Sunday, May 30, 2021

വസന്തത്തിന് കാതോർത്ത് 8 


ഐക്യദാർഡ്യത്തിന്റെ ജീവിതം:  ഡോ.കെ. സി. ഏബ്രഹാം അച്ചനെ ഓർക്കുമ്പോൾ 


ആഴമായ ദൈവശാസ്ത്ര ചിന്തകൾ പങ്കുവയ്ക്കുമ്പോഴും മായാത്ത പുഞ്ചിരിയുമായി അക്ഷോഭ്യമായ സമീപനവുമായി നിരന്തരം പ്രതീക്ഷകളുണർത്തുന്ന ദർശനങ്ങളുമായി  ഏറെക്കാലം നമ്മോടു സംസാരിച്ച കെ.സി. ഏബ്രഹാമച്ചൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് അഞ്ചു വർഷങ്ങൾ തികയുന്നു. സൗമ്യനായ അദ്ധാപകൻ, സമർപ്പിതനായ പട്ടക്കാരൻ, സ്വപ്‌നാടകനായ സാമൂഹ്യ പ്രവർത്തകൻ എന്നൊക്കെ അദ്ദേഹത്തെ സംബോധന   ചെയ്യാമായിരിക്കാം. എന്നാൽ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകളാണ് ഒരു ക്രിസ്തീയ വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിൽ എന്നെ സ്വാധീനിച്ചിട്ടുള്ളത്. ദൈവശാസ്ത്രം എല്ലായ്‌പ്പോഴും ഐക്യദാർഡ്യത്തിന്റെതാണെന്നും അത് ക്രൈസ്തവ വിശ്വാസ സമൂഹങ്ങളെ ദരിദ്രരിലേക്കും പീഡിതരിലേക്കും നയിക്കുന്നുവെന്നും ജീവൻനിഷേധ സംസ്കാരങ്ങളുടെ കാലത്ത് ക്രിസ്തുവിൽ പ്രകടമായ സമൃദ്ധിയായ ജീവന്റെ സുവിശേഷം പങ്കുവക്കുന്നതാണ് സഭയുടെ ദൗത്യമെന്നും നമ്മെ നിരന്തരം ഓർമ്മപ്പെടുത്തിയിരുന്ന കെ.സി ഏബ്രഹാമച്ചന്റെ ധന്യമായ ജീവിതത്തെ ഓർത്തു ദൈവത്തിനു നന്ദി കരേറ്റുന്നു.

ജീവിത വഴിത്താര 

1936 ഏപ്രിൽ 13 നു പത്തനംതിട്ടയിലെ  കോടുകുളഞ്ഞിയിലായിരിന്നു അച്ചന്റെ ജനനം. പിതാവ് റവ.  സി. എ ഏബ്രഹാം CSI മധ്യകേരള മഹായിടവകയിലെ ഒരു പട്ടക്കാരനായിരുന്നതുകൊണ്ടു ചെറുപ്പം മുതൽക്കേ സഭാശുശ്രൂഷകളുമായുള്ള ബന്ധത്തിലാണ് വളർന്നത്. മധ്യകേരള യുവജനപ്രസ്ഥാനവും പുരോഗമന സാമൂഹ്യപ്രസ്ഥാനങ്ങളുമൊക്കെ അദ്ദേഹത്തിന്റെ വിശ്വാസപാരമ്പര്യങ്ങളെ  പുനരന്വേഷിക്കാൻ സഹായിച്ചു. ഒരു ഇടവക പട്ടക്കാരൻ എന്ന നിലയിൽ കേരളത്തിൽ അദ്ദേഹം പ്രവർത്തിച്ച ഏക സ്ഥലമായ കറിക്കാട്ടൂരിൽ ജനകീയ പട്ടക്കാരൻ എന്ന  ഖ്യാതി ഉണ്ടാക്കിയെടുത്തിരുന്നു. ബാംഗ്ലൂർ St Mark's  കത്തീഡ്രലിൽ പ്രവർത്തിക്കുന്ന കാലത്താണ് ദേശീയ ദൈവശാസ്ത്ര വിദ്യാഭ്യാസ രംഗത്തേക്ക് അച്ചൻ പ്രവേശിക്കുന്നത്. ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ ദീർഘകാലം പ്രവർത്തിച്ചു.  തിരുവനന്തപുരത്തെ കേരള യുണൈറ്റഡ്‌ തിയോളജിക്കൽ സെമിനാരിയിലും പഠിപ്പിച്ചിട്ടുണ്ട്. 

ബാംഗ്ലൂർ എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്ററിന്റെ ഡയറക്ടറായും SATHRI  (South Asia Theological Institute) യുടെ ഡയറക്ടറായും BTESSC (Board of Theological Education of Senate of Serampore College) സെക്രട്ടറിയായും  CISRS ന്റെ റിസർച്ച് ആൻറ് സ്റ്റഡി സെക്രെട്ടറിയായും  EATWOT (Ecumenical Association of Third -World Theologians) ന്റെ അധ്യക്ഷനായും CCA യുടെയും WCC യുടെയും വിവിധ കമ്മീഷനുകളിലെ അംഗമായും  ഇന്ത്യൻ/ ഏഷ്യൻ എക്യൂമെനിക്കൽ രംഗത്തും ദൈവശാസ്ത്ര രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. സാൻഫ്രാൻസിസ്കോ തിയോളജിക്കൽ സെമിനാരിയിലും പ്രിൻസ്ടൺ സെമിനാരിയിലും തായ്‌വാനിലെ   Tainan Theological Seminary യിലും  കൊറിയയിലെ   Hanil Theological Seminary യിലും  പഠിപ്പിച്ചിരുന്നു. ബാംഗ്ലൂർ തിയോളജിക്കൽ ഫോറത്തിന്റെയും ഏഷ്യൻ ജേർണൽ ഓഫ് തിയോളജിയുടെയും വോയ്‌സെസ് ഫ്രം ദി തേർഡ്-വേൾഡിന്റെയും എഡിറ്ററായിരുന്നു. വൈ എം. സി. എ, ക്രിസ്ത്യൻ പീസ് കോൺഫറൻസ് തുടങ്ങിയ പ്രസ്ഥാനങ്ങളിലും നേതൃത്വം വഹിച്ചിരുന്നു. ജീവിത പങ്കാളി ഡോ. മോളി കൊച്ചമ്മയോടൊപ്പം ആരംഭിച്ച Liza's  Home  മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന ദരിദ്രരായ പെൺകുട്ടികൾക്ക് ആശ്രയമായി തുടരുന്നു. 2016 June 12 നാണ് അച്ചൻ വിടപറയുന്നത്. വരാനിരിക്കുന്ന മിശ്ശിഹാ രാജ്യത്തിൻറെ പ്രതീക്ഷകൾ സാക്ഷാത്കരിച്ച വാക്കുകളും പ്രവർത്തികളുമായി നമ്മുടെ ഇടയിൽ ജീവിച്ച ആ മഹാനുഭാവന്റെ ഓർമകൾക്ക് മാത്രം പക്ഷെ മരണമില്ല. 

എണ്ണമറ്റ രചനകളാണ് അച്ഛന്റെ തൂലികയിൽ നിന്ന് വിടർന്നത്. Liberative Solidarity: Contemporary Perspectives on Mission എന്ന ഗ്രൻഥം സഭയുടെ മിഷൻ വിമോചനാത്മകമായ സാമൂഹ്യ ഇടപെടലും നീതിക്കുവേണ്ടിയുള്ള പ്രയത്നവുമാണെന്നു വ്യക്തമാക്കി. Globalization: A Gospel  and Culture Perspective ആഗോളവത്കരണത്തിനും ക്യാപിറ്റലിസ്റ് സാമ്പത്തിക ക്രമത്തിനും എതിരെ മൂന്നാം ലോക രാജ്യങ്ങളിലുണ്ടായ പ്രതിരോധത്തിന് ഇന്ത്യയിൽനിന്നുള്ള ഐകദാർഢ്യമായിരുന്നു. Spirituality of the Third -world : A  Cry  for  Life , Third -world  Theologies : Commonalities  and  Divergences തുടങ്ങിയ ഗ്രൻഥങ്ങളാവട്ടെ ഏഷ്യൻ പശ്ചാത്തലത്തിലുള്ള ദൈവശാസ്ത്ര രൂപീകരണത്തിനായി നടത്തിയ ചർച്ചകളുടെ ക്രോഡീകരണമാണ്.  ഒരുപക്ഷെങ്കിൽ പാശ്ചാത്യ ദൈവശാസ്ത്ര ആവിഷ്കാരങ്ങൾക്കപ്പുറത്തേക്കു ഏഷ്യയുടെ ഗർഭപാത്രത്തിൽ നിന്നും മനുഷ്യന്റെ ദൈവാനുഭവങ്ങൾക്കു നിറം പകർന്നവരിൽ കഗാവയോടും കോസുകെ കൊയമായോടും സി. എസ്. സോങ്ങിനോടും എം.എം. തോമസിനോടുമൊപ്പം പരിഗണ അർഹിക്കുന്ന ആൾ എന്ന നിലയിലേക്ക് ശ്രദ്ധേയനാവാൻ കെ.സി. ഏബ്രഹാമച്ചന് കഴിഞ്ഞിരുന്നു. 

ദൈവശാസ്ത്രവും പശ്ചാത്തലവും 

കെ.സി. എബ്രഹാമച്ചനെ സംബന്ധിച്ചടത്തോളം ദൈവശാസ്ത്രം അഥവാ ദൈവാനുഭവങ്ങളുടെ ആവിഷ്കാരം പശ്ചാത്തല കേന്ദ്രീകൃതമാണ്. എന്നാൽ പാശ്ചാത്യ ദൈവശാസ്ത്രം ഏഷ്യയിൽ എത്തിയത് യൂറോപ്യൻ പശ്ചാത്തലത്തെ മറച്ചുവച്ചാണ്. അതുകൊണ്ടുതന്നെ അത് അപ്പോളജെറ്റികും പോളമിക്കുമായിരിന്നു. മതബഹുലതയെ അഡ്രസ് ചെയ്യാൻ അതിനു കഴിയുമായിരുന്നില്ല. ക്രിസ്തുവോ ക്രിസ്തീയ മതമോ കേന്ദ്രീകരിച്ചുള്ള സുവിശേഷീകരണമായിരിന്നു അവരുടെ രീതി. J . N  Farquhar നെ പോലുള്ളവർ മറ്റു മതങ്ങളുടെ പൂർത്തീകരണമായി ക്രിസ്തുമതത്തെ അവതരിപ്പിച്ചു. എന്നാൽ D  T  നൈൽസും P D ദേവാനന്ദനും എം. എം. തോമസും ഒക്കെ ഇന്ത്യൻ/ ഏഷ്യൻ പശ്ചാത്തലത്തിന്റെ വ്യത്യസ്തമായ മതബഹുലത എന്ന സാമൂഹ്യ യാഥാർഥ്യത്തിനു ഊന്നൽ നൽകി യുറോപ്പിതര ദൈവശാസ്ത്രത്തിനു രൂപം നൽകി. ശ്രീലങ്കയിലും ചൈനയിലും ജപ്പാനിലും തായ്‌വാനിലും അതിനു അനുരണങ്ങളുണ്ടായി. ലാറ്റിനമേരിക്കൽ ലിബറേഷൻ തിയോളജിയുടെ ചുവടുപിടിച്ച് ദരിദ്രരുടെ നീതിസമരങ്ങൾക്കു തുണയേകുന്ന രാഷ്ട്രീയ ദൈവശാസ്ത്രങ്ങളാണ് പിന്നീടുണ്ടായത്. ചൂഷണത്തിനും അടിച്ചമർത്തലിനും വിധേയരാകുന്ന അധിനിവേശിത ജനതയുടെ ദൈവാനുഭവങ്ങൾക്കു നിറം പകരാൻ എഴുത്തുകളും പ്രഭാഷണങ്ങളുമായി കെ.സി. എബ്രഹാമച്ചനും പങ്കുചേരുന്നതാണ് പിന്നെ നാം കാണുന്നത്. 

തുറന്ന സഹഭോജിത സമൂഹത്തിനായി 

സഹഭോജിതത്വം (commensality) എന്ന ആശയം ഡൊമിനിക് ക്രോസ്സാൻ എന്ന പുതിയനിയമ പണ്ഡിതനിൽ നിന്നാണ് അച്ചൻ സ്വീകരിക്കുന്നത്. സഭ ഒരു തുറന്ന തിരുവത്താഴ സമൂഹം എന്ന ചിന്തയുമായി ബന്ധപ്പെടുത്തി സഹവർത്തിത്തത്തിന്റെയും സാഹോദര്യത്തിന്റെയും വിഭവ പങ്കിടലിന്റെയും ഒരു പുതിയ സമൂഹസൃഷ്ടിയാവണം ദൈവശാസ്ത്രത്തിന്റെ ലക്ഷ്യമെന്ന് അച്ചൻ വ്യക്തമാക്കുന്നു. വിവേചനമില്ലാത്ത, അധികാര ശ്രേണികളില്ലാത്ത, പരസ്പര സ്നേഹത്തിന്റെയും ആദരവിന്റെയും പുതു സമൂഹത്തെക്കുറിച്ചുള്ള ചിന്ത വൈരാഗ്യത്തിന്റെയും വെറുപ്പിന്റെയും പുറന്തള്ളലിന്റെയും കാലത്തു ഒഴിവാക്കാനാകാത്ത ദൈവശാസ്ത്ര നിർബന്ധമാണെന്ന് അച്ചൻ പറയുന്നു. റോമൻ സാമ്രാജ്യത്തെയും അതിന്റെ ചൂഷണത്തിന്റെയും പുറന്തള്ളലിന്റെയും സാമ്പത്തിക ക്രമത്തെയും പ്രതിരോധിക്കാൻ യേശുപ്രസ്ഥാനം രൂപപ്പെടുത്തിയ സാക്ഷ്യ ക്രമത്തിന്റെ പുനരാവിഷ്കാരമാണ് ഇത്. സൗജന്യമായ സൗഖ്യവും, എക്‌സോർസിസവും പുരുഷാധിപത്യ പ്രവണതകളോടുള്ള നിഷേധവുമെല്ലാം ആദിമ സഹഭോജിത സമൂഹത്തിന്റെ പ്രയോഗങ്ങളായിരിന്നു. ഇത് തന്നെയാണ് ഈ കാലത്തിലും സഭയിൽ നിന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നത്.    ഒരുപക്ഷെ സമകാലിക സഭാ ജീവിതത്തിൽ ഇത് വിമർശനാത്മകമായ നിലപാടാവാം. ദൈവശാസ്ത്രത്തെ സംഗതമാക്കുന്നതിനു  ഈ വിമര്ശനം അനിവാര്യമായിരിക്കുന്നു എന്നുതന്നെയാണ് കെ.സി. ഏബ്രഹാമച്ചൻ വ്യക്തമാക്കുന്നത്. പ്രതിസംസ്കൃതിയുടെ ചിന്തകളും ഭാഷകളും പ്രയോഗങ്ങളും സൃഷ്ഠിക്കുകതന്നെയാണ് ദൈവശാസ്ത്രത്തിന്റെ  നിയോഗമെന്നു അച്ചൻ ഓർമിപ്പിക്കുന്നു. 

പരിസ്ഥിതിയും എക്യൂമെനിസവും 

ഇന്ത്യയിലെ തനതായൊരു പരിസ്ഥിതി ദൈവശാസ്ത്രം രൂപീകരിക്കുന്നതിൽ കെ.സി. ഏബ്രഹാമച്ചന്റെ പങ്ക്‌ ഒരിക്കലും തള്ളിക്കളയാനാവില്ല. പാശ്ചാത്യ ചിന്താധാരകളിൽനിന്നും വിഭിന്നമായി ഇന്ത്യയിലെ പൗരാണിക മത വിശ്വാസ ധാരകളെ ഗൗരവമായി കാണേണ്ടതുണ്ട്. കീഴാള ജ്ഞാന സിദ്ധാന്തങ്ങളെ ഗൗരവമായി ഉപയോഗിക്കേണ്ടതുണ്ട്. യഹൂദ-ക്രിസ്ത്യൻ വേദപുസ്തക വായനാരീതികളുടെ പരിമിതികൾ തിരിച്ചറിയേണ്ടതുണ്ട്. സമഗ്ര ജീവന്റെ തുടിപ്പുകൾ ആഘോഷങ്ങൾ അനുരണനങ്ങൾ തദ്ദേശീയമായി കണ്ടെത്തേണ്ടതുണ്ട്. എക്യൂമെനിസം എന്നത് ഈ സമഗ്രജീവന്റെ ജീവിത ഘടനയായിട്ടാണ് ഈ നാട് മനസ്സിലാക്കിയിരിക്കുന്നത്. കേവലം സഭൈക്യ പ്രസ്ഥാനമായി അതിനെ ചുരുക്കാൻ പാടില്ല. ഭൂമിയും അതിന്റെ വിഭവങ്ങളും അതിനോട് ജീവിതം പങ്കിട്ടുകൊണ്ടു അസ്തിത്വം നിർണ്ണയിക്കുന്ന അടിസ്ഥാന സമൂഹങ്ങളും കേന്ദ്രമായിത്തീരുന്ന ഒരു എക്യൂമെനിക്കൽ ദർശനം പാരിസ്ഥിതികവുമായിരിക്കും. എക്കോളജിയുടെ എക്യൂമെനിസം എന്നാണ് കെ.സി. ഏബ്രഹാമച്ചൻ ഇതിനെ വിളിക്കുക. പാരിസ്ഥിതികമായതുകൊണ്ടാണ് എക്യൂമെനിസം രാഷ്ട്രീയപരമാകുന്നതെന്നും അച്ചൻ വ്യക്തമാകുന്നു. ദൈവശാസ്ത്രത്തിന്റെ രഷ്ട്രീയ ഉള്ളടക്കവും ഇതുതന്നെയാണ്. ഇവിടെയാണ് ദൈവശാസ്ത്രം മനുഷ്യകേന്ദ്രീകൃതത്തിൽനിന്നും ജീവൽ കേന്ദ്രീകൃതമാകുന്നതും ഏകദൈവ കേന്ദ്രീകൃതത്തിൽ നിന്നും ത്രിത്വ ദൈവകേന്ദ്രീകൃതമാകുന്നതും. ബന്ധുത്വമാണ് ദൈവശാസ്ത്രത്തിന്റെ ഘടന. അത് അന്വേഷിക്കുന്നിടത്തു മാത്രമാണ് ദൈവശാസ്ത്രത്തിന്റെ  പ്രസക്തിയും.  ഒരുപക്ഷെ വ്യവസ്ഥാപിത എക്യൂമെനിക്കൽ ചിന്തകളിൽ നിന്നും അച്ഛനെ വേർതിരിച്ചു നിർത്തുന്നതും ഈ ദര്ശനങ്ങളാവാം.        

ദൈവശാസ്ത്ര രൂപീകരണവും പുതിയ വെല്ലുവിളികളും 

മാറിയ പുതിയകാലഘട്ടത്തിൽ ദൈവശാസ്ത്രം പ്രതിരോധിക്കേണ്ട മൂന്ന് കാര്യങ്ങളായി അച്ചൻ ചൂണ്ടിക്കാണിക്കുന്നത് ആഗോളവത്കരണവും  ഹിന്ദുത്വ രാഷ്ട്രീയവും  പരിസ്ഥിതി നശീകരണവുമാണ്. പ്രവർജ്ജനത്തിന്റെ പ്രത്യശാസ്ത്രവുമായി ആഗോള വത്‌ക്കരണവും നിയോ-ലിബറൽ മൂല്യങ്ങളും ദരിദ്ര സമൂഹങ്ങളെ പുറന്തള്ളുമ്പോൾ പ്രതിരോധത്തിന്റെ ആത്മീയതയും വിമോചനാത്മകമായ ഐക്യദാർഢ്യവും  ഉയർത്തുന്നതാവണം ഇന്ത്യൻ/ ഏഷ്യൻ ദൈവശാസ്ത്രമെന്ന് അച്ചൻ പറഞ്ഞുകൊണ്ടേയിരുന്നു. ബഹുസ്വരതയും മതനിരപേക്ഷതയും ഇല്ലാതാകുന്ന ഹിന്ദുത്വ രാഷ്ട്രീയം നാടിനാപത്താണെന്നും അതുകൊണ്ട് പരസ്പര ബഹുമാനത്തിന്റെയും ആദരവിന്റെയും ജീവൽ സമൂഹങ്ങളെ സൃഷ്ടിക്കുകയാണ് സഭകളുടെ സമകാലിക കർത്തവ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പാക്കാത്ത ആത്മീയത അര്ഥമില്ലാത്തതാണെന്നും നീതി വ്യവഹാരങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി സമഗ്ര ജീവൻ എല്ലാവര്ക്കും യാഥാർഥ്യമാക്കുന്ന ദൗത്യമാണ് ഇനി സഭകൾക്കുള്ളതെന്നും  പറയുമ്പോൾ വരാനിരിക്കുന്ന കാലത്തിലെ ദൈവ വിജ്ഞാനീയം എന്താണെന്ന് ദീർഘ ദര്ശനത്തോടെ പറയുകയായിരിന്നു കെ.സി. ഏബ്രഹാം അച്ചനെന്നു നമുക്കു മനസിലാക്കാനാവുന്നു. അത് വിമോചനാത്മകമായ ഐക്യദാർഢ്യത്തിന്റെ ദൈവശാസ്ത്രമാണ്. അരികുവത്കരിക്കപ്പെട്ടവരിൽ ക്രൂശിതനെ അടയാളപ്പെടുത്തുന്ന പ്രതിരോധത്തിന്റെ പ്രത്യശാസ്ത്രമാണത്. കാലം ക്രൈസ്തവ വിശ്വാസ സമൂഹങ്ങളോട് ആവശ്യപ്പെടുന്നതും അതുതന്നെയാണ്. 

ഉപസംഹാരം 

ജീവന്റെ നിഷേധം ദൈവ വിരുദ്ധമായ പ്രവർത്തിയാണെന്നും ജീവനെ ആഘോഷിക്കുന്ന സമഗ്ര നീതിയുടെ പരികര്മികളായി ഈ ലോകത്തിൽ സാക്ഷ്യം നിർവഹിക്കാനുമാണ് സഭയെ വിളിച്ചിരിക്കുന്നതെന്ന കെ.സി. ഏബ്രഹാമച്ചന്റെ ഓർമ്മപ്പെടുത്തൽ ഒരുപക്ഷെ ഈ കാലഘട്ടത്തിൽ കടുത്ത സഭാവിമര്ശനമായി കണക്കാക്കപ്പെട്ടേക്കാം. ഇന്ന് സഭ ആരുടെ പക്ഷത്താണെന്ന ചോദ്യം പ്രസക്തമാണ്. ഭൂ വിഭവങ്ങളുടെ അവകാശത്തിനായി കർഷകരും നിയവ്യവസ്ഥ അട്ടിമറിക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവർത്തകരും പുറന്തള്ളലിനെതിരെ അടിസ്ഥാന സമൂഹങ്ങളും ലിംഗ വിവേചനത്തിനെതിരെ സ്ത്രീകളും ലൈംഗീക ന്യുനപക്ഷങ്ങളും ഒക്കെ പ്രതിഷേധത്തിലായിരിക്കുമ്പോൾ പ്രതികരണമില്ലാത്ത സഭ ക്രിസ്തുവിന്റെ ശരീരമല്ലെന്ന് അച്ചൻ ഓർമപ്പെടുത്തുന്നു. ഇത്തരം ജീവിതഗന്ധിയായ ഓർമ്മപ്പെടുത്തലുകൾ അവഗണിക്കുമ്പോൾ സഭ നഷ്ടപ്പെടുത്തുന്നത് അതിന്റെ തന്നെ നിയോഗവും സാക്ഷാത്കാരവുമാണ്.  

Friday, May 28, 2021

 

വസന്തത്തിന് കാതോർത്ത് 7


പ്രൊഫ. നൈനാൻ കോശി: ഭരണകൂട ഭീകരതയുടെ ഈ കാലത്ത് അനിവാര്യമായിത്തീരുന്ന ഓർമ്മ

                                                   



ക്രൈസ്തവ സഭക്ക് ഭരണകൂടത്തോട് ഉണ്ടായിരിക്കേണ്ട ദൈവശാസ്ത്ര സമീപനത്തെക്കുറിച്ചു ആഴമായി പഠിക്കുകയും പഠിപ്പിക്കുകയും  ചെയ്ത് ഇന്ത്യയിൽ മാത്രമല്ല അന്താരാഷ്ട്ര തലങ്ങളിലും ശ്രദ്ധിക്കപ്പെട്ട  ഒരാൾ എന്ന നിലയ്ക്കാണ് പ്രൊഫ. നൈനാൻ കോശിയെ ഞാൻ  അനുസ്മരിക്കാനാഗ്രഹിക്കുന്നത്. എക്യൂമെനിസത്തെക്കുറിച്ചും ആണവ നിരായുധീകരണത്തെക്കുറിച്ചും സഭയിലെ ജാതീയതിയെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചുണ്ട്, എഴുതിയിട്ടുണ്ട്. അതൊക്കെത്തന്നെ പരിഗണനാർഹവും ചിന്തോദ്ധീപകങ്ങളുമാണ്. എന്നാൽ, സഭയും രാഷ്ട്രവും എന്ന കേന്ദ്ര ചിന്താമണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തന്റെ സാമൂഹ്യ, രാഷ്ട്രീയ  ദൈവശാസ്ത്രചിന്താധാരകൾ വികസിപ്പിച്ചിട്ടുള്ളതെന്നാണ് എനിക്ക് തോന്നുന്നത്. ഒരുപക്ഷെ, അഖില ലോക സഭ കൗൺസിലിന്റെ അന്താരാഷ്ട്ര നയതന്ത്ര നിലപാടുകൾ രൂപപ്പെടുത്തിയ ആൾ എന്ന നിലക്ക് ഇത് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭവനയാണെന്നു കരുതേണ്ടിയിരിക്കുന്നു. ഭരണകൂടാധികാരം കൂടുതൽ കൂടുതൽ കേന്ദ്രീകരിക്കപ്പെടുകയും ജനവിരുദ്ധമാകുകയും അടിസ്ഥാന സമൂഹങ്ങൾ   മുൻപെങ്ങുമില്ലാത്തവിധം പുറന്തള്ളപ്പെടുകയും ചെയ്യുന്ന സമകാലിക പശ്ചാത്തലത്തിൽ പ്രൊഫ.നൈനാൻ കോശിയുടെ ഭരണകൂട ദൈവശാസ്ത്ര ചിന്തകൾ അനുസ്മരിക്കുന്നത് ഒരു ദൈവശാസ്ത്ര നിർബന്ധം കൂടിയാകാം. 

പിന്നിട്ട ജീവിതവഴികൾ

1934 ഫെബ്രുവരി ഒന്നിന് പത്തനംതിട്ട ജില്ലയിലെ മുണ്ടിയപ്പള്ളിയിലാണ് നൈനാൻ കോശി ജനിക്കുന്നത്. ദക്ഷിണേന്ത്യ സഭയുടെ മധ്യകേരള മഹാഇടവകയിലെ അംഗമായിരുന്നു. കോട്ടയം CMS കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായിട്ടാണ് കരിയർ ആരംഭിക്കുന്നത്. പിന്നീട് ചങ്ങനാശ്ശേരി SB കോളേജിലും മാവേലിക്കര ബിഷപ്പ് മൂർ കോളേജിലും പഠിപ്പിച്ചു. ബിഷപ്പ് മൂർ കോളേജിലെ വൈസ് പ്രിൻസിപ്പലായിട്ടാണ് റിട്ടയർ ചെയ്യുന്നത്. അക്കാലത്തു കേരള യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് അംഗമായി പ്രവർത്തിക്കുമ്പോൾ കേരള ഗവർമെന്റിന്റെ ഉന്നതവിദ്യാഭ്യാസ നയരൂപീകരണ ബോർഡ്അംഗമായിരുന്നിട്ടുണ്ട്. 

എക്യൂമെനിക്കൽ പ്രവർത്തനങ്ങളിൽ തന്റെ മാർഗദർശിയായിരുന്ന ഡോ. എം.എം തോമസിന്റെ ആലോചനപ്രകാരം 1968 -73  കാലഘട്ടത്തിൽ സ്റ്റുഡന്റ് ക്രിസ്ത്യൻ മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (SCMI) നേതൃത്വം ഏറ്റെടുത്തു. പിന്നീട് WCC യുടെ Churches Commission on International Affairs ന്റെ  ഡയറക്ടറായി ചുമതലയേറ്റപ്പോൾ സഭയും രാഷ്ട്രവും തമ്മിലുള്ള പരിവർത്തനാത്മക ബന്ധത്തെക്കുറിച്ചും ഭരണകൂടത്തെക്കുറിച്ചുള്ള എക്യൂമെനിക്കൽ ദൈവശാസ്ത്രത്തെക്കുറിച്ചും ധാരാളം എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ബാംഗ്ലൂർ എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്ററിന്റെ ഡയറക്ടറായി കുറേകാലം പ്രവർത്തിച്ചിരുന്നു. Christian Institute For the Study of Religion and Society (CISRS) യുടെ  പ്രവർത്തനങ്ങളിലൂടെ ദേശീയ എക്യൂമെനിക്കൽ പ്ലാറ്റുഫോമുകളിലും പ്രൊഫ. കോശി സജീവമായിരുന്നു.  അദ്ദേഹത്തിന്റെ  എക്യൂമെനിക്കൽ രംഗത്തെ സംഭാവനകൾ പരിഗണിച്ചു് സെറാമ്പൂർ യൂണിവേഴ്സിറ്റി 1995 ൽ ഓണററി ഡോക്ടറേറ്റ് നൽകിയിരുന്നു. 2015  മാർച്ച് 4 ന് അന്തരിച്ചു. 

WCC യിലെ ചുമതലകളിൽ നിന്നും വിരമിച്ചതിനുശേഷം Harvard Law School ൽ ഫെലോ ആയി പ്രവർത്തിച്ചിരുന്നു. Caste in  Kerala Churches എന്ന പുസ്തകം കേരളത്തിലെ സഭകളിലെ ജാതീയതയെ തുറന്നു കാണിക്കുന്ന ഒന്നായിരുന്നു. Religious Freedom in a Changing  World,   War on Terror, Reordering  the  World, Empire and Terrorism, സഭയും രാഷ്ട്രവും; ഭീകരവാദവും നവ ലോകക്രമവുo; മതം, മാർക്സിസം, മതേതരത്വം; യുദ്ധം, രാഷ്ട്രം, സമൂഹം; ശിഥിലീകരിക്കപ്പെട്ട വിദ്യാഭ്യാസം  തുടങ്ങിയ ധാരാളം രചനകളിലൂടെ കേരളീയ പൊതുസമൂഹത്തെ പുരോഗമനാത്മകമായ ക്രൈസ്തവ ദർശനങ്ങളിലൂടെ അഡ്രസ് ചെയ്ത് ഒരാൾ എന്ന നിലക്ക് കാലം കൗതുകത്തോടെ നോക്കിക്കാണുന്ന ഒരു ജീവിതമാണ് പ്രൊഫ. നൈനാൻ കോശിയുടേത്. 


  

 ഭരണകൂട ദൈവശാസ്ത്രം 

നീതിനിഷ്ഠമായൊരു പൗരജീവിതമാണ് രാഷ്ട്രം വിഭാവന ചെയ്യുന്നതെങ്കിലും പലപ്പോഴും പ്രബല സമൂഹങ്ങളും താല്പര്യങ്ങളുമാണ്  രാഷ്ട്രത്തെ നിയന്ത്രിക്കുന്നതെന്ന പ്രശനം  അടിസ്ഥാനപരമാണെന്നു നൈനാൻ കോശി വ്യക്തമാക്കുന്നുണ്ട്. ക്രമപരിപാലന രാഷ്ട്ര സങ്കല്പത്തിൽ നിന്നും ക്ഷേമ രാഷ്ട്ര സങ്കല്പത്തിലേക്കുള്ള വളർച്ച ജനാധിപത്യത്തിന്റെ വളർച്ചയാണെങ്കിലും  കീഴാള സമൂഹങ്ങളിന്നും രാഷ്ട്രം എന്ന സങ്കല്പത്തിന്റെ  ക്രീയാത്മക ഉപഭോക്താക്കളായിട്ടില്ല. ഭരണകൂട സങ്കല്പത്തിലെ വളർച്ചയിൽ അതൊരു പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്  എന്ന് അദ്ദേഹം വിലയിരുത്തുന്നുണ്ട്.  ഇന്ത്യയിലാവട്ടെ സ്വാതന്ത്ര്യവും ജനാധിപത്യവും മാത്രമല്ല സോഷ്യലിസവും   ക്ഷേമരാഷ്ട്ര സകൽപത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. 

വേദപുസ്തകത്തിലെ രാഷ്ട്രസങ്കല്പത്തെക്കുറിച്ചു നൈനാൻ കോശി ആഴമായി പ്രതിപാദിക്കുന്നുണ്ട്. വേദപുസ്തകത്തിൽ ഇസ്രേയലിന്റെ രാഷ്ട്രരൂപീകരണ പ്രക്രിയ വ്യക്തമാക്കുന്നുണ്ട്. അടിമത്വത്തിന്റെ സാമൂഹ്യഘടനയിൽ നിന്നും ദൈവജനത്തിന്റെ വിമോചന സ്വത്വരൂപീകരണ പ്രക്രിയയിലാണ് പഴയനിയമത്തിൽ രാഷ്ട്രവും ന്യായപ്രമാണവുമൊക്കെ പ്രസക്തമാകുന്നത്. വിമോചകനായ ദൈവത്തെ കുറിച്ചുള്ള ദര്ശനവും നീതിപൂർവമായ സാമൂഹ്യ ജീവിതവും വളരെ ബന്ധപ്പെട്ടിരിക്കുന്നു. തിയോക്രസിയിൽ നിന്നാണ് ഡെമോക്രസി രൂപപെടുന്നതെന്നു കാണാം. ഭരണാധികാരി ദൈവത്തിന്റെ  അഭിഷിക്തനാണെന്ന ചിന്ത ദൈവ-മനുഷ്യ ഉടമ്പടിയുടെ ദര്ശനത്തിന്റെ ഭാഗമാണ്. ദൈവവും ദൈവം നൽകിയ ന്യായപ്രമാണവും നീതിപൂർവമായ സാമൂഹ്യ   ക്രമം നിലനിർത്തുന്നതിനാണ് ശ്രമിക്കുന്നത്. അത് വിസ്മരിക്കപ്പെട്ടാൽ ന്യായവിധി ഉണ്ടാകും. പ്രസ്തുത ന്യവിധിയുടെ പരികർമികളായിരിന്നു   പ്രവാചകന്മാർ. ഒരേസമയം തന്നെ അനിവാര്യതയും പ്രതിസന്ധിയുമായി തീരുന്ന രാഷ്ട്രം നിരന്തരം നവീകരിക്കപ്പെടുന്നതിനു വിമർശനാത്മകമായ ഇടപെടൽ അനിവാര്യമാണെന്ന് പ്രൊഫ. കോശി പറഞ്ഞു വയ്ക്കുന്നുണ്ട്.  

രാഷ്ട്രത്തെയും   ഭരണകൂടത്തെയും   ദൈവീക രക്ഷാപദ്ധതിയുടെ ഭാഗമായി കാണുന്ന പഴയനിയ ചിന്ത പുതിയനിയമത്തിൽ എത്തുമ്പോൾ വിഭിന്നമാകുന്നു. കാരണം റോമാസാമ്പ്രാജ്യം അക്കാലത്തു ഒരു അധീശത്വ ഭരണ ക്രമമായി മാറിയിരുന്നു. അതുകൊണ്ടു യേശുപ്രസ്ഥാനം പഴയനിയമ പ്രവാചക പാരമ്പര്യത്തിലാണ് ഭരണകൂടത്തെ സമീപിക്കുന്നത്. പരമ്പരാഗതമായ യഹൂദ സങ്കല്പത്തിലുള്ള മിശിഹാ എന്ന സംബോധനക്ക് പകരം മനുഷ്യപുത്രൻ  എന്ന വിളിപ്പേര് യേശു താല്പര്യപ്പെടുന്നതിൽ   യേശുവിന്റെ രാഷ്ട്ര സങ്കല്പത്തിന്റെ വ്യതിരിക്തത പ്രകടമായിരുന്നു. ഒരു വംശീയ രാഷ്ട്ര സങ്കല്പത്തിനപ്പുറം പ്രാന്തസ്ഥിതരുടെ സ്വപ്ന രാജ്യം എന്ന നിലയിലാണ് യേശു ദൈവ രാജ്യത്തെ അവതരിപ്പിക്കുന്നത്. ഭരണകൂടത്തിന്റെ അനിവാര്യത യേശു തള്ളിപ്പറയുന്നില്ലെങ്കിലും അരികുവത്കരിക്കപ്പെട്ടവർക്കും നീതിനിഷേധിക്കപെടുന്നവർക്കും അത് പ്രയോജനകരമായി  തീരുന്നതുവരെ ഭരണകൂടത്തെ ആത്യന്തികമായി കാണേണ്ടതില്ല എന്ന സന്ദേശം യേശു  നൽകുന്നുണ്ട്  ഭരണകൂടം അതിന്റെ നിർവഹണ ലക്‌ഷ്യം  സാക്ഷാത്കരിക്കാതെ വരുമ്പോൾ അതിനെതിരെ നിലപാടെടുക്കുന്നത് ദൈവരാജ്യ നീതിയുടെ ഭാഗമാണ് എന്ന് തന്നെയാണ് യേശു പഠിപ്പിക്കുന്നത്.   അത്തരം ചെറുത്തുനില്പുകളുടെ   അടയാളമായി യേശുവിന്റെ ക്രൂശു മാറുന്ന്നുണ്ട്. യഹൂദന്മാരുടെ രാഷ്ട്രം സ്ഥാപിക്കാനാണ് യേശു ശ്രമിച്ചതെന്ന് ഇന്നത്തെ സയണിസ്റ്റുകളുടെ  വാദം അപ്രസക്തമാക്കുന്നതാണ് കുരിശിന്റെ സന്ദേശം. ഭരണകൂടമെന്നത് യേശുവിനെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന നീതിസമൂഹത്തിന്റെ അടയാളവും ദുര്ബലരുടെ ഒടുങ്ങാത്ത പ്രതീക്ഷയുമാണ്. അത് തന്നെയാണ് സമകാലിക സാമൂഹ്യ പ്രതിരോധങ്ങളുടെ പ്രസക്തി വര്ധിപ്പിക്കുന്നതും എന്ന്  നൈനാൻ കോശി വ്യക്തമാക്കുന്നുണ്ട്. 



ക്രിസ്ത്യാനികളും ജനാധിപത്യവും

വേദപുസ്തകത്തിലെ ആദിമസഭ ദര്ശനത്തിന് വിരുദ്ധമായി ക്ലാസിക്-മെഡീവൽ കാലഘട്ടത്തിൽ ക്രൈസ്തവ സഭ സ്ഥാപന വത്കരിക്കപ്പെട്ടപ്പോൾ ജനാധിപത്യം ക്രൈസ്തവർക്ക് അന്യമായ സങ്കല്പമായി മാറിയിരുന്നു. നവീകരണ കാലഘട്ടമാണ് പിന്നീട് സഭയെ ജനാധിപത്യ പ്രക്രിയയുമായി ബന്ധപ്പെടുത്തിയത്.  ഫ്രഞ്ചുവിപ്ലവത്തിനുശേഷം ആഗോളവ്യാപകമായി രൂപപ്പെട്ട ആധുനിക ജനാധിപത്യ പ്രക്രിയയോട് ഗുണാത്മകമായിട്ടാണ് പിൽക്കാലത്തു ക്രൈസ്തവ ദൈവശാസ്ത്രം ഇടപെട്ടത്.  എക്യൂമെനിക്കൽ ദൈവശാസ്ത്രം  രൂപീകരിച്ച ഉത്തരവാദിത്ത സമൂഹം എന്ന ദര്ശനം ആഗോള ക്രൈസ്തവ സമൂഹത്തെ ഏറെ പരിവർത്തിപ്പിച്ചിരുന്നു.   സ്വാതന്ത്ര്യ  ത്തെക്കുറിച്ചും തുല്യനീതിയെക്കുറിച്ചും നീതിസമൂഹത്തെകുറിച്ചുമുള്ള എക്യൂമെനിക്കൽ ചിന്തകൾ ജനാധിപത്യത്തെ നവീകരിക്കുന്നതിൽ ഏറെ പങ്കു വഹിച്ചിട്ടുണ്ട്. സമാധാനമെന്നത് നീതിക്രമത്തിന്റെ ഘടനയാണെന്ന ദൈവശാസ്ത്ര ചിന്ത യുദ്ധവിരുദ്ധ-അക്രമവിരുദ്ധ പ്രയോഗങ്ങളിലൊക്കെ   സഭയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാൽ അമിതമായ ശാന്തിവാദം പലപ്പോഴും ക്രൈസ്തവരെ നിഷ്ക്രിയരും നിസംഗറുമാകുന്നുമുണ്ടെന്നു കോശി വ്യക്തമാകുന്നുണ്ട്. 

ഇന്ത്യ അതിന്റെ രാഷ്ട്രസങ്കല്പത്തെ നവീകരിച്ചപ്പോൾ മതേതരത്വം ഒരു പ്രധാന വിവക്ഷയായി കണ്ടു. എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യം. മതസ്വാതന്ത്ര്യവുമുണ്ട്. പക്ഷെ അത് രാഷ്ട്ര നിയന്ത്രണത്തിനുള്ള ഉപാധിയാകാൻ പാടില്ല. ആ പ്രതിസന്ധിയാണ് ഹിന്ദുരാഷ്ട്ര സകൽപത്തിലൂടെ നാം അനുഭവിക്കുന്നത്. ഇത് തിരിച്ചറിഞ്ഞു ഒരു മതേതര ദർനം രൂപപ്പെടുത്താനും ഭരണകൂടത്തെയും ജനാധിപത്യത്തെയും ദുര്ബലരുടെ പ്രതീക്ഷകളായി  ഉയർത്താനും ക്രൈസ്‌തവർ പരിശ്രമിക്കണം. മതസ്വതന്ത്ര്യവും ന്യുനപക്ഷ അവകാശങ്ങളും പൊതുവായുള്ള മനുഷ്യാവകാശങ്ങളുമായുള്ള   ബന്ധത്തിലാണ് കാണേണ്ടത്. ഇത്തരത്തിലുള്ള വിശാല വീക്ഷണം നഷ്ടപ്പെടുത്തി വിമോചന സമരങ്ങളിൽ പങ്കെടുത്ത് ജനാധിപത്യത്തെ  അട്ടിമറിച്ച ലജ്ജാകരമായ  അനുഭവങ്ങൾ   കേരളക്രൈസ്തവ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ടു  സ്വയം തിരുത്തലിനു തയാറാകുന്ന സമൂഹമായി സഭ മാറേണ്ടതുണ്ടെന്നും പ്രൊഫ. കോശി വ്യക്തമാക്കുന്നു.  

ഉപസംഹാരം 

സമകാലിക ഇന്ത്യയിൽ ഭരണകൂടം ആധിപത്യ ക്രമമായിത്തീരുമ്പോൾ, രാഷ്ട്രത്തിന്റെ പൊതു വിഭവങ്ങളിൽമേലുള്ള അടിസ്ഥാന സമൂഹങ്ങളുടെ അധികാരവും പങ്കാളിത്തവും ഭരണകൂടം തന്നെ നിഷേധിക്കുമ്പോൾ, അകത്തും പുറത്തുമുള്ള കോര്പറേറ്റുകൾക്കതു മറിച്ചുവിൽക്കുമ്പോൾ, വംശീയതയും മതദേശീയതയും ഉയർത്തി ഇന്ത്യയുടെ മതേതര സംസ്കാരം വികലമാക്കുമ്പോൾ, മനുഷ്യാവകാശങ്ങളുടെ നിഷേധം അരികുവത്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ  അതിജീവനം അസാധ്യമാക്കിത്തീർക്കുമ്പോൾ, ന്യൂനപക്ഷങ്ങളെന്ന പേരിൽ ക്രൈസ്തവ സമൂഹങ്ങൾ സമുദായ നേട്ടങ്ങൾക്കായി നിരത്തിലിറങ്ങുമ്പോൾ പരാജയപ്പെടുന്നത് വേദപുസ്തകവും യേശുക്രിസ്തുവും മുന്നോട്ടുവച്ച നീതിസമൂഹത്തെക്കുറിച്ചുള്ള സ്വപ്നവും പ്രതീക്ഷയുമാണ്. പ്രൊഫ. നൈനാൻ കോശി നമ്മെ ഓര്മപ്പെടുത്തുന്നതും അതുതന്നെയാണ്.