വസന്തത്തിന് കാതോർത്ത് 9
ദരിദ്രർ ദൈവീക ശുശ്രൂഷയുടെ പരികർമികൾ: ബിഷപ്പ് സാമുവൽ അമൃതത്തിന്റെ സാക്ഷ്യത്തെക്കുറിച്ച്
തിരുവനന്തപുരത്ത് ഒരു കോളേജ് വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിലാണ് ഡോ. സാമുവൽ അമൃതം അച്ചനെ പരിചയപ്പെടുന്നത്. ബിഷപ്പ് യേശുദാസന് ശേഷം CSI ദക്ഷിണകേരള മഹായിടവകയുടെ നേതൃത്വം ഏറ്റെടുക്കാൻ ജനീവയിലെ WCC യുടെ ചുമതലകൾ അവസാനിപ്പിച്ച് എത്തിയതാണ്. എക്യൂമെനിക്കൽ ദർശനങ്ങൾ അക്കാലത്തു സൂക്ഷിച്ചിരുന്ന സഭാ നേതാവ് എന്ന അർത്ഥത്തിൽ കേരള SCM ന്റെ പ്രവർത്തകരായിരുന്ന ഞങ്ങൾ വളരെ പ്രതീക്ഷകളോടെയാണ് അദ്ദേഹത്തെ വീക്ഷിച്ചിരുന്നത്. അത് അന്വർത്ഥമാക്കുന്ന തരത്തിൽ തന്നെയാണ് അദ്ദേഹം ഞങ്ങളോട് ഇടപെട്ടതും. എങ്ങനെയാണ് ഒരു സഭാ ശുശ്രൂഷകൻ വിമോചനാത്മകമായ വേദപുസ്തക ചിന്തകൾ തന്റെ ക്രിസ്തീയ ശുശ്രൂഷയിൽ പ്രാവർത്തികമാക്കുന്നത്, എങ്ങനെയാണത് സാമൂഹ്യ പ്രതിരോധ പ്രവർത്തങ്ങളുമായി ബന്ധപ്പെടുത്തുന്നത് എന്നതൊക്കെ അടുത്തുനിന്ന് വീക്ഷിക്കുവാനും മനസിലാക്കുവാനും സാധിച്ചത് ബിഷപ്പ് സാമുവൽ അമൃതത്തിന്റെ പ്രവർത്തന ശൈലിയിൽ നിന്നാണ്. ദൈവശാസ്ത്ര വിദ്യാഭ്യാസ മേഖലയിൽ അഖില ലോക സഭാകൗൺസിൽ തലങ്ങളിലൊക്കെ പ്രവർത്തിക്കുമ്പോഴും ഇന്ത്യയിലെ എക്യൂമെനിക്കൽ ദൈവശാസ്ത്ര രംഗത്ത് തലയെടുപ്പോടെ നിൽക്കുമ്പോഴും നിന്ദിതരും പീഢിതരുമായ സാധാരണ ജനം അദ്ദേഹത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിന്നു. "അരമനയിൽ താമസിക്കുന്ന തിരുമേനിയായിരുന്നപ്പോഴും ദരിദ്രരെ കാണാനുള്ള കാഴ്ച്ച അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നില്ല" എന്ന ജോൺ എസ്. പോബിയുടെ വാക്കുകൾ തന്നെയത് വെളിപ്പെടുത്തുന്നുണ്ട്. അതുതന്നെയാണ് അദ്ദേഹത്തിന്റെ ശുശ്രൂഷാജീവിതത്തെ എല്ലാക്കാലത്തും വിസ്മയകരവും വേറിട്ടതുമാകുന്നത്. ഈ കാലത്ത്, ബിഷപ്പ് അമൃതത്തിന്റെ ഓർമ്മകൾ പുനരാനയിക്കുന്നതിന്റെ രാഷ്ട്രീയവും അതുതന്നെയാണ്.
ജീവിത പടവുകൾ
1932 ഓഗസ്ത് 19 നു തിരുനന്തപുരം ജില്ലയിലെ തെക്കേയറ്റത്തെ ഗ്രാമമായ ചെറുവാരക്കോണത്താണ് സാം അമൃതം ജനിക്കുന്നത്. CSI ദക്ഷിണകേരള മഹായിടവകയിലെ പട്ടക്കാരനായിരുന്ന റവ. ജോബ് അമൃതവും അന്നാൾ അമൃതവുമായിരിന്നു മാതാപിതാക്കൾ. മദ്രാസ് ക്രിസ്ത്യൻ കോളേജിലെ ബിരുദപഠനത്തിനുശേഷം കണ്ണമ്മൂല കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയിലും പിന്നെ ബാംഗ്ലൂർ യുണൈറ്റഡ് തീയോളജിക്കൽ കോളേജിലും ദൈവശാസ്ത്ര വിദ്യാർത്ഥിയായി. 1957 ൽ ദക്ഷിണ കേരള മഹായിടവകയിലെ പട്ടത്വ ശുശ്രൂഷയിൽ പ്രവേശിച്ച സാം അമൃതം ജർമനിയിലെ ഹാംബുർഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് പഴയനിയമത്തിൽ ഡോക്ടറേറ്റ് നേടി ബാംഗ്ലൂർ UTC യിലും കൽക്കൊത്തയിലെ സെറാമ്പൂർ കോളേജിലും അധ്യാപകനായി. ബിഷപ്പ് ന്യൂ ബിഗിൻറെ നിർദ്ദേശപ്രകാരം 1969 ൽ മധുര, തമിഴ്‌നാട് തിയോളജിക്കൽ സെമിനാരിയുടെ ആദ്യ പ്രിൻസിപ്പലായി. ഇന്ത്യൻ ദൈവശാസ്ത്ര അഭ്യസന രംഗത്തെ വേറിട്ട വഴികൾ തുറക്കപെടുകയായിരിന്നു അവിടെ. സെമിനാരി തന്നെ ഒരു ഗുരുകുലമായി വിവക്ഷിക്കപ്പെടുകയും ചുറ്റുപാടുമുള്ള ഗ്രാമവാസികൾ പാഠ്യക്രമത്തിന്റെ ഭാഗമാവുകയും ചെയ്തു. സെനറ്റ് ഓഫ് സെറാമ്പൂർ കോളേജിന്റെ ബോർഡ് ഓഫ് തിയോളജിക്കൽ എഡ്യൂക്കേഷന്റെ ആദ്യ ഡിറക്ടറായും ദൈവശാസ്ത്ര പുസ്തക പ്രസാധക പ്രോഗ്രാമിന്റെ (BTTBPSA) സാരഥിയുമായി ദീർഘകാലം പ്രവർത്തിച്ചു. 1988 ൽ സെനറ്റ് ഓഫ് സെറാമ്പൂർ യൂണിവേഴ്സിറ്റി അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.
1980 കളിൽ നാം ബിഷപ്പ് അമൃതത്തെ കാണുന്നത് WCC യുടെ തിയോളജിക്കൽ എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ ഡിറക്ടറായിട്ടാണ്. ദൈവശാസ്ത്ര പഠനം ആരംഭിക്കേണ്ടത് സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിത വ്യവഹാരങ്ങളിലും സംഘർഷങ്ങളിലുമാണെന്ന അദ്ദേഹത്തിന്റെ ചിന്ത ആഗോള എക്യൂമെനിക്കൽ മേഖലയിൽ വിപ്ലവം തന്നെയായിരുന്നു. അക്കാലത്തു് ക്രോഡീകരിച്ച Theology by the People (WCC 1986), Stories Make People (1990) എന്നീ ഗ്രന്ഥങ്ങൾ തന്നെയാണതിനു തെളിവ്. 1990 ൽ ദക്ഷിണ കേരള മഹായിടവകയുടെ ബിഷപ്പായി ചുമതലയേറ്റ കാലം മുതൽ 97 ൽ വിരമിക്കുന്നതുവരെ ദൈവശാസ്ത്ര വിദ്യാഭ്യാസത്തിനും ക്രിസ്തീയ ശുശ്രൂഷക്കും ജനകീയമായ രീതിശാസ്ത്രം രൂപപ്പെടുത്താൻ യത്നിക്കുകയും വിപ്ലവകരമായ പരിവർത്തനങ്ങൾ വരുത്തുകയും ചെയ്തിരുന്നു എന്ന സാക്ഷ്യം ഇന്നും ഇന്ത്യയിലെ വിശ്വാസ സമൂഹം പ്രത്യേകിച്ചും കീഴാള ക്രൈസ്തവ സമൂഹം ഉയർത്തിപ്പിടിക്കുന്നിടത്താണ് സാമുവൽ അമൃതം എന്ന ജനകീയ ഇടയന്റെ ഓർമ്മകൾ എല്ലാകാലത്തും പ്രസക്തമാകുന്നത്. 2017 സെപ്‌തംബർ 26 നാണു അദ്ദേഹം വിടപറയുന്നത്. ജീവിത പങ്കാളി ശ്രീമതി. ലില്ലി അമൃതം; അരുണും ആശയും മക്കളാണ്.
ദരിദ്രർ ദൈവശാസ്ത്രത്തിന്റെ നിർമ്മാതാക്കൾ
ജനം (people) എന്ന തുടക്ക ബിന്ദുവിലാണ് ബിഷപ്പ് അമൃതത്തിന്റെ ചിന്താമണ്ഡലം രൂപപ്പെടുന്നത്. ജനമെന്ന് അദ്ദേഹം വിവക്ഷിക്കുന്നത് ദരിദ്രരും ചൂഷിതരുമായ സാധാരണ ജനസമൂഹം. അവരാണല്ലോ എല്ലാക്കാലവും അധികാരത്തിനു പുറത്തു നിൽക്കുന്നവർ. അവരാണല്ലോ എല്ലായ്പ്പോഴും ദൈവീക കരുണക്കായി യാചിക്കുന്നവർ. വേദപുസ്തകത്തിൽ ദൈവജനം (People of God) എന്ന് വിളിക്കുന്നതും അവരെത്തന്നെയാണ്. പഴയനിയമത്തിൽ അടിമകളുടെ രൂപത്തിൽ നാം അവരെ കാണുന്നു. അവരുടെ കഷ്ടത കണ്ട് കണ്ട് നിലവിളി കേട്ട് കേട്ട് ചരിത്രത്തിൽ ഉൾപ്രവേശം ചെയ്യുകയും പുറപ്പാടിന്റെ വിമോചന യാത്ര സാക്ഷാത്കരിക്കുകയും ചെയ്യുന്ന ദൈവം ഈ അടിമജനത്തിന്റെ ദൈവമാണ്. അവരാകട്ടെ അവന്റെ ജനവും. പുതിയ നിയമത്തിലാകട്ടെ Laos അഥവാ ചിന്നിയവരും ചിതറിയവരുമായ ജനം യേശുവിന്റെ ദൈവരാജ്യ കൂട്ടായ്മയിലെ അവകാശ സമൂഹമാണ്. അവരുടെ വേദനകളുടെയും സംഘർഷങ്ങളുടെയും പ്രതീക്ഷകളുടെയും പ്രതിഫലനമായിരുന്നു യേശുവിന്റെ സുവിശേഷം. യേശുവിന്റെ സുവിശേഷത്തിന്റെ ഉള്ളടക്കവും വെല്ലുവിളിയും നിസ്സഹായരായ മനുഷ്യന്റെ നൊമ്പരങ്ങളായിരിന്നു. വി. പൗലോസ് ക്രിസ്തുവിലെ നവ മാനവികതക്കായി സമർപ്പിച്ചവരെ സഭയെന്നു വിളിച്ചെങ്കിൽ വെളിപ്പാട് പീഡിതരുടെ വരാനിരിക്കുന്ന മിശ്ശിഹാരാജ്യത്തെക്കുറിച്ചാണ് സംസാരിച്ചത്. ബിഷപ്പ് സാം അമൃതത്തിന്റെ അഭിപ്രായത്തിൽ വേദപുസ്തകം ദരിദ്രരും നിസ്സഹായരുമായ ജനത്തിന്റെ ജീവിതാനുഭവമാണ്. അതുകൊണ്ടുതന്നെ ദൈവശാസ്ത്രവും ജനങ്ങളുടെ ജീവിതാനുഭങ്ങളിൽനിന്നും ഉയിർകൊള്ളുന്നതാവണം.
ജനം: ദൈവശാസ്ത്ര വിദ്യാഭ്യാസത്തിന്റെ രീതിശാസ്ത്രം
മധുര, തമിഴ്‌നാട് തിയോളജിക്കൽ സെമിനാരിയിലെ പ്രധാന അധ്യാപകനായി പ്രവർത്തിക്കുമ്പോൾ ഡോ. സാമുവൽ അമൃതം ആരംഭിച്ച റൂറൽ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ സോഷ്യൽ അനാലിസിസിനെ ദൈവശാസ്ത്ര വിദ്യാഭ്യാസ രംഗവുമായി ചേർത്തുനിർത്തി. ജനം ദൈവശാസ്ത്രത്തിന്റെ വിഷയം മാത്രമല്ലെന്നും മറിച്ച് അതിന്റെ നിർമ്മാതാക്കളാണെന്നുമുള്ള വിവക്ഷ ലാറ്റിൻ അമേരിക്കയിലെ Base Communities എന്ന ആശയത്തിൽനിന്നുമാണ് അദ്ദേഹം കടമെടുക്കുന്നത്. ആഫ്രിക്കൻ സംസ്കൃതിയിലെ Ubuntu എന്ന സങ്കൽപം സെമിനാരിയെ ഒരു ഗുരുകുല സമൂഹമായി രൂപപ്പെടുത്താൻ പര്യാപ്തമായി. ജാതിവിവേചനത്തിന്റെ ഇരകളായ ദളിതരും കീഴാളരും പുരുഷാധിപത്യത്തിന്റെ ഇരകളായ സ്ത്രീകളുമൊക്കെ ദൈവശാസ്ത്ര നിർമ്മിതിയിലെ വിഷയികളായിമാറി. ദൈവശാസ്ത്രത്തിനു പിന്നെ അതിന്റെ തത്വശാസ്ത്ര നിർബന്ധം നിലനിർത്താനാകാതെ വരികയും ജനകീയ സംഗീതത്തിന്റെയും കലയുടെയും ചിഹ്നനാത്മക വ്യവഹാരങ്ങളിലേക്കു മാറുകയും ചെയ്യേണ്ടി വന്നു. ഇന്ത്യൻ ദൈവശാസ്ത്ര വിദ്യാഭ്യാസം അടിമുടി മാറ്റപ്പെടുകയും കീഴാള ആത്മീയതയുടെ ചെറ്റക്കൂരകളിലേക്കു അത് പടരുകയും ചെയ്തു. സാം അമൃതം എന്ന വിദ്യാഭ്യാസ പ്രതിരോധ പ്രവർത്തകന്റെ കയ്യൊപ്പു കാലത്തിനുപോലും മായ്ക്കാനാവാത്തതാണ്.
പ്രാന്തസ്ഥിതർ ക്രൈസ്തവ ശുശ്രൂഷയുടെ നേതാക്കളാവുമ്പോൾ
യൂറോപ്യൻ-കൊളോണിയൽ ചിന്തയിൽ മർദിത ജനം എല്ലായ്‌പ്പോഴും ക്രിസ്തീയ ശുശ്രൂഷയുടെ ഒബ്ജെക്ട്സ് ആണ്. അവിടെ അവർ സ്വീകർത്താക്കളും ഉപഭോക്താക്കളുമാണ്. എന്നാൽ സാം അമൃതത്തിന്റെ ശുശ്രൂഷാ ദൈവശാസ്ത്രത്തിൽ അവരെല്ലായ്പോഴും സബ്ജക്ട്സ് ആണ്. പീഡിത ജനതയാണത് നിർമ്മിക്കുന്നതും നിയന്ത്രിക്കുന്നതും. പീഡിത ജനം ദൈവശാസ്ത്രം ചെയ്യുമ്പോൾ അവർ കേവലം ഇരകളായിട്ടല്ല തങ്ങളെ നിർവചിക്കുന്നത്; അവർതന്നെ അവരുടെ സ്വപ്നങ്ങൾക്കു നിറം നൽകുമ്പോൾ അവർ തങ്ങളുടെ തന്നെ വിധി നിർണ്ണയിക്കുന്നവരാവുകയാണ്. ഇത് ലിബറേഷൻ തീയോളജിയിൽ തന്നെ അടയാളപ്പെടുത്താവുന്ന പ്രകടമായ കുടമാറ്റമാണ്. ഓൾ ഇന്ത്യ തീയോളജിക്കലി ട്രെയിൻഡ് വിമൻസ് അസ്സോസിയേഷൻന്റെയും (ATTWI) ബോർഡ് ഓഫ് തിയോളജിക്കൽ എഡ്യൂക്കേഷന്റെയും (BTTESSC) സംയുക്ത സംഘാടനങ്ങളിൽ സാമുവൽ അമൃതം വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നു. WCC യുടെ തിയോളജിക്കൽ എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി പ്രാന്തസ്ഥിതരായ ദളിത്-ആദിവാസി ജനസമൂഹങ്ങളിലെ ഗവേഷകർക്കു മതിയായ സ്കോളർഷിപ്പും പുസ്തകങ്ങളും അദ്ദേഹം ഉറപ്പുവരുത്തി. ഉത്തരേന്ത്യയിൽ സത്യനികേതൻ എന്ന സെമിനാരി അവർക്കായി സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്തു. ദൈവശാസ്ത്ര വിദ്യാർത്ഥികളെയും ക്രൈസ്തവ വിദ്യാഭ്യാസ പ്രക്രിയയിലെ വിഷയികളായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്. അതുകൊണ്ട് ദൈവശാസ്ത്ര വിദ്യാർത്ഥികളുടെ ക്രമീകൃതമായ കൂടിവരവുകളും സംവാദങ്ങളും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. ദൈവജനത്തിന്റെ ക്രിസ്തീയ സാക്ഷ്യം എന്ന പദ്ധതിയിൽ അല്മായ സമൂഹത്തിന്റെ നേതൃത്വം ബിഷപ്പ് അമൃതം അംഗീകരിക്കുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ദൈവജനത്തിന്റെ പൗരോഹിത്യ ശുശ്രൂഷ ഒരു എക്യൂമെനിക്കൽ ചിന്താധാരയായി വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമായായിരിന്നു. ക്രൈസ്തവ സഭയെ ദുർബല ജനതയുടെ തീർത്ഥാടക കൂട്ടായ്മയായി മനസിലാക്കുകയും അത് തന്റെ സഭാശുശ്രൂഷയിൽ സാക്ഷാത്കരിക്കുകയും ചെയ്ത ഒരു സാധാരണ ഇടയൻ എന്ന നിലയിൽ ബിഷപ്പ് സാമുവൽ അമൃതം എന്നും നമ്മുടെ സ്വപ്നങ്ങളിൽ ഒരു ദീപ്തമായ നക്ഷത്രമായി ശോഭിക്കുകതന്നെ ചെയ്യും.
ഉപസംഹാരം
എന്താണ് ഇടയ ശുശ്രൂഷ, എന്തായിരിക്കണം ദൈവശാസ്ത്ര വിദ്യാഭ്യാസം, എന്താണ് സഭ, എന്താണ് സഭാ നേതൃത്വം, എന്താണ് സഭയുടെ പൊതുമണ്ഡലത്തിലെ സാക്ഷ്യം എന്നൊക്കെ അന്വേഷിക്കുന്നവർക്ക് ബിഷപ്പ് സാമുവൽ അമൃതം ഒരു പാഠപുസ്തകമാണ്, ഒരു അടയാളമാണ്, ഒരു മാതൃകയാണ്. എളിമയും ലാളിത്യവും സമർപ്പണവും പ്രായോഗിക ജ്ഞാനവും സമഞ്ജസമായി സമ്മേളിച്ചിരുന്ന ആ വ്യക്തിത്വം സമകാലിക സഭാ നേതൃത്വങ്ങളിൽ നിന്നും വിഭിന്നവും വേറിട്ടതുമാണ്. ഒരുപക്ഷെങ്കിൽ ഇത്തരം വ്യക്തിത്വങ്ങളുടെ ഓർമ്മകൾ മാത്രമായിരിക്കും സഭയുടെ പൊതുസമൂഹത്തിലെ സ്ഥാനവും അംഗീകാരവും വരുംകാലങ്ങളിലും നിർണ്ണയിക്കുകയെന്നു ഞാൻ സന്ദേഹിക്കുന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.