവാസികൾ ഉയർത്തുന്ന പ്രതിരോധം അടിച്ചമർത്തപ്പെടുകയാണെങ്കിൽ, വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന്റെ ഇരകളായ മതന്യൂന പക്ഷങ്ങളും ലിംഗ ന്യൂനപക്ഷങ്ങളും ദളിതരും സ്ത്രീകളും  കൂടുതൽ പ്രതിസന്ധിയിലേക്ക് പോവുകയാണെങ്കിൽ മഹാമാരിയുടെ കാലത്തു പൊതുജനാരോഗ്യം ആയുധ കച്ചവടത്തിന് വഴി മാറുകയാണെങ്കിൽ നാം കൃത്യമായി അടിയന്തരാവസ്ഥകൾ രൂപപ്പെടുത്തിയ ജനതയാണെന്ന് സമ്മതിക്കേണ്ടി വരും. അടിയന്തരാവസ്ഥ കേവലമൊരു ഭൂതകാല സ്മൃതിയല്ലെന്നും അത് ഇന്നും നമ്മെ രൂപപെടുത്തികൊണ്ടിരിക്കുന്നുവെന്നും ഒരു ഞെട്ടലോടെ നാം തിരിച്ചറിയണം. ഇവിടെയാണ് ഡോ. തോമസിന്റെ വിമർശനങ്ങൾ നമ്മുക്ക് മൃതസഞ്ജീവനിയായി മാറുന്നത്. 

അടിയന്തരാവസ്ഥയുടെ വ്യവഹാരത്തിന് മറുപടിയായി ഡോ. തോമസ് കണ്ടെത്തുന്ന ബദൽ വഴി സെക്കുലർ ജനാധിപത്യത്തിന്റെ പരിപോഷണമാണ്. ഇന്ത്യൻ ദേശീയതയെ ചരിത്രപരമായും പ്രത്യയശാസ്ത്രപരമായും പുനർ നിർവചിച്ചുകൊണ്ടാണ് തോമസ് അത് നിർവഹിച്ചത്. ഗാന്ധിസവും നെഹ്രുവിയൻ സോഷ്യലിസവുമൊക്കെ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടായിരുന്നെങ്കിലും എം.എം. തോമസിന്റെ  സെക്കുലർ ജനാധിപത്യ പരികല്പന ചേർന്ന്  നില്കുന്നത് അംബേദ്കറിസത്തോടാണ്. സമഗ്രാധിപത്യമായിതീരാനുള്ള ഇന്ത്യൻ ജനാധിപത്യത്തിന്റെ സ്വാഭാവിക സാധ്യത തിരിച്ചറിഞ്ഞുകൊണ്ട് നിരന്തരം പ്രതിപക്ഷമാകുന്ന ബദൽ ജനാധിപത്യ പ്രക്രിയയ്ക്കാണ് ഡോ. തോമസ് ഊന്നൽ നൽകുന്നത്. പിൽക്കാലത്തു ദളിത്-ആദിവാസി, സ്ത്രീ-പരിസ്ഥിതി, പരമ്പരാഗത തൊഴിൽ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മകളിലേക്ക് ഡോ. തോമസിനെ നിലയുറപ്പിക്കുന്നതും പ്രസ്തുത ബദൽ ജനാധിപത്യ ബോധമാണ്. 

ഡോ. തോമസിനെ സംബന്ധിടത്തോളം നിരന്തരം പ്രതിപക്ഷമാകുന്ന ബദൽ രാഷ്ട്രീയ ബോധം തികച്ചും ക്രിസ്തീയമാണ്. പ്രസ്തുത ബദൽ ആത്മീയത അദ്ദേഹം അടയാളപ്പെടുത്തുന്നത് ക്രൂശിതനായ ക്രിസ്തുവിലാണ്. ക്രൂശിതനായ ക്രിസ്തു, ഡോ. തോമസിനെ സംബന്ധിച്ചിടത്തോളം, ആധിപത്യ വിരുദ്ധമായൊരു രാഷ്ട്രീയത്തിന്റെ അടയാളവും മർദ്ദിതരുടെ ഉദ്ധാനത്തിന്റെ കാഹളവുമാണ്. കുരിശിന്റെ സംഗീതം മരണത്തിന്റേതല്ല; അനുരഞ്ജനത്തിന്റെയും വീണ്ടെടുപ്പിന്റെയും നിത്യ ജീവന്റെയും അനുരണങ്ങളാണ്. പുതിയ മാനവികതയാണത് ആവശ്യപ്പെടുന്നത്. പാർശ്വവത്കരിക്കപ്പെടുന്നവരെ തിരികെ ചേർക്കുകയും നിരാലംബർ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ബദൽ കൂട്ടായ്മയുടെ അടയാളമാണ് സഭ. മനുഷ്യാവകാശങ്ങൾ നിഷേധിക്കപെടുന്നിടത്തു നിശബ്‌ദമാവുകയും ന്യൂനപക്ഷ അവകാശങ്ങൾക്കായി നിരന്തരം മുറവിളി കൂട്ടുകയും ചെയ്യുന്ന ക്രൈസ്തവ സഭ ക്രിസ്തു ദര്ശനങ്ങൾക്കു വിരുദ്ധമാണെന്ന് ഡോ. തോമസ് ഓർമപ്പെടുത്തുന്നു. അതുകൊണ്ട് ക്രൈസ്തവ സഭകൾ തുറന്ന മതനിരപേക്ഷ സമൂഹത്തിനായി (open secularism) പരിശ്രമിക്കണമെന്നും ക്രിസ്തുവിൽ ഒരു നവമാനവികത ലക്‌ഷ്യം വച്ചുകൊണ്ട് ജീവൽ വിഭവങ്ങളുടെ സംരക്ഷണത്തിനും പങ്കാളിത്തത്തിനുമായി അടിസ്ഥാന സമൂഹങ്ങൾ നടത്തുന്ന പ്രതിരോധങ്ങൾക്കായി നിലനിൽക്കണമെന്നും  അദ്ദേഹം പറയുന്നു. ഇത് തന്നെയാണ് ക്രൈസ്തവ സഭ വർത്തമാന കാലത്ത് നിർവഹിക്കേണ്ട സാമൂഹ്യ ധർമം എന്നും ഡോ. തോമസ് വ്യക്തമാക്കുന്നു. 

അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കാലനിബദ്ധമായ ഒരേടല്ല; മറിച്ചു അത്  നിരന്തരം പുനർജനിക്കുന്ന സമഗ്രാധിപത്യത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും ദുഷിച്ച കാമനയാണ്. അത് നമ്മിൽ രൂഡമൂലമാകാൻ അനുവദിക്കാൻ പാടില്ല. അതിനെ ഉള്ളിൽ നിന്നും പ്രതിരോധിക്കുവാൻ സർഗാത്മകതയുടെ അവസാനത്തെ ആയുധവും എടുക്കേണ്ടകാലമായിരിക്കുന്നു. ചെറുത്തുനില്പിന്റെ പ്രസ്തുത ഭാവുകത്വത്തിനു ഡോ. തോമസ് മുന്നോട്ടു വയ്ക്കുന്ന ദൈവശാസ്ത്ര   ബദൽ ക്രൂശിതനായ ക്രിസ്തുവിൽ കേന്ദ്രീകൃതമായ ബദൽ ആത്മീയതയാണ്, പ്രത്യശാസ്ത്രമാണ്, രാഷ്ട്രീയമാണ്. ഒരുപക്ഷെ അടിയന്തരാവസ്ഥയുടെ ഈ  46 മത് വാർഷികദിനത്തിൽ ക്രൈസ്തവർ തിരിച്ചറിയേണ്ടതും അതുതന്നെയാണ്. 

24. 06. 2021 

 

Sunday, June 20, 2021

 


വസന്തത്തിന് കാതോർത്ത് 10

വർഗ്ഗരഹിത സമൂഹം സ്വപ്നം കണ്ട്: ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത 



വിദ്യാഭ്യാസ കാലഘട്ടത്തിൽ ഒസ്താത്തിയോസ് തിരുമേനിയുടെ പ്രഭാഷണങ്ങൾ എന്നെ ആകര്ഷിച്ചിരുന്നത്  അതിലെ സാമൂഹ്യ നൈതികയുടെ ഉള്ളടക്കമാണ്. ക്രിസ്തീയത കേവലമൊരു പാരമ്പര്യ സ്വത്വ ബോധമല്ലെന്നും, പ്രത്യുത, അത് കരുതലിന്റെ പ്രത്യശാസ്ത്രമാണെന്നും സ്ഥിതിസമത്ത്വത്തിനായുള്ള പ്രയോഗമാണെന്നുമുള്ള അദ്ദേഹത്തിന്റെ ചിന്ത ക്രിസ്തീയ വിശ്വാസത്തിന്റെ പ്രയോജനക്ഷമത അടിവരയിടുന്നതായിരിന്നു. സത്യവിശ്വാസത്തിന്റെ ആവിഷ്കാരത്തിനപ്പുറം (Orthodoxy) സത്യപ്രയോഗത്തിലേക്കുള്ള (Orthopraxis) അദ്ദേഹത്തിന്റെ രീതിശാസ്ത്രപരമായ ചുവടുമാറ്റം തന്നെയാണ് മാർ ഒസ്താത്തിയോസിനെ കേരളത്തിലെ ക്രൈസ്തവ ചിന്തകരിൽ വേറിട്ടുനിർത്തുന്നതെന്ന എം.എം. തോമസിന്റെ നിരീക്ഷണം ഏറെ അന്വർത്ഥമാണ്. പാശ്ചാത്യ- പൗരസ്ത്യ ചിന്താപദ്ധതികളിൽ അവഗാഹം നേടിയ എക്യൂമെനിക്കൽ ദൈവശാസ്ത്രജ്ഞൻ എന്ന നിലയിൽ വിരാചിക്കുമ്പോഴും മാർ ഒസ്താത്തിയോസ് എന്നെ സ്വാധീനിക്കുന്നത് ക്രൈസ്തവ വിശ്വാസം ഒരു നീതിപ്രയോഗമാണെന്നുള്ള അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകളാണ്. ദരിദ്ര ലോകത്തിൽ സമ്പന്നനായിരിക്കുന്നതാണ് പാപമെന്നും  അങ്ങനെയെങ്കിൽ നിയോലിബറലിസത്തിന്റെ ഈ കാലത്ത് സമ്പന്ന സഭ പാപിയായിരിക്കുന്നെന്നും ഉറക്കെ പറയാനുള്ള അദ്ദേഹത്തിന്റെ ധൈര്യം എന്നെ വല്ലാതെ ആകര്ഷിച്ചുവെന്നുള്ളതാണ് വാസ്തവം. അത് കേവലമൊരു മതവിമര്ശനത്തിനപ്പുറം വരാനിരിക്കുന്ന നവലോകക്രമത്തിന്റെ പ്രത്യക്ഷതയുടെ രേഖപ്പെടുത്തലായിട്ടാണ്  ഞാൻ    കണ്ടത് . 

മാവേലിക്കരയിൽ മുണ്ടുവേലിൽ കുടുംബത്തിൽ 1918  ഡിസംബർ 9 നാണ്‌ എം. വി.ജോർജ്‌ ജനിക്കുന്നത്. സ്വദേശത്തെ സ്കൂൾ-കോളേജ് വിദ്യാഭ്യാസത്തിനുശേഷം  ജബൽപൂർ ലിയോണാർഡ് തിയോളജിക്കൽ  കോളേജിൽ നിന്ന് ബാച്‌ലർ ഓഫ് ഡിവിനിറ്റിയും അമേരിക്കയിലെ ഡ്രൂ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദവും യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ഗവേഷണ ബിരുദവും നേടിയ അദ്ദേഹം 1975 ൽ ഗീവര്ഗീസ് മാർ ഒസ്താത്തിയോസ് എന്ന പേരിൽ മലങ്കര ഓർത്തഡോൿസ് സഭയിൽ മെത്രാപ്പോലീത്തയായി. ദീർഘകാലം കോട്ടയം ഓർത്തഡോൿസ് സെമിനാരിയിൽ അധ്യാപകനായിരുന്ന മാർ ഒസ്താത്തിയോസ് നിരവധി ആതുര സ്ഥാപനങ്ങളുടെ സ്ഥാപകനും തികഞ്ഞ മനുഷ്യസ്നേഹിയുമായിരിന്നു. അഖില ലോക സഭാകൗണ്സിലിന്റെ ഫെയ്ത് & ഓർഡർ കമ്മീഷൻ അംഗമായിരുന്നു. എക്യൂമെനിക്കൽ ദൈവശാസ്ത്രത്തിൽ അദ്ദേഹം ചെയ്ത സംഭാവനകളെ അനുസ്മരിച്ച് സെറാമ്പൂർ യൂണിവേഴ്സിറ്റി 1993 ൽ ഡോക്ടറേറ്റ് നൽകി ആദരിച്ചു. Sharing God and a Sharing World, One Religion of Love, The Sin of Being Rich in a Poor World , അത്രൈത ദൈവശാസ്ത്രവും സ്നേഹത്തിന്റെ ഏകമതവും, സുവിശേഷ ദൗത്യവും സ്ഥിതി സമത്വവും, മാഫിയ, സോഫിയ, ഗ്ലോറിയ തുടങ്ങിയ അമ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും Theology of a Classless Society എന്ന ഗ്രന്ഥമാണ് അന്താരാഷ്ട്ര ശ്രദ്‌ധ പിടിച്ചുപറ്റിയത്. വർഗ രഹിത സമൂഹത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ പൊതുസമൂഹം തികഞ്ഞ വിസ്മയത്തോടെയാണ് കേട്ടത്. 2012 ഫെബ്രുവരി 16 നു മാർ ഒസ്താത്തിയോസ് കാലം ചെയ്തു. കേവലമൊരു മത പണ്ഡിതൻ എന്നതിനപ്പുറം ദാരിദ്രവും നിരക്ഷരതയും മതവൈരാഗ്യവും നിറഞ്ഞ പൊതു സമൂഹത്തെ ഒരു നീതി സമൂഹമായി വിഭാവന ചെയ്യുവാനുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളാണ് മാർ ഒസ്താത്തിയോസിനെ ഇന്നും ഗൗരവമായിക്കാണാൻ നമ്മെ പ്രേരിപ്പിക്കുന്നത്.

വർഗ രഹിത സമൂഹത്തിന്റെ ദൈവശാസ്ത്രം 

മാർ ഒസ്താത്തിയോസിനെ സംബധിച്ചിടത്തോളം ക്രൈസ്തവ വിശ്വാസത്തിന്റെ ഉൾക്കാമ്പ് ദൈവരാജ്യ ദർശനമാണ്. നീതിയും സമത്വവും സഹോദര്യവുമാണത്തിന്റെ അടയാളങ്ങൾ. അത് സാക്ഷാത്കരിക്കാനുള്ള നിയോഗമാണ് സഭക്കുള്ളത്. വേദപുസ്തകതിൽ സഭയുടെ പ്രാഗ് രൂപമായി കാണുന്ന യേശുപ്രസ്ഥാനം പൊതുസ്വത്തുടമസ്ഥതയുടെയും പങ്കിടലിന്റെയും സമൂഹമായിരുന്നു. അതുകൊണ്ടാണ് യേശു ദൈവരാജ്യത്തിന്റെ അടയാളവും മർമ്മവും ആകുന്നത്. യേശുവിന്റെ ക്രൂശ്, സ്വയത്യാഗത്തിലൂടെ രക്ഷയുടെ പരികര്മികളായിത്തീരുന്നവരുടെ ദൈവീകരണത്തിന്റെ സാക്ഷാത്കാരവും ഉയിർപ്പ് ആത്യന്തികമായ പ്രതീക്ഷയുടെ വെളിപ്പെടുത്തലുമാണ്. അതുകൊണ്ട്, ക്രിസ്തുവിലൂടെ വെളിപ്പെടുന്ന വിശ്വാസത്തിന്റെ മർമം എന്നത് കാലസമ്പൂര്ണതയിൽ,  ചരിത്രഗതിയിൽ രൂപീകൃതമാകുന്ന നീതിസമൂഹത്തെകുറിച്ചുള്ള നിത്യമായ പ്രതീക്ഷയും സാക്ഷാത്കാരവുമാണ്. വിഭവചൂഷണവും ദരിദ്രവത്കരണവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമകാലിക ലോകത്തിൽ പങ്കിടലിന്റെയും കരുതലിന്റെയും സൂമഹ്യക്രമം സൃഷ്ടിക്കുന്നതിനാണ് സഭ നിയോഗിക്കപ്പെട്ടിരിക്കുന്നതെന്ന മർമം വിസ്മരിക്കപ്പെട്ടാൽ സഭയും ന്യായവിധിക്ക് വിധേയമാകേണ്ടി വരുമെന്ന് മാർ ഒസ്താത്തിയോസ് മുന്നറിയിപ്പ് നൽകുന്നു.  



ദൈവരാജ്യമെന്ന നീതിസമൂഹത്തിന്റെ സൃഷ്ടി പക്ഷെ  മനുഷ്യകേന്ദ്രീകൃതമാകാൻ പാടില്ല. അത്, ദൈവകേന്ദ്രീകൃതമായിരിക്കണം. കാരണം വ്യത്യസ്ത കാരണങ്ങളാൽ ഭിന്നിച്ചിരിക്കുന്ന മാനവരാശിയെ ഏകീകരിക്കാവുന്ന ഏക കേന്ദ്രം ദൈവമാണ്. ഇവിടെയാണ് മാനവികതയും ദൈവീകതയും സമന്വയിപ്പിക്കുന്ന മാർ ഒസ്താത്തിയോസിന്റെ ചിന്താപദ്ധതി വെളിപ്പെടുന്നത്. തീസിസും ആന്റിതീസിസും തമ്മിലുള്ള വൈരുധ്യാത്മകതയാണ് മാർക്സ് കണ്ടതെങ്കിൽ മാർ ഒസ്താത്തിയോസ് കാണുന്നത് അതിനെ ഒന്നിപ്പിക്കുന്ന ആശയലോകമാണ്. അത് ദൈവമാണ്. ഹെഗലിനെ ഫോയർബാക്കിലൂടെയാണ് മാർക്സ് വായിക്കുന്നതെങ്കിൽ ക്ലാസിക്കൽ ആശയവാദത്തിലൂടെയാണ് മാർ ഒസ്താത്തിയോസ് ഹെഗലിനെ വായിക്കുന്നത്. ഈ സമന്വയത്തിന്റെ    കേന്ദ്രമായ  ബിന്ദു സ്നേഹത്തിന്റെ ഉണ്മയായ ഏകദൈവമാണ്. വർഗ്ഗ രഹിത സമൂഹം സ്നേഹത്തിന്റെ ദൈവസമൂഹമാണ്. പരസ്പര സ്നേഹവും കരുതലും വിഭവപങ്കിടലുമാണത്തിന്റെ ഉണ്മ. മാർക്സ് പ്രത്യശാസ്ത്രപരമായാണ് ഇതിനെ കണ്ടെതെങ്കിൽ മാർ ഒസ്താത്തിയോസ് ദൈവിക മർമ്മമായി അതിനെ കാണുന്നു. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ നിശ്ചലതയെക്കാളും ദൈവീക വെളിപാടിന്റെ നിത്യതയാണ് മാർ ഒസ്താത്തിയോസ് ഉയർത്തിപ്പിടിക്കുന്നത്. 

വർഗ്ഗം എന്ന സംവർഗ്ഗം മാർക്സിൽനിന്നും വിഭിന്നമായിട്ടാണ് മാർ ഒസ്താത്തിയോസ് ഉപയോഗിക്കുന്നത്.  വിഭവ കേന്ദ്രീകരണത്തിന്റെ സാമൂഹ്യ / സാമ്പത്തിക ഘടന എന്ന നിലയിലാണ് മാർക്സ് അതിനെ സമീപിക്കുന്നതെങ്കിൽ മാർ ഒസ്താത്തിയോസിനെ സംബന്ധിച്ചിടത്തോളം അത് ധനിക-ദരിദ്ര വിഭാഗീയതയുടെ സാംസ്‌കാരിക ഘടനയാണ്. ഇത് മാനവ സമൂഹത്തിൽ ഭിന്നതയും സംഘർഷവും ചൂഷണവും വർധിപ്പിക്കും. ഭിന്നത, അത്, സാമ്പത്തികമായാലും സാമൂഹികമായാലും സംസാകാരികമായാലും  പരിശുദ്ധാത്മാവിനെതിരെയുള്ള പാപമാണ്. ഭിന്നതകൾക്കപ്പുറം മാനവരാശിയെ സംയോജിപ്പിക്കുന്നതു സ്നേഹമാണ്, ആഗോള സഹോദര്യമാണ്. ഈ ആഗോള സാഹോദര്യത്തിന്റെ അടിസ്ഥാനമായി മാർ ഒസ്താത്തിയോസ് കാണുന്നത് പങ്കിടലിന്റെയും ഐക്യതയുടെയും ഉദാത്ത മാതൃകയായ ത്രിത്വ ദൈവമാണ്.   നവമാനവികതയുടെയും സമത്വസമൂഹത്തിന്റെയും മതനിരപേക്ഷ സംസ്കൃതിയുടെയും അടിസ്ഥാനമായി അദ്ദേഹം കാണുന്നത് ത്രിത്വ ദൈവത്തെക്കുറിച്ചുള്ള ദൈവശാസ്ത്ര ദർശനമാണ്.  

പങ്കിടലിന്റെ ദൈവീകതയും സ്നേഹത്തിന്റെ ഏക മതവും 

വർഗ്ഗ രഹിത സമൂഹത്തിന്റെ അടിസ്ഥാന ആശയമായി മാർ ഒസ്താത്തിയോസ് കാണുന്നത് ത്രിത്വത്തിലെ ഐക്യമാണ്. ത്രിത്വ ദൈവ സങ്കല്പത്തിലെ സഹസമത്വവും സഹനിത്യതയും സഹസാരാംശവും ഈ ഭൂമിയിലെ സ്നേഹ സമൂഹത്തിന്റെ മുൻരുചിയാണ്. സ്നേഹം പങ്കുവയ്ക്കുന്നതിലൂടെയും സഹനത്തിൽകൂടിയും സഹവാസത്തിൽ കൂടിയും വർഗ്ഗ രഹിത സമൂഹം സൃഷ്ടിക്കാൻ കഴിയും. ദൈവം തന്നിൽ തന്നെ നിത്യ സ്നേഹം പങ്കിടുന്നതുപോലെ മാനവരാശി മുഴുവനും സ്വാർത്ഥത ത്യജിച്ച് ആഗോള സാഹോദര്യത്തിന്റെ ഒരു പുതിയ ലോകം സൃഷ്ടിക്കണം. സ്വാർത്ഥയുടെ ത്യജിക്കൽ സ്നേഹത്തിന്റെ മുൻരുചിയായി നാം കാണുന്ന ഉദാത്ത സ്ഥാനം ക്രിസ്തുവിന്റെ ക്രൂശാണ്. അതാണ് മാനവരാശിയുടെ രക്ഷയുടെ അടയാളം. ക്രൂശിലെ ദൈവസ്നേഹം പങ്കെടുപ്പിന്റെ രാഷ്ട്രീയ പ്രത്യശാസ്ത്രമാണ്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുന്നതിന്റെ പ്രത്യയശാസ്ത്ര മർമം ക്രൂശിലാണ് . 



വെളിപ്പെടുന്നത്. ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും പാപക്ഷമയുടെയും അനുഭവത്തിലേക്ക് ഒരു സമൂഹം നീങ്ങണമെങ്കിൽ യാത്ര ക്രൂശിന്റെ മർമ്മത്തിൽ നിന്നും ആരംഭിക്കണം. ക്രിസ്തീയത, മാർ ഒസ്താത്തിയോസിന്‌ സ്നേഹപ്രയോഗത്തിന്റെ രാഷ്ട്രീയ പ്രക്രിയയാണ്; ജ്ഞാന സിദ്ധാന്തപരമായ അറിവുമാത്രമല്ല. ദൈവശാസ്ത്രപരമായ  അറിവ് സത്യസന്ധമാകുന്നത് അത് വർഗ്ഗരഹിത സമൂഹത്തിന്റെ പ്രയോഗശാസ്ത്രമാകുമ്പോഴാണ്. ത്രിത്വത്തെക്കുറിച്ചുള്ള ക്ലാസിക്കൽ ദർശനങ്ങൾ ആശയവാദമായിത്തന്നെ നിൽക്കുമ്പോഴും മാർ ഒസ്താത്തിയോസ് അതിനെ ദരിദ്രരുടെ വിമോചന പ്രത്യയശാസ്ത്രമാക്കി മാറ്റുന്നുവെന്നത് ശ്രദ്ധേയമാണ്. 

ഭാരതീയ ദർശനങ്ങളുടെ വെള്ളിവെളിച്ചത്തിൽ ത്രിത്വത്തെക്കുറിച്ചുള്ള ചിന്തകൾ രൂപപ്പെടുത്താനാണ് മാർ ഒസ്താത്തിയോസ് ശ്രമിക്കുന്നത്. ശങ്കരാചാര്യരുടെ Advaitha ദർശനം ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഐക്യത്തെ വെളിപ്പെടുത്തുമ്പോഴും രാമാനുജന്റെ Vishishtadvaitha ലോകത്തിന്റെ ചരിത്രപരതയെ ഉള്കൊള്ളാനുള്ളൊരു ശ്രമമായിരുന്നു. ഇതിന്റെ വിപുലീകരണമായി മാർ ഒസ്താത്തിയോസ് മുന്നോട്ടുവയ്ക്കുന്നത് അത്രൈത മതദര്ശനമാണ്. അത്രൈത മതദര്ശനം ദൈവത്തിന്റെ ബഹുത്വവും ഏകത്വവും ചേർത്തുപിടിക്കുന്നു. ഇവിടെ ജീവാത്മാവും പരമാത്മാവും മറ്റുജീവാത്മാക്കളുമായുള്ള ബന്ധത്തിലാണ് നിലനിൽക്കുന്നത്. ഇതാണ് ചരിത്രത്തിൽ അനിവാര്യമായിരിക്കുന്ന ആഗോള സാഹോദര്യത്തിന്റെ മതം. ദാരിദ്രവും ചൂഷണവും ഭിന്നതയും ഭൂമുഖത്തുനിന്നും തുടച്ചുമാറ്റുന്ന സ്നേഹത്തിന്റെ ഏകമതമാണിത്. അത്രൈത ദൈവം ആഗോള ദൈവവും എല്ലാവരുടെയും പിതാവുമാണ്. സാർവ്വലൗവിക സാഹോദര്യത്തിന്റെ മർമം ഇതാണ്. "ത്രീയേക ദൈവം എല്ലാവർക്കും ദൈവം ഹിന്ദുവിനും മുസൽമാനും." മതം മൗലികവാദമായും തീവ്രവാദമായും മാറുന്ന സമകാലിക കാലത്തു മാർ ഒസ്താത്തിയോസിന്റെ മതം ത്യാഗത്തിന്റെയും പങ്കിടലിന്റെയും സഹോദര്യത്തിന്റേതുമാണ്. മതങ്ങൾ വിശ്വാസപരവും ആചാരപരവുമായ ഭിന്നതകൾ മൂത്ത് പരസ്പരം സംവദിക്കുന്ന തീവ്രവാദങ്ങളായി മുരടിക്കുന്ന ഇക്കാലത്ത് ഭേദങ്ങൾക്കുമപ്പുറത്തു മതങ്ങൾ പരമമായ സത്യസാരത്തിൽ അടിസ്ഥാനമാണ് എന്ന് പ്രഖാപിക്കുന്ന മാർ ഒസ്താത്തിയോസിന്റെ ദർശനങ്ങൾ പ്രതീക്ഷകൾ പകരുന്നതാണെന്ന്‌ ഡോ. സുകുമാർ അഴീക്കോട് പ്രസ്താവിക്കുന്നു. എന്നാൽ, ബഹുലതകളെ കൂട്ടികെട്ടുന്ന ഏക കേന്ദ്രം അത് സ്‌നേഹത്തിന്റെ കേന്ദ്രമായാലും വ്യതിരിക്തതകളെ എങ്ങനെയാണ്‌ മാനിക്കുന്നത് അല്ലെങ്കിൽ ആ പരസ്പര ബഹുമാനത്തിന്റെ രീതിശാസ്ത്രമെന്താണെന്നുള്ള ചർച്ചകളിലേക്കൊന്നും അദ്ദേഹം കടക്കുന്നില്ലെങ്കിലും എല്ലാ മനുഷ്യരെയും ഒന്നായികാണാനുള്ള മതദര്ശനങ്ങൾ ക്രൈസ്തവരെയെങ്കിലും നന്നാക്കാൻ സഹായകരമാകും എന്നുള്ളതിൽ സംശയമില്ല. പക്ഷെ, സ്നേഹം എന്ന പ്രത്യയശാസ്ത്രം മുന്നോട്ടു വയ്ക്കുന്ന മതദർശനം മതേതരത്തിന്റെ ദൈവശാസ്ത്രമാണെന്നുള്ളത് വാസ്തവത്തിൽ സങ്കുചിത ക്രൈസ്തവ ദര്ശനത്തിന്റെ പൊളിച്ചെഴുത്തും അപനിർമാണവുമാണ്. അതുതന്നെയാണ് ഡോ. ഗീവര്ഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായെ ഈകാലത്തും പ്രസക്തമാകുന്നത്. 

ഉപസംഹാരം 

ഏതൊരു ദൈവശാസ്ത്രവും സത്യസന്ധമാകുന്നത് അത് വർഗ്ഗരഹിത സമൂഹത്തിന്റെ പ്രത്യശാസ്ത്രമാകുമ്പോഴാണെന്നുള്ള ഡോ. ഗീവര്ഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ വാക്കുകൾ അദ്ദേഹത്തെ ഒരു മതേതര രാഷ്ട്രീയ ദൈവശാസ്ത്രത്തിന്റെ വക്താവാക്കുന്നു. ദരിദ്രരുടെ ലോകത്തിൽ നിസ്സംഗരായും നിർമതരായും ഇരിക്കുന്നത് തന്നെയാണ് പാപം എന്ന് അദ്ദേഹം പറയുന്നിടത്തു പാപത്തെക്കുറിച്ചും രക്ഷയെകുറിച്ചുമുള്ള പരമ്പരാഗത ദൈവശാസ്ത്ര  ദർശനങ്ങൾ കടപുഴകി വീഴുന്നു. വിഭവ കേന്ദ്രീകൃതത്വവും സ്വകാര്യ സ്വത്തുസമ്പ്രദായവും ദൈവ നിഷേധമാണെന്നു പറയുന്നിടത്തു നാം കാണുന്നത് ഒരു സഭാ വിമർശകനെയാണ്. എന്നാൽ, സ്നേഹം എന്നത് സർവ്വ ലൗകിക സാഹോദര്യത്തിന്റെ പ്രത്യയശാസ്തമാണെന്നുള്ള മാർ ഒസ്താത്തിയോസിന്റെ ചിന്ത നവസാമ്രാജ്യത്തിന്റെ  സമകാലിക കാലത്തു അന്റോണിയോ  നെഗ്രിക്കുo മിഷേൽ ഹാർട്ടിനുമൊപ്പം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നുവെന്നതാണ് ഏറെ വിസ്മയകരം. 

Tuesday, June 1, 2021

വസന്തത്തിന് കാതോർത്ത് 9 


ദരിദ്രർ ദൈവീക ശുശ്രൂഷയുടെ പരികർമികൾ: ബിഷപ്പ് സാമുവൽ അമൃതത്തിന്റെ സാക്ഷ്യത്തെക്കുറിച്ച്  





തിരുവനന്തപുരത്ത് ഒരു കോളേജ് വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിലാണ് ഡോ. സാമുവൽ അമൃതം അച്ചനെ പരിചയപ്പെടുന്നത്. ബിഷപ്പ് യേശുദാസന്‌ ശേഷം CSI ദക്ഷിണകേരള മഹായിടവകയുടെ നേതൃത്വം ഏറ്റെടുക്കാൻ ജനീവയിലെ WCC യുടെ ചുമതലകൾ അവസാനിപ്പിച്ച് എത്തിയതാണ്. എക്യൂമെനിക്കൽ ദർശനങ്ങൾ അക്കാലത്തു സൂക്ഷിച്ചിരുന്ന സഭാ നേതാവ് എന്ന അർത്ഥത്തിൽ കേരള SCM ന്റെ പ്രവർത്തകരായിരുന്ന ഞങ്ങൾ വളരെ പ്രതീക്ഷകളോടെയാണ് അദ്ദേഹത്തെ വീക്ഷിച്ചിരുന്നത്. അത് അന്വർത്ഥമാക്കുന്ന തരത്തിൽ തന്നെയാണ് അദ്ദേഹം ഞങ്ങളോട് ഇടപെട്ടതും. എങ്ങനെയാണ് ഒരു സഭാ ശുശ്രൂഷകൻ വിമോചനാത്മകമായ വേദപുസ്തക ചിന്തകൾ തന്റെ ക്രിസ്തീയ ശുശ്രൂഷയിൽ പ്രാവർത്തികമാക്കുന്നത്, എങ്ങനെയാണത് സാമൂഹ്യ പ്രതിരോധ പ്രവർത്തങ്ങളുമായി ബന്ധപ്പെടുത്തുന്നത് എന്നതൊക്കെ അടുത്തുനിന്ന് വീക്ഷിക്കുവാനും മനസിലാക്കുവാനും സാധിച്ചത് ബിഷപ്പ് സാമുവൽ അമൃതത്തിന്റെ പ്രവർത്തന ശൈലിയിൽ നിന്നാണ്. ദൈവശാസ്ത്ര വിദ്യാഭ്യാസ മേഖലയിൽ അഖില ലോക സഭാകൗൺസിൽ തലങ്ങളിലൊക്കെ പ്രവർത്തിക്കുമ്പോഴും ഇന്ത്യയിലെ എക്യൂമെനിക്കൽ ദൈവശാസ്ത്ര രംഗത്ത് തലയെടുപ്പോടെ നിൽക്കുമ്പോഴും നിന്ദിതരും പീഢിതരുമായ സാധാരണ ജനം അദ്ദേഹത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിന്നു. "അരമനയിൽ താമസിക്കുന്ന തിരുമേനിയായിരുന്നപ്പോഴും ദരിദ്രരെ കാണാനുള്ള കാഴ്ച്ച അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നില്ല" എന്ന ജോൺ എസ്. പോബിയുടെ വാക്കുകൾ തന്നെയത്‌ വെളിപ്പെടുത്തുന്നുണ്ട്. അതുതന്നെയാണ് അദ്ദേഹത്തിന്റെ ശുശ്രൂഷാജീവിതത്തെ എല്ലാക്കാലത്തും വിസ്മയകരവും വേറിട്ടതുമാകുന്നത്. ഈ കാലത്ത്, ബിഷപ്പ് അമൃതത്തിന്റെ ഓർമ്മകൾ പുനരാനയിക്കുന്നതിന്റെ രാഷ്ട്രീയവും അതുതന്നെയാണ്.  

ജീവിത പടവുകൾ 

1932 ഓഗസ്ത് 19 നു തിരുനന്തപുരം ജില്ലയിലെ തെക്കേയറ്റത്തെ ഗ്രാമമായ ചെറുവാരക്കോണത്താണ് സാം അമൃതം ജനിക്കുന്നത്. CSI ദക്ഷിണകേരള മഹായിടവകയിലെ പട്ടക്കാരനായിരുന്ന റവ. ജോബ് അമൃതവും അന്നാൾ അമൃതവുമായിരിന്നു മാതാപിതാക്കൾ. മദ്രാസ് ക്രിസ്ത്യൻ കോളേജിലെ ബിരുദപഠനത്തിനുശേഷം കണ്ണമ്മൂല കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയിലും പിന്നെ ബാംഗ്ലൂർ യുണൈറ്റഡ് തീയോളജിക്കൽ കോളേജിലും ദൈവശാസ്ത്ര വിദ്യാർത്ഥിയായി. 1957 ൽ ദക്ഷിണ കേരള മഹായിടവകയിലെ പട്ടത്വ ശുശ്രൂഷയിൽ പ്രവേശിച്ച സാം അമൃതം ജർമനിയിലെ ഹാംബുർഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് പഴയനിയമത്തിൽ ഡോക്ടറേറ്റ് നേടി ബാംഗ്ലൂർ UTC യിലും കൽക്കൊത്തയിലെ സെറാമ്പൂർ കോളേജിലും അധ്യാപകനായി. ബിഷപ്പ് ന്യൂ ബിഗിൻറെ നിർദ്ദേശപ്രകാരം 1969 ൽ മധുര, തമിഴ്‌നാട് തിയോളജിക്കൽ സെമിനാരിയുടെ ആദ്യ പ്രിൻസിപ്പലായി. ഇന്ത്യൻ ദൈവശാസ്ത്ര അഭ്യസന രംഗത്തെ വേറിട്ട വഴികൾ തുറക്കപെടുകയായിരിന്നു അവിടെ. സെമിനാരി തന്നെ ഒരു ഗുരുകുലമായി വിവക്ഷിക്കപ്പെടുകയും ചുറ്റുപാടുമുള്ള ഗ്രാമവാസികൾ പാഠ്യക്രമത്തിന്റെ ഭാഗമാവുകയും ചെയ്തു. സെനറ്റ് ഓഫ് സെറാമ്പൂർ കോളേജിന്റെ ബോർഡ് ഓഫ് തിയോളജിക്കൽ എഡ്യൂക്കേഷന്റെ ആദ്യ ഡിറക്ടറായും ദൈവശാസ്ത്ര പുസ്തക പ്രസാധക പ്രോഗ്രാമിന്റെ (BTTBPSA) സാരഥിയുമായി ദീർഘകാലം പ്രവർത്തിച്ചു. 1988 ൽ സെനറ്റ് ഓഫ് സെറാമ്പൂർ യൂണിവേഴ്സിറ്റി അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. 

1980 കളിൽ നാം ബിഷപ്പ് അമൃതത്തെ കാണുന്നത് WCC യുടെ തിയോളജിക്കൽ എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ ഡിറക്ടറായിട്ടാണ്. ദൈവശാസ്ത്ര പഠനം ആരംഭിക്കേണ്ടത് സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിത വ്യവഹാരങ്ങളിലും സംഘർഷങ്ങളിലുമാണെന്ന അദ്ദേഹത്തിന്റെ ചിന്ത ആഗോള എക്യൂമെനിക്കൽ മേഖലയിൽ വിപ്ലവം തന്നെയായിരുന്നു. അക്കാലത്തു് ക്രോഡീകരിച്ച     Theology by the People (WCC 1986), Stories Make People (1990) എന്നീ ഗ്രന്ഥങ്ങൾ തന്നെയാണതിനു തെളിവ്. 1990 ൽ ദക്ഷിണ കേരള മഹായിടവകയുടെ ബിഷപ്പായി ചുമതലയേറ്റ കാലം മുതൽ 97 ൽ വിരമിക്കുന്നതുവരെ ദൈവശാസ്ത്ര വിദ്യാഭ്യാസത്തിനും ക്രിസ്തീയ ശുശ്രൂഷക്കും  ജനകീയമായ രീതിശാസ്ത്രം രൂപപ്പെടുത്താൻ യത്നിക്കുകയും വിപ്ലവകരമായ പരിവർത്തനങ്ങൾ  വരുത്തുകയും ചെയ്തിരുന്നു എന്ന സാക്ഷ്യം ഇന്നും ഇന്ത്യയിലെ വിശ്വാസ സമൂഹം പ്രത്യേകിച്ചും കീഴാള ക്രൈസ്തവ സമൂഹം ഉയർത്തിപ്പിടിക്കുന്നിടത്താണ്   സാമുവൽ അമൃതം എന്ന ജനകീയ ഇടയന്റെ ഓർമ്മകൾ എല്ലാകാലത്തും പ്രസക്തമാകുന്നത്. 2017 സെപ്‌തംബർ 26 നാണു അദ്ദേഹം വിടപറയുന്നത്. ജീവിത പങ്കാളി ശ്രീമതി. ലില്ലി അമൃതം; അരുണും ആശയും മക്കളാണ്. 

ദരിദ്രർ ദൈവശാസ്ത്രത്തിന്റെ നിർമ്മാതാക്കൾ 

ജനം (people) എന്ന തുടക്ക ബിന്ദുവിലാണ് ബിഷപ്പ് അമൃതത്തിന്റെ ചിന്താമണ്ഡലം രൂപപ്പെടുന്നത്. ജനമെന്ന് അദ്ദേഹം വിവക്ഷിക്കുന്നത് ദരിദ്രരും ചൂഷിതരുമായ സാധാരണ ജനസമൂഹം. അവരാണല്ലോ എല്ലാക്കാലവും അധികാരത്തിനു പുറത്തു നിൽക്കുന്നവർ. അവരാണല്ലോ എല്ലായ്പ്പോഴും ദൈവീക കരുണക്കായി യാചിക്കുന്നവർ. വേദപുസ്തകത്തിൽ ദൈവജനം (People of God) എന്ന് വിളിക്കുന്നതും അവരെത്തന്നെയാണ്. പഴയനിയമത്തിൽ അടിമകളുടെ രൂപത്തിൽ നാം അവരെ കാണുന്നു. അവരുടെ കഷ്ടത കണ്ട് കണ്ട് നിലവിളി കേട്ട് കേട്ട് ചരിത്രത്തിൽ ഉൾപ്രവേശം  ചെയ്യുകയും  പുറപ്പാടിന്റെ വിമോചന യാത്ര സാക്ഷാത്കരിക്കുകയും ചെയ്യുന്ന ദൈവം ഈ അടിമജനത്തിന്റെ  ദൈവമാണ്. അവരാകട്ടെ അവന്റെ ജനവും. പുതിയ നിയമത്തിലാകട്ടെ Laos അഥവാ ചിന്നിയവരും ചിതറിയവരുമായ ജനം യേശുവിന്റെ ദൈവരാജ്യ കൂട്ടായ്മയിലെ അവകാശ സമൂഹമാണ്. അവരുടെ വേദനകളുടെയും സംഘർഷങ്ങളുടെയും പ്രതീക്ഷകളുടെയും  പ്രതിഫലനമായിരുന്നു യേശുവിന്റെ സുവിശേഷം.  യേശുവിന്റെ സുവിശേഷത്തിന്റെ ഉള്ളടക്കവും വെല്ലുവിളിയും നിസ്സഹായരായ മനുഷ്യന്റെ നൊമ്പരങ്ങളായിരിന്നു. വി. പൗലോസ് ക്രിസ്തുവിലെ നവ മാനവികതക്കായി സമർപ്പിച്ചവരെ സഭയെന്നു വിളിച്ചെങ്കിൽ വെളിപ്പാട് പീഡിതരുടെ വരാനിരിക്കുന്ന മിശ്ശിഹാരാജ്യത്തെക്കുറിച്ചാണ് സംസാരിച്ചത്. ബിഷപ്പ് സാം അമൃതത്തിന്റെ അഭിപ്രായത്തിൽ വേദപുസ്തകം ദരിദ്രരും നിസ്സഹായരുമായ ജനത്തിന്റെ ജീവിതാനുഭവമാണ്. അതുകൊണ്ടുതന്നെ ദൈവശാസ്ത്രവും ജനങ്ങളുടെ ജീവിതാനുഭങ്ങളിൽനിന്നും ഉയിർകൊള്ളുന്നതാവണം.  


ജനം: ദൈവശാസ്ത്ര വിദ്യാഭ്യാസത്തിന്റെ രീതിശാസ്ത്രം 

മധുര, തമിഴ്‌നാട് തിയോളജിക്കൽ സെമിനാരിയിലെ പ്രധാന അധ്യാപകനായി പ്രവർത്തിക്കുമ്പോൾ ഡോ. സാമുവൽ അമൃതം ആരംഭിച്ച റൂറൽ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ സോഷ്യൽ അനാലിസിസിനെ ദൈവശാസ്ത്ര വിദ്യാഭ്യാസ രംഗവുമായി ചേർത്തുനിർത്തി. ജനം ദൈവശാസ്ത്രത്തിന്റെ വിഷയം മാത്രമല്ലെന്നും മറിച്ച്  അതിന്റെ നിർമ്മാതാക്കളാണെന്നുമുള്ള വിവക്ഷ ലാറ്റിൻ അമേരിക്കയിലെ Base Communities എന്ന ആശയത്തിൽനിന്നുമാണ് അദ്ദേഹം കടമെടുക്കുന്നത്. ആഫ്രിക്കൻ സംസ്കൃതിയിലെ Ubuntu എന്ന സങ്കൽപം സെമിനാരിയെ ഒരു ഗുരുകുല സമൂഹമായി രൂപപ്പെടുത്താൻ പര്യാപ്തമായി.  ജാതിവിവേചനത്തിന്റെ   ഇരകളായ   ദളിതരും കീഴാളരും    പുരുഷാധിപത്യത്തിന്റെ   ഇരകളായ  സ്ത്രീകളുമൊക്കെ    ദൈവശാസ്ത്ര  നിർമ്മിതിയിലെ വിഷയികളായിമാറി. ദൈവശാസ്ത്രത്തിനു   പിന്നെ അതിന്റെ തത്വശാസ്ത്ര നിർബന്ധം നിലനിർത്താനാകാതെ വരികയും ജനകീയ സംഗീതത്തിന്റെയും കലയുടെയും ചിഹ്നനാത്മക വ്യവഹാരങ്ങളിലേക്കു മാറുകയും ചെയ്യേണ്ടി വന്നു. ഇന്ത്യൻ ദൈവശാസ്ത്ര വിദ്യാഭ്യാസം അടിമുടി മാറ്റപ്പെടുകയും കീഴാള ആത്മീയതയുടെ ചെറ്റക്കൂരകളിലേക്കു അത് പടരുകയും ചെയ്തു. സാം അമൃതം എന്ന വിദ്യാഭ്യാസ പ്രതിരോധ പ്രവർത്തകന്റെ കയ്യൊപ്പു കാലത്തിനുപോലും മായ്ക്കാനാവാത്തതാണ്. 

പ്രാന്തസ്ഥിതർ ക്രൈസ്തവ ശുശ്രൂഷയുടെ നേതാക്കളാവുമ്പോൾ 

യൂറോപ്യൻ-കൊളോണിയൽ ചിന്തയിൽ മർദിത ജനം എല്ലായ്‌പ്പോഴും ക്രിസ്തീയ ശുശ്രൂഷയുടെ ഒബ്ജെക്ട്സ് ആണ്. അവിടെ അവർ സ്വീകർത്താക്കളും ഉപഭോക്താക്കളുമാണ്. എന്നാൽ സാം അമൃതത്തിന്റെ ശുശ്രൂഷാ ദൈവശാസ്ത്രത്തിൽ അവരെല്ലായ്പോഴും സബ്ജക്ട്സ് ആണ്. പീഡിത ജനതയാണത് നിർമ്മിക്കുന്നതും നിയന്ത്രിക്കുന്നതും.  പീഡിത ജനം ദൈവശാസ്ത്രം ചെയ്യുമ്പോൾ അവർ കേവലം ഇരകളായിട്ടല്ല തങ്ങളെ നിർവചിക്കുന്നത്; അവർതന്നെ അവരുടെ സ്വപ്നങ്ങൾക്കു നിറം നൽകുമ്പോൾ അവർ തങ്ങളുടെ തന്നെ വിധി നിർണ്ണയിക്കുന്നവരാവുകയാണ്. ഇത് ലിബറേഷൻ തീയോളജിയിൽ തന്നെ അടയാളപ്പെടുത്താവുന്ന പ്രകടമായ കുടമാറ്റമാണ്. ഓൾ ഇന്ത്യ തീയോളജിക്കലി ട്രെയിൻഡ് വിമൻസ് അസ്സോസിയേഷൻന്റെയും (ATTWI) ബോർഡ് ഓഫ് തിയോളജിക്കൽ എഡ്യൂക്കേഷന്റെയും (BTTESSC) സംയുക്ത സംഘാടനങ്ങളിൽ സാമുവൽ അമൃതം വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നു. WCC യുടെ തിയോളജിക്കൽ എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി പ്രാന്തസ്ഥിതരായ ദളിത്-ആദിവാസി ജനസമൂഹങ്ങളിലെ ഗവേഷകർക്കു മതിയായ സ്കോളർഷിപ്പും പുസ്തകങ്ങളും അദ്ദേഹം ഉറപ്പുവരുത്തി. ഉത്തരേന്ത്യയിൽ സത്യനികേതൻ എന്ന സെമിനാരി അവർക്കായി സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്തു. ദൈവശാസ്ത്ര വിദ്യാർത്ഥികളെയും ക്രൈസ്തവ വിദ്യാഭ്യാസ പ്രക്രിയയിലെ വിഷയികളായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്. അതുകൊണ്ട്‌ ദൈവശാസ്ത്ര വിദ്യാർത്ഥികളുടെ ക്രമീകൃതമായ കൂടിവരവുകളും സംവാദങ്ങളും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. ദൈവജനത്തിന്റെ ക്രിസ്തീയ സാക്ഷ്യം എന്ന പദ്ധതിയിൽ അല്മായ സമൂഹത്തിന്റെ നേതൃത്വം ബിഷപ്പ് അമൃതം അംഗീകരിക്കുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ദൈവജനത്തിന്റെ പൗരോഹിത്യ ശുശ്രൂഷ ഒരു  എക്യൂമെനിക്കൽ ചിന്താധാരയായി വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമായായിരിന്നു. ക്രൈസ്തവ സഭയെ ദുർബല ജനതയുടെ തീർത്ഥാടക കൂട്ടായ്മയായി മനസിലാക്കുകയും അത് തന്റെ സഭാശുശ്രൂഷയിൽ സാക്ഷാത്കരിക്കുകയും ചെയ്ത ഒരു സാധാരണ ഇടയൻ എന്ന നിലയിൽ ബിഷപ്പ് സാമുവൽ അമൃതം എന്നും നമ്മുടെ സ്വപ്നങ്ങളിൽ ഒരു ദീപ്തമായ നക്ഷത്രമായി ശോഭിക്കുകതന്നെ ചെയ്യും. 



ഉപസംഹാരം 

എന്താണ് ഇടയ ശുശ്രൂഷ, എന്തായിരിക്കണം ദൈവശാസ്ത്ര വിദ്യാഭ്യാസം, എന്താണ് സഭ, എന്താണ് സഭാ നേതൃത്വം, എന്താണ്  സഭയുടെ പൊതുമണ്ഡലത്തിലെ സാക്ഷ്യം എന്നൊക്കെ അന്വേഷിക്കുന്നവർക്ക് ബിഷപ്പ് സാമുവൽ അമൃതം ഒരു പാഠപുസ്തകമാണ്, ഒരു അടയാളമാണ്, ഒരു മാതൃകയാണ്. എളിമയും ലാളിത്യവും സമർപ്പണവും പ്രായോഗിക ജ്ഞാനവും സമഞ്ജസമായി സമ്മേളിച്ചിരുന്ന ആ വ്യക്തിത്വം സമകാലിക സഭാ നേതൃത്വങ്ങളിൽ നിന്നും വിഭിന്നവും വേറിട്ടതുമാണ്. ഒരുപക്ഷെങ്കിൽ ഇത്തരം വ്യക്തിത്വങ്ങളുടെ ഓർമ്മകൾ മാത്രമായിരിക്കും  സഭയുടെ പൊതുസമൂഹത്തിലെ സ്ഥാനവും അംഗീകാരവും വരുംകാലങ്ങളിലും നിർണ്ണയിക്കുകയെന്നു ഞാൻ സന്ദേഹിക്കുന്നു. 

        

   

   

   

   

 

Sunday, May 30, 2021

വസന്തത്തിന് കാതോർത്ത് 8 


ഐക്യദാർഡ്യത്തിന്റെ ജീവിതം:  ഡോ.കെ. സി. ഏബ്രഹാം അച്ചനെ ഓർക്കുമ്പോൾ 


ആഴമായ ദൈവശാസ്ത്ര ചിന്തകൾ പങ്കുവയ്ക്കുമ്പോഴും മായാത്ത പുഞ്ചിരിയുമായി അക്ഷോഭ്യമായ സമീപനവുമായി നിരന്തരം പ്രതീക്ഷകളുണർത്തുന്ന ദർശനങ്ങളുമായി  ഏറെക്കാലം നമ്മോടു സംസാരിച്ച കെ.സി. ഏബ്രഹാമച്ചൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് അഞ്ചു വർഷങ്ങൾ തികയുന്നു. സൗമ്യനായ അദ്ധാപകൻ, സമർപ്പിതനായ പട്ടക്കാരൻ, സ്വപ്‌നാടകനായ സാമൂഹ്യ പ്രവർത്തകൻ എന്നൊക്കെ അദ്ദേഹത്തെ സംബോധന   ചെയ്യാമായിരിക്കാം. എന്നാൽ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകളാണ് ഒരു ക്രിസ്തീയ വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിൽ എന്നെ സ്വാധീനിച്ചിട്ടുള്ളത്. ദൈവശാസ്ത്രം എല്ലായ്‌പ്പോഴും ഐക്യദാർഡ്യത്തിന്റെതാണെന്നും അത് ക്രൈസ്തവ വിശ്വാസ സമൂഹങ്ങളെ ദരിദ്രരിലേക്കും പീഡിതരിലേക്കും നയിക്കുന്നുവെന്നും ജീവൻനിഷേധ സംസ്കാരങ്ങളുടെ കാലത്ത് ക്രിസ്തുവിൽ പ്രകടമായ സമൃദ്ധിയായ ജീവന്റെ സുവിശേഷം പങ്കുവക്കുന്നതാണ് സഭയുടെ ദൗത്യമെന്നും നമ്മെ നിരന്തരം ഓർമ്മപ്പെടുത്തിയിരുന്ന കെ.സി ഏബ്രഹാമച്ചന്റെ ധന്യമായ ജീവിതത്തെ ഓർത്തു ദൈവത്തിനു നന്ദി കരേറ്റുന്നു.

ജീവിത വഴിത്താര 

1936 ഏപ്രിൽ 13 നു പത്തനംതിട്ടയിലെ  കോടുകുളഞ്ഞിയിലായിരിന്നു അച്ചന്റെ ജനനം. പിതാവ് റവ.  സി. എ ഏബ്രഹാം CSI മധ്യകേരള മഹായിടവകയിലെ ഒരു പട്ടക്കാരനായിരുന്നതുകൊണ്ടു ചെറുപ്പം മുതൽക്കേ സഭാശുശ്രൂഷകളുമായുള്ള ബന്ധത്തിലാണ് വളർന്നത്. മധ്യകേരള യുവജനപ്രസ്ഥാനവും പുരോഗമന സാമൂഹ്യപ്രസ്ഥാനങ്ങളുമൊക്കെ അദ്ദേഹത്തിന്റെ വിശ്വാസപാരമ്പര്യങ്ങളെ  പുനരന്വേഷിക്കാൻ സഹായിച്ചു. ഒരു ഇടവക പട്ടക്കാരൻ എന്ന നിലയിൽ കേരളത്തിൽ അദ്ദേഹം പ്രവർത്തിച്ച ഏക സ്ഥലമായ കറിക്കാട്ടൂരിൽ ജനകീയ പട്ടക്കാരൻ എന്ന  ഖ്യാതി ഉണ്ടാക്കിയെടുത്തിരുന്നു. ബാംഗ്ലൂർ St Mark's  കത്തീഡ്രലിൽ പ്രവർത്തിക്കുന്ന കാലത്താണ് ദേശീയ ദൈവശാസ്ത്ര വിദ്യാഭ്യാസ രംഗത്തേക്ക് അച്ചൻ പ്രവേശിക്കുന്നത്. ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ ദീർഘകാലം പ്രവർത്തിച്ചു.  തിരുവനന്തപുരത്തെ കേരള യുണൈറ്റഡ്‌ തിയോളജിക്കൽ സെമിനാരിയിലും പഠിപ്പിച്ചിട്ടുണ്ട്. 

ബാംഗ്ലൂർ എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്ററിന്റെ ഡയറക്ടറായും SATHRI  (South Asia Theological Institute) യുടെ ഡയറക്ടറായും BTESSC (Board of Theological Education of Senate of Serampore College) സെക്രട്ടറിയായും  CISRS ന്റെ റിസർച്ച് ആൻറ് സ്റ്റഡി സെക്രെട്ടറിയായും  EATWOT (Ecumenical Association of Third -World Theologians) ന്റെ അധ്യക്ഷനായും CCA യുടെയും WCC യുടെയും വിവിധ കമ്മീഷനുകളിലെ അംഗമായും  ഇന്ത്യൻ/ ഏഷ്യൻ എക്യൂമെനിക്കൽ രംഗത്തും ദൈവശാസ്ത്ര രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. സാൻഫ്രാൻസിസ്കോ തിയോളജിക്കൽ സെമിനാരിയിലും പ്രിൻസ്ടൺ സെമിനാരിയിലും തായ്‌വാനിലെ   Tainan Theological Seminary യിലും  കൊറിയയിലെ   Hanil Theological Seminary യിലും  പഠിപ്പിച്ചിരുന്നു. ബാംഗ്ലൂർ തിയോളജിക്കൽ ഫോറത്തിന്റെയും ഏഷ്യൻ ജേർണൽ ഓഫ് തിയോളജിയുടെയും വോയ്‌സെസ് ഫ്രം ദി തേർഡ്-വേൾഡിന്റെയും എഡിറ്ററായിരുന്നു. വൈ എം. സി. എ, ക്രിസ്ത്യൻ പീസ് കോൺഫറൻസ് തുടങ്ങിയ പ്രസ്ഥാനങ്ങളിലും നേതൃത്വം വഹിച്ചിരുന്നു. ജീവിത പങ്കാളി ഡോ. മോളി കൊച്ചമ്മയോടൊപ്പം ആരംഭിച്ച Liza's  Home  മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന ദരിദ്രരായ പെൺകുട്ടികൾക്ക് ആശ്രയമായി തുടരുന്നു. 2016 June 12 നാണ് അച്ചൻ വിടപറയുന്നത്. വരാനിരിക്കുന്ന മിശ്ശിഹാ രാജ്യത്തിൻറെ പ്രതീക്ഷകൾ സാക്ഷാത്കരിച്ച വാക്കുകളും പ്രവർത്തികളുമായി നമ്മുടെ ഇടയിൽ ജീവിച്ച ആ മഹാനുഭാവന്റെ ഓർമകൾക്ക് മാത്രം പക്ഷെ മരണമില്ല. 

എണ്ണമറ്റ രചനകളാണ് അച്ഛന്റെ തൂലികയിൽ നിന്ന് വിടർന്നത്. Liberative Solidarity: Contemporary Perspectives on Mission എന്ന ഗ്രൻഥം സഭയുടെ മിഷൻ വിമോചനാത്മകമായ സാമൂഹ്യ ഇടപെടലും നീതിക്കുവേണ്ടിയുള്ള പ്രയത്നവുമാണെന്നു വ്യക്തമാക്കി. Globalization: A Gospel  and Culture Perspective ആഗോളവത്കരണത്തിനും ക്യാപിറ്റലിസ്റ് സാമ്പത്തിക ക്രമത്തിനും എതിരെ മൂന്നാം ലോക രാജ്യങ്ങളിലുണ്ടായ പ്രതിരോധത്തിന് ഇന്ത്യയിൽനിന്നുള്ള ഐകദാർഢ്യമായിരുന്നു. Spirituality of the Third -world : A  Cry  for  Life , Third -world  Theologies : Commonalities  and  Divergences തുടങ്ങിയ ഗ്രൻഥങ്ങളാവട്ടെ ഏഷ്യൻ പശ്ചാത്തലത്തിലുള്ള ദൈവശാസ്ത്ര രൂപീകരണത്തിനായി നടത്തിയ ചർച്ചകളുടെ ക്രോഡീകരണമാണ്.  ഒരുപക്ഷെങ്കിൽ പാശ്ചാത്യ ദൈവശാസ്ത്ര ആവിഷ്കാരങ്ങൾക്കപ്പുറത്തേക്കു ഏഷ്യയുടെ ഗർഭപാത്രത്തിൽ നിന്നും മനുഷ്യന്റെ ദൈവാനുഭവങ്ങൾക്കു നിറം പകർന്നവരിൽ കഗാവയോടും കോസുകെ കൊയമായോടും സി. എസ്. സോങ്ങിനോടും എം.എം. തോമസിനോടുമൊപ്പം പരിഗണ അർഹിക്കുന്ന ആൾ എന്ന നിലയിലേക്ക് ശ്രദ്ധേയനാവാൻ കെ.സി. ഏബ്രഹാമച്ചന് കഴിഞ്ഞിരുന്നു. 

ദൈവശാസ്ത്രവും പശ്ചാത്തലവും 

കെ.സി. എബ്രഹാമച്ചനെ സംബന്ധിച്ചടത്തോളം ദൈവശാസ്ത്രം അഥവാ ദൈവാനുഭവങ്ങളുടെ ആവിഷ്കാരം പശ്ചാത്തല കേന്ദ്രീകൃതമാണ്. എന്നാൽ പാശ്ചാത്യ ദൈവശാസ്ത്രം ഏഷ്യയിൽ എത്തിയത് യൂറോപ്യൻ പശ്ചാത്തലത്തെ മറച്ചുവച്ചാണ്. അതുകൊണ്ടുതന്നെ അത് അപ്പോളജെറ്റികും പോളമിക്കുമായിരിന്നു. മതബഹുലതയെ അഡ്രസ് ചെയ്യാൻ അതിനു കഴിയുമായിരുന്നില്ല. ക്രിസ്തുവോ ക്രിസ്തീയ മതമോ കേന്ദ്രീകരിച്ചുള്ള സുവിശേഷീകരണമായിരിന്നു അവരുടെ രീതി. J . N  Farquhar നെ പോലുള്ളവർ മറ്റു മതങ്ങളുടെ പൂർത്തീകരണമായി ക്രിസ്തുമതത്തെ അവതരിപ്പിച്ചു. എന്നാൽ D  T  നൈൽസും P D ദേവാനന്ദനും എം. എം. തോമസും ഒക്കെ ഇന്ത്യൻ/ ഏഷ്യൻ പശ്ചാത്തലത്തിന്റെ വ്യത്യസ്തമായ മതബഹുലത എന്ന സാമൂഹ്യ യാഥാർഥ്യത്തിനു ഊന്നൽ നൽകി യുറോപ്പിതര ദൈവശാസ്ത്രത്തിനു രൂപം നൽകി. ശ്രീലങ്കയിലും ചൈനയിലും ജപ്പാനിലും തായ്‌വാനിലും അതിനു അനുരണങ്ങളുണ്ടായി. ലാറ്റിനമേരിക്കൽ ലിബറേഷൻ തിയോളജിയുടെ ചുവടുപിടിച്ച് ദരിദ്രരുടെ നീതിസമരങ്ങൾക്കു തുണയേകുന്ന രാഷ്ട്രീയ ദൈവശാസ്ത്രങ്ങളാണ് പിന്നീടുണ്ടായത്. ചൂഷണത്തിനും അടിച്ചമർത്തലിനും വിധേയരാകുന്ന അധിനിവേശിത ജനതയുടെ ദൈവാനുഭവങ്ങൾക്കു നിറം പകരാൻ എഴുത്തുകളും പ്രഭാഷണങ്ങളുമായി കെ.സി. എബ്രഹാമച്ചനും പങ്കുചേരുന്നതാണ് പിന്നെ നാം കാണുന്നത്. 

തുറന്ന സഹഭോജിത സമൂഹത്തിനായി 

സഹഭോജിതത്വം (commensality) എന്ന ആശയം ഡൊമിനിക് ക്രോസ്സാൻ എന്ന പുതിയനിയമ പണ്ഡിതനിൽ നിന്നാണ് അച്ചൻ സ്വീകരിക്കുന്നത്. സഭ ഒരു തുറന്ന തിരുവത്താഴ സമൂഹം എന്ന ചിന്തയുമായി ബന്ധപ്പെടുത്തി സഹവർത്തിത്തത്തിന്റെയും സാഹോദര്യത്തിന്റെയും വിഭവ പങ്കിടലിന്റെയും ഒരു പുതിയ സമൂഹസൃഷ്ടിയാവണം ദൈവശാസ്ത്രത്തിന്റെ ലക്ഷ്യമെന്ന് അച്ചൻ വ്യക്തമാക്കുന്നു. വിവേചനമില്ലാത്ത, അധികാര ശ്രേണികളില്ലാത്ത, പരസ്പര സ്നേഹത്തിന്റെയും ആദരവിന്റെയും പുതു സമൂഹത്തെക്കുറിച്ചുള്ള ചിന്ത വൈരാഗ്യത്തിന്റെയും വെറുപ്പിന്റെയും പുറന്തള്ളലിന്റെയും കാലത്തു ഒഴിവാക്കാനാകാത്ത ദൈവശാസ്ത്ര നിർബന്ധമാണെന്ന് അച്ചൻ പറയുന്നു. റോമൻ സാമ്രാജ്യത്തെയും അതിന്റെ ചൂഷണത്തിന്റെയും പുറന്തള്ളലിന്റെയും സാമ്പത്തിക ക്രമത്തെയും പ്രതിരോധിക്കാൻ യേശുപ്രസ്ഥാനം രൂപപ്പെടുത്തിയ സാക്ഷ്യ ക്രമത്തിന്റെ പുനരാവിഷ്കാരമാണ് ഇത്. സൗജന്യമായ സൗഖ്യവും, എക്‌സോർസിസവും പുരുഷാധിപത്യ പ്രവണതകളോടുള്ള നിഷേധവുമെല്ലാം ആദിമ സഹഭോജിത സമൂഹത്തിന്റെ പ്രയോഗങ്ങളായിരിന്നു. ഇത് തന്നെയാണ് ഈ കാലത്തിലും സഭയിൽ നിന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നത്.    ഒരുപക്ഷെ സമകാലിക സഭാ ജീവിതത്തിൽ ഇത് വിമർശനാത്മകമായ നിലപാടാവാം. ദൈവശാസ്ത്രത്തെ സംഗതമാക്കുന്നതിനു  ഈ വിമര്ശനം അനിവാര്യമായിരിക്കുന്നു എന്നുതന്നെയാണ് കെ.സി. ഏബ്രഹാമച്ചൻ വ്യക്തമാക്കുന്നത്. പ്രതിസംസ്കൃതിയുടെ ചിന്തകളും ഭാഷകളും പ്രയോഗങ്ങളും സൃഷ്ഠിക്കുകതന്നെയാണ് ദൈവശാസ്ത്രത്തിന്റെ  നിയോഗമെന്നു അച്ചൻ ഓർമിപ്പിക്കുന്നു. 

പരിസ്ഥിതിയും എക്യൂമെനിസവും 

ഇന്ത്യയിലെ തനതായൊരു പരിസ്ഥിതി ദൈവശാസ്ത്രം രൂപീകരിക്കുന്നതിൽ കെ.സി. ഏബ്രഹാമച്ചന്റെ പങ്ക്‌ ഒരിക്കലും തള്ളിക്കളയാനാവില്ല. പാശ്ചാത്യ ചിന്താധാരകളിൽനിന്നും വിഭിന്നമായി ഇന്ത്യയിലെ പൗരാണിക മത വിശ്വാസ ധാരകളെ ഗൗരവമായി കാണേണ്ടതുണ്ട്. കീഴാള ജ്ഞാന സിദ്ധാന്തങ്ങളെ ഗൗരവമായി ഉപയോഗിക്കേണ്ടതുണ്ട്. യഹൂദ-ക്രിസ്ത്യൻ വേദപുസ്തക വായനാരീതികളുടെ പരിമിതികൾ തിരിച്ചറിയേണ്ടതുണ്ട്. സമഗ്ര ജീവന്റെ തുടിപ്പുകൾ ആഘോഷങ്ങൾ അനുരണനങ്ങൾ തദ്ദേശീയമായി കണ്ടെത്തേണ്ടതുണ്ട്. എക്യൂമെനിസം എന്നത് ഈ സമഗ്രജീവന്റെ ജീവിത ഘടനയായിട്ടാണ് ഈ നാട് മനസ്സിലാക്കിയിരിക്കുന്നത്. കേവലം സഭൈക്യ പ്രസ്ഥാനമായി അതിനെ ചുരുക്കാൻ പാടില്ല. ഭൂമിയും അതിന്റെ വിഭവങ്ങളും അതിനോട് ജീവിതം പങ്കിട്ടുകൊണ്ടു അസ്തിത്വം നിർണ്ണയിക്കുന്ന അടിസ്ഥാന സമൂഹങ്ങളും കേന്ദ്രമായിത്തീരുന്ന ഒരു എക്യൂമെനിക്കൽ ദർശനം പാരിസ്ഥിതികവുമായിരിക്കും. എക്കോളജിയുടെ എക്യൂമെനിസം എന്നാണ് കെ.സി. ഏബ്രഹാമച്ചൻ ഇതിനെ വിളിക്കുക. പാരിസ്ഥിതികമായതുകൊണ്ടാണ് എക്യൂമെനിസം രാഷ്ട്രീയപരമാകുന്നതെന്നും അച്ചൻ വ്യക്തമാകുന്നു. ദൈവശാസ്ത്രത്തിന്റെ രഷ്ട്രീയ ഉള്ളടക്കവും ഇതുതന്നെയാണ്. ഇവിടെയാണ് ദൈവശാസ്ത്രം മനുഷ്യകേന്ദ്രീകൃതത്തിൽനിന്നും ജീവൽ കേന്ദ്രീകൃതമാകുന്നതും ഏകദൈവ കേന്ദ്രീകൃതത്തിൽ നിന്നും ത്രിത്വ ദൈവകേന്ദ്രീകൃതമാകുന്നതും. ബന്ധുത്വമാണ് ദൈവശാസ്ത്രത്തിന്റെ ഘടന. അത് അന്വേഷിക്കുന്നിടത്തു മാത്രമാണ് ദൈവശാസ്ത്രത്തിന്റെ  പ്രസക്തിയും.  ഒരുപക്ഷെ വ്യവസ്ഥാപിത എക്യൂമെനിക്കൽ ചിന്തകളിൽ നിന്നും അച്ഛനെ വേർതിരിച്ചു നിർത്തുന്നതും ഈ ദര്ശനങ്ങളാവാം.        

ദൈവശാസ്ത്ര രൂപീകരണവും പുതിയ വെല്ലുവിളികളും 

മാറിയ പുതിയകാലഘട്ടത്തിൽ ദൈവശാസ്ത്രം പ്രതിരോധിക്കേണ്ട മൂന്ന് കാര്യങ്ങളായി അച്ചൻ ചൂണ്ടിക്കാണിക്കുന്നത് ആഗോളവത്കരണവും  ഹിന്ദുത്വ രാഷ്ട്രീയവും  പരിസ്ഥിതി നശീകരണവുമാണ്. പ്രവർജ്ജനത്തിന്റെ പ്രത്യശാസ്ത്രവുമായി ആഗോള വത്‌ക്കരണവും നിയോ-ലിബറൽ മൂല്യങ്ങളും ദരിദ്ര സമൂഹങ്ങളെ പുറന്തള്ളുമ്പോൾ പ്രതിരോധത്തിന്റെ ആത്മീയതയും വിമോചനാത്മകമായ ഐക്യദാർഢ്യവും  ഉയർത്തുന്നതാവണം ഇന്ത്യൻ/ ഏഷ്യൻ ദൈവശാസ്ത്രമെന്ന് അച്ചൻ പറഞ്ഞുകൊണ്ടേയിരുന്നു. ബഹുസ്വരതയും മതനിരപേക്ഷതയും ഇല്ലാതാകുന്ന ഹിന്ദുത്വ രാഷ്ട്രീയം നാടിനാപത്താണെന്നും അതുകൊണ്ട് പരസ്പര ബഹുമാനത്തിന്റെയും ആദരവിന്റെയും ജീവൽ സമൂഹങ്ങളെ സൃഷ്ടിക്കുകയാണ് സഭകളുടെ സമകാലിക കർത്തവ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പാക്കാത്ത ആത്മീയത അര്ഥമില്ലാത്തതാണെന്നും നീതി വ്യവഹാരങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി സമഗ്ര ജീവൻ എല്ലാവര്ക്കും യാഥാർഥ്യമാക്കുന്ന ദൗത്യമാണ് ഇനി സഭകൾക്കുള്ളതെന്നും  പറയുമ്പോൾ വരാനിരിക്കുന്ന കാലത്തിലെ ദൈവ വിജ്ഞാനീയം എന്താണെന്ന് ദീർഘ ദര്ശനത്തോടെ പറയുകയായിരിന്നു കെ.സി. ഏബ്രഹാം അച്ചനെന്നു നമുക്കു മനസിലാക്കാനാവുന്നു. അത് വിമോചനാത്മകമായ ഐക്യദാർഢ്യത്തിന്റെ ദൈവശാസ്ത്രമാണ്. അരികുവത്കരിക്കപ്പെട്ടവരിൽ ക്രൂശിതനെ അടയാളപ്പെടുത്തുന്ന പ്രതിരോധത്തിന്റെ പ്രത്യശാസ്ത്രമാണത്. കാലം ക്രൈസ്തവ വിശ്വാസ സമൂഹങ്ങളോട് ആവശ്യപ്പെടുന്നതും അതുതന്നെയാണ്. 

ഉപസംഹാരം 

ജീവന്റെ നിഷേധം ദൈവ വിരുദ്ധമായ പ്രവർത്തിയാണെന്നും ജീവനെ ആഘോഷിക്കുന്ന സമഗ്ര നീതിയുടെ പരികര്മികളായി ഈ ലോകത്തിൽ സാക്ഷ്യം നിർവഹിക്കാനുമാണ് സഭയെ വിളിച്ചിരിക്കുന്നതെന്ന കെ.സി. ഏബ്രഹാമച്ചന്റെ ഓർമ്മപ്പെടുത്തൽ ഒരുപക്ഷെ ഈ കാലഘട്ടത്തിൽ കടുത്ത സഭാവിമര്ശനമായി കണക്കാക്കപ്പെട്ടേക്കാം. ഇന്ന് സഭ ആരുടെ പക്ഷത്താണെന്ന ചോദ്യം പ്രസക്തമാണ്. ഭൂ വിഭവങ്ങളുടെ അവകാശത്തിനായി കർഷകരും നിയവ്യവസ്ഥ അട്ടിമറിക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവർത്തകരും പുറന്തള്ളലിനെതിരെ അടിസ്ഥാന സമൂഹങ്ങളും ലിംഗ വിവേചനത്തിനെതിരെ സ്ത്രീകളും ലൈംഗീക ന്യുനപക്ഷങ്ങളും ഒക്കെ പ്രതിഷേധത്തിലായിരിക്കുമ്പോൾ പ്രതികരണമില്ലാത്ത സഭ ക്രിസ്തുവിന്റെ ശരീരമല്ലെന്ന് അച്ചൻ ഓർമപ്പെടുത്തുന്നു. ഇത്തരം ജീവിതഗന്ധിയായ ഓർമ്മപ്പെടുത്തലുകൾ അവഗണിക്കുമ്പോൾ സഭ നഷ്ടപ്പെടുത്തുന്നത് അതിന്റെ തന്നെ നിയോഗവും സാക്ഷാത്കാരവുമാണ്.