Thursday, June 24, 2021

അടിയന്തരാവസ്ഥയും ഡോ. എം.എം. തോമസിന്റെ ദൈവശാസ്ത്ര പ്രതികരണവും ഇന്ത്യയിലെ അടിയന്തരാവസ്ഥയുടെ നാല്പത്തിആറാമതു വാർഷിക ദിനത്തിൽ പ്രമുഖ ദൈവശാസ്ത്രജ്ഞനായിരുന്ന ഡോ. എം.എം. തോമസിന്റെ പ്രതികരണം വീണ്ടും ചിന്തയിലേക്ക് കടന്നുവരുന്നു. ഒരുപക്ഷെ, രാഷ്ര നിർമാണ പ്രക്രിയയിൽ  ഇന്ത്യയിലെ ക്രൈസ്തവ സമൂഹങ്ങളുടെ പങ്കാളിത്തം അന്വേഷിക്കുന്നവർക്കും മതേതര സമൂഹത്തിലെ ക്രിസ്തീയ സാക്ഷ്യം അന്വേഷിക്കുന്നവർക്കും  ഇത് ദീപ്തമായൊരു പാഠം  തന്നെയാണ്. അടിയന്തരാവസ്ഥയോട് പല ക്രൈസ്തവ നേതാക്കളും പ്രതികരിച്ചിട്ടുണ്ടല്ലോ? ഡോ. തോമസിന്റെ പ്രതികരണത്തിന് മാത്രമെന്താണ് സവിശേഷത? ഈ ചോദ്യം വളരെ പ്രസക്തമാണ്. ഒരുപക്ഷെ, വ്യക്തമായൊരു പ്രത്യയശാസ്ത്ര അടിസ്ഥാനത്തിലും   ദൈവശാസ്ത്ര അടിസ്ഥാനത്തിലും പ്രതികരണം രൂപപ്പെടുത്തിയെന്നിടത്താണ് ഡോ. തോമസ് വ്യത്യസ്തനാകുന്നത്. അതിൽ മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നുണ്ട്, പ്രത്യയശാസ്ത്രവും സെക്യൂലറിസവും  അടഞ്ഞതും സങ്കുചിതമാകുന്നതിന്റെ പ്രശ്‍നം വ്യക്തമാക്കുന്നുണ്ട്, മാത്രമല്ല, ഒരു ബദൽ ജനാധിപത്യ സംസ്‌കൃതിയുടെ ദൈവശാസ്ത്രമെന്തെന്നും അത് വിശദീകരിക്കുന്നുണ്ട്. 

1975 ജൂൺ 25 അർദ്ധരാത്രി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 19 മാസങ്ങൾ നീണ്ടു നിന്നു. രാഷ്ട്രീയ പ്രതിയോഗികൾ തുറങ്കിലടക്കപെടുകയും തൊഴിൽ സമരങ്ങൾ നിരോധിക്കപെടുകയും പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്ത്യക്ക് ചേരിനിവാസികൾ കളങ്കമാണെന്ന് പറഞ്ഞു കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തപ്പോൾ ഇന്ത്യൻ ജനാധിപത്യം തന്നെ കശാപ്പു ചെയ്യപ്പെടുകയായിരുന്നുവെന്ന്  വിമർശനമുണ്ടായി. 1977 ൽ  അധികാരത്തിൽ വന്ന ജനതാ ഗവർമെന്റ് നിയോഗിച്ച അന്വേഷണ കമ്മീഷനിലെ ജസ്റ്റിസ് ഷാ പറയുന്നത് ഇപ്രകാരമാണ്: "ആർക്കും തന്നെ സുരക്ഷിതത്വം അവകാശപെടാനാവുമായിരുന്നില്ല. അക്കാലത്തു് ഏതൊരു വ്യക്തിയെയും വിചാരണ കൂടാതെ അറസ്റ്റുചെയ്യുന്നതിനും ഏതൊരു വീട്ടിലും കടന്നു കയറി പരിശോധിക്കുന്നതിനും പൊലീസിന് അധികാരം നൽകിയിരുന്നു. ഒരു പരിഷ്‌കൃത സമൂഹത്തിലാണ് ഇത് നടന്നതെന്നോർക്കുക" (M M Thomas, Response to Tyranny,Thiruvalla,  CSS, 2000, p 7 ). ഒരു നായ്കുട്ടിപോലും കുരക്കാത്ത കാലം എന്നായിരുന്നു അക്കാലത്തെ ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. അതൊരുപക്ഷേ ശരിയായിരിക്കാം, കാരണം, അക്കാലത്തെ രാഷ്ട്രീയ നിശബ്ദത ഇന്ദിരാഗാന്ധിയെപ്പോലും വിസ്മയിപ്പിച്ചുവെന്നു ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത രാഷ്ട്രീയ നിശബ്തത തകർക്കപ്പെട്ടത് ചുരുക്കം ചില ജനാധിപത്യ വാദികളുടെ ശബ്‌ദമുയർത്തലിലൂടെയാണ്. ഏറെക്കുറെ എല്ലാ ക്രൈസ്തവ സഭകളും പ്രസ്ഥാനങ്ങളും അടിയന്തരാവസ്ഥയെ  അനുകൂലിച്ചിരിന്നുവെന്നുള്ളതും ശ്രദ്ധിക്കേണ്ട സംഗതിയാണ്. ഇവിടെയാണ് ഡോ. തോമസിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. അത് പക്ഷെങ്കിൽ ഇന്ത്യയിൽ ഒരു പുതിയ രാഷ്ട്രീയ ദൈവശാസ്ത്രത്തിന്റെ ആവിര്ഭാവത്തിനാണ് കളമൊരുക്കിയതെന്നു കാണാം. 

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ഇന്ദിരാഗാന്ധിക്ക് വ്യക്തമായ കാരണങ്ങൾ ഉണ്ടായിരുന്നു. ജയപ്രകാശ് നാരായണന്റെ  നേതൃത്വത്തിൽ നടന്ന ഭരണകൂട വിരുദ്ധ സമരങ്ങൾ അടിച്ചമർത്തുക മാത്രമായിരുന്നില്ല ലക്‌ഷ്യം. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കു അടിയന്തരാവസ്ഥയുടെ ശിക്ഷണം അനിവാര്യമാണെന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ നിലപാട്. തൊഴിൽ സമരങ്ങൾ നിരോധിക്കപ്പെട്ടതും തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതും അതിന്റെ ഭാഗമായിട്ടായിരുന്നു. നിയോലിബറൽ സാമ്പത്തിക പ്രക്രിയയെയും ഏകമുഖാത്മകമായ വികസന പ്രത്യയശാസ്ത്രത്തെയും അനുകൂലിക്കുന്നവർക്ക് ഒരുപക്ഷെ അടിയന്തരാവസ്ഥയുടെ രാഷ്ട്രീയ- സാമ്പത്തിക- വികസന പാക്കേജ് ഗുണകരമാണെന്ന് തോന്നിയേക്കാം. എന്നാൽ, എം.എം. തോമസ് അതിനെ ശക്തമായി എതിർക്കുകയാണ് ചെയ്തത്. അടിയന്തരാവസ്ഥ ജനാധിപത്യത്തിന്റെ മരണമാണ് അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വികസനം ഏകപക്ഷീയമായ അജണ്ടയായി കാണാനാവില്ലയെന്നും രാജ്യത്തിൻറെ പുരോഗതിയെ പിറകോട്ടുവലിക്കുന്ന മറ്റ് അടിസ്ഥാന പ്രശ്നങ്ങളായ ജാതിയും പുരുഷാധിപത്യവും വിഭവ കേന്ദ്രീകരണവും ചൂഷണവുമെല്ലാം തിരുത്തപ്പെടുന്ന ഒരു ബദൽ സാമൂഹ്യ, ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി മാത്രമേ അതിനെ കാണാൻ കഴിയുള്ളുവെന്നും അദ്ദേഹം വാദിച്ചു. 

അടിസ്ഥാന സമൂഹങ്ങളുടെ പ്രതിരോധ സമരങ്ങളെ അടിച്ചമർത്തികൊണ്ട് എങ്ങനെയാണ് രാഷ്ട്രപുരോഗതി യാഥാർഥ്യമാക്കാനാവുകയെന്ന് ഡോ. തോമസ് ചോദിച്ചു. പുരോഗതിക്കടിസ്ഥാനം മനുഷ്യവകാശങ്ങളുടെ നിയന്ത്രണമോ നിരാസമോ അല്ലെന്നും മറിച്ചു സാമൂഹ്യ സമത്വ ദര്ശനങ്ങളിൽ അടിസ്ഥാനപ്പെട്ട ബദൽ ജനാധിപത്യ പ്രക്രിയയാണ് ഒരു രാഷ്ട്രത്തിന്റെ ഭാവി നിര്ണയിക്കുകയെന്നുള്ള ഡോ. തോമസിന്റെ നിലപാട് ഏകാധിപത്യ വാദികൾക്കുള്ള എല്ലാക്കാലത്തേക്കുമുള്ള മറുപടിയായിരുന്നു. അടിയന്തരാവസ്ഥ ഉന്നം വയ്ക്കുന്ന വികസനം, നിയോലിബറൽ സാമ്പത്തിക അജണ്ടകൾക്ക് വഴിവയ്ക്കുമെന്നുള്ള ഡോ. തോമസിന്റെ നിലപാട് ശരിവക്കുന്നതായിരിന്നു പിൽക്കാലത്തുണ്ടായ ഇന്ത്യയിലെ സാമ്പത്തിക ആഗോളവത്കരണ നയം. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ നവമുതലാളിത്ത പ്രക്രിയക്ക് വഴങ്ങും എന്ന് ലോകത്തിന് വെളിപ്പെടുത്തിക്കൊടുത്തത് അടിയന്തരാവസ്ഥയായിരിന്നു. സാമൂഹ്യ അന്യവത്കരണവും ദരിദ്രവത്കരണവും അതിരൂക്ഷമാകുന്ന മഹാമാരിയുടെ വർത്തമാന കാലത്തു അടിയന്തരാവസ്ഥ നിരന്തരം  പുനർജനിക്കുന്ന ഒരു ദുസ്വപ്നമായി മാറുകയാണ്.

രാഷ്ട്രീയ ഏകാധിപത്യ പ്രവണതകൾ ദൈനംദിന അനുഭവമായിമാറുന്ന വർത്തമാനകാലത്തു അടിയന്തരാവസ്ഥയോടു വിമർശനാത്മകമായി പ്രതികരിച്ച പാഠങ്ങൾ വിമോചനത്തിന്റെ ഉണർത്തുപാട്ടുകളാണ്. ഇന്ത്യയുടെ കാർഷിക വിഭവങ്ങൾ ബഹുരാഷ്ട്ര കുത്തകകൾക്ക് തീറെഴുതി കൊടുക്കുന്നതിനെതിരെ കർഷകർ നടത്തുന്ന  സമരങ്ങൾ പരാജയപ്പെടുകയാണെങ്കിൽ, സമുദ്രങ്ങളും തീരദേശവും പരിരക്ഷിക്കുന്നതിനായി ലക്ഷദീപ്  നിവാസികൾ ഉയർത്തുന്ന പ്രതിരോധം അടിച്ചമർത്തപ്പെടുകയാണെങ്കിൽ, വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന്റെ ഇരകളായ മതന്യൂന പക്ഷങ്ങളും ലിംഗ ന്യൂനപക്ഷങ്ങളും ദളിതരും സ്ത്രീകളും  കൂടുതൽ പ്രതിസന്ധിയിലേക്ക് പോവുകയാണെങ്കിൽ മഹാമാരിയുടെ കാലത്തു പൊതുജനാരോഗ്യം ആയുധ കച്ചവടത്തിന് വഴി മാറുകയാണെങ്കിൽ നാം കൃത്യമായി അടിയന്തരാവസ്ഥകൾ രൂപപ്പെടുത്തിയ ജനതയാണെന്ന് സമ്മതിക്കേണ്ടി വരും. അടിയന്തരാവസ്ഥ കേവലമൊരു ഭൂതകാല സ്മൃതിയല്ലെന്നും അത് ഇന്നും നമ്മെ രൂപപെടുത്തികൊണ്ടിരിക്കുന്നുവെന്നും ഒരു ഞെട്ടലോടെ നാം തിരിച്ചറിയണം. ഇവിടെയാണ് ഡോ. തോമസിന്റെ വിമർശനങ്ങൾ നമ്മുക്ക് മൃതസഞ്ജീവനിയായി മാറുന്നത്. 

അടിയന്തരാവസ്ഥയുടെ വ്യവഹാരത്തിന് മറുപടിയായി ഡോ. തോമസ് കണ്ടെത്തുന്ന ബദൽ വഴി സെക്കുലർ ജനാധിപത്യത്തിന്റെ പരിപോഷണമാണ്. ഇന്ത്യൻ ദേശീയതയെ ചരിത്രപരമായും പ്രത്യയശാസ്ത്രപരമായും പുനർ നിർവചിച്ചുകൊണ്ടാണ് തോമസ് അത് നിർവഹിച്ചത്. ഗാന്ധിസവും നെഹ്രുവിയൻ സോഷ്യലിസവുമൊക്കെ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടായിരുന്നെങ്കിലും എം.എം. തോമസിന്റെ  സെക്കുലർ ജനാധിപത്യ പരികല്പന ചേർന്ന്  നില്കുന്നത് അംബേദ്കറിസത്തോടാണ്. സമഗ്രാധിപത്യമായിതീരാനുള്ള ഇന്ത്യൻ ജനാധിപത്യത്തിന്റെ സ്വാഭാവിക സാധ്യത തിരിച്ചറിഞ്ഞുകൊണ്ട് നിരന്തരം പ്രതിപക്ഷമാകുന്ന ബദൽ ജനാധിപത്യ പ്രക്രിയയ്ക്കാണ് ഡോ. തോമസ് ഊന്നൽ നൽകുന്നത്. പിൽക്കാലത്തു ദളിത്-ആദിവാസി, സ്ത്രീ-പരിസ്ഥിതി, പരമ്പരാഗത തൊഴിൽ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മകളിലേക്ക് ഡോ. തോമസിനെ നിലയുറപ്പിക്കുന്നതും പ്രസ്തുത ബദൽ ജനാധിപത്യ ബോധമാണ്. 

ഡോ. തോമസിനെ സംബന്ധിടത്തോളം നിരന്തരം പ്രതിപക്ഷമാകുന്ന ബദൽ രാഷ്ട്രീയ ബോധം തികച്ചും ക്രിസ്തീയമാണ്. പ്രസ്തുത ബദൽ ആത്മീയത അദ്ദേഹം അടയാളപ്പെടുത്തുന്നത് ക്രൂശിതനായ ക്രിസ്തുവിലാണ്. ക്രൂശിതനായ ക്രിസ്തു, ഡോ. തോമസിനെ സംബന്ധിച്ചിടത്തോളം, ആധിപത്യ വിരുദ്ധമായൊരു രാഷ്ട്രീയത്തിന്റെ അടയാളവും മർദ്ദിതരുടെ ഉദ്ധാനത്തിന്റെ കാഹളവുമാണ്. കുരിശിന്റെ സംഗീതം മരണത്തിന്റേതല്ല; അനുരഞ്ജനത്തിന്റെയും വീണ്ടെടുപ്പിന്റെയും നിത്യ ജീവന്റെയും അനുരണങ്ങളാണ്. പുതിയ മാനവികതയാണത് ആവശ്യപ്പെടുന്നത്. പാർശ്വവത്കരിക്കപ്പെടുന്നവരെ തിരികെ ചേർക്കുകയും നിരാലംബർ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ബദൽ കൂട്ടായ്മയുടെ അടയാളമാണ് സഭ. മനുഷ്യാവകാശങ്ങൾ നിഷേധിക്കപെടുന്നിടത്തു നിശബ്‌ദമാവുകയും ന്യൂനപക്ഷ അവകാശങ്ങൾക്കായി നിരന്തരം മുറവിളി കൂട്ടുകയും ചെയ്യുന്ന ക്രൈസ്തവ സഭ ക്രിസ്തു ദര്ശനങ്ങൾക്കു വിരുദ്ധമാണെന്ന് ഡോ. തോമസ് ഓർമപ്പെടുത്തുന്നു. അതുകൊണ്ട് ക്രൈസ്തവ സഭകൾ തുറന്ന മതനിരപേക്ഷ സമൂഹത്തിനായി (open secularism) പരിശ്രമിക്കണമെന്നും ക്രിസ്തുവിൽ ഒരു നവമാനവികത ലക്‌ഷ്യം വച്ചുകൊണ്ട് ജീവൽ വിഭവങ്ങളുടെ സംരക്ഷണത്തിനും പങ്കാളിത്തത്തിനുമായി അടിസ്ഥാന സമൂഹങ്ങൾ നടത്തുന്ന പ്രതിരോധങ്ങൾക്കായി നിലനിൽക്കണമെന്നും  അദ്ദേഹം പറയുന്നു. ഇത് തന്നെയാണ് ക്രൈസ്തവ സഭ വർത്തമാന കാലത്ത് നിർവഹിക്കേണ്ട സാമൂഹ്യ ധർമം എന്നും ഡോ. തോമസ് വ്യക്തമാക്കുന്നു. 

അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കാലനിബദ്ധമായ ഒരേടല്ല; മറിച്ചു അത്  നിരന്തരം പുനർജനിക്കുന്ന സമഗ്രാധിപത്യത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും ദുഷിച്ച കാമനയാണ്. അത് നമ്മിൽ രൂഡമൂലമാകാൻ അനുവദിക്കാൻ പാടില്ല. അതിനെ ഉള്ളിൽ നിന്നും പ്രതിരോധിക്കുവാൻ സർഗാത്മകതയുടെ അവസാനത്തെ ആയുധവും എടുക്കേണ്ടകാലമായിരിക്കുന്നു. ചെറുത്തുനില്പിന്റെ പ്രസ്തുത ഭാവുകത്വത്തിനു ഡോ. തോമസ് മുന്നോട്ടു വയ്ക്കുന്ന ദൈവശാസ്ത്ര   ബദൽ ക്രൂശിതനായ ക്രിസ്തുവിൽ കേന്ദ്രീകൃതമായ ബദൽ ആത്മീയതയാണ്, പ്രത്യശാസ്ത്രമാണ്, രാഷ്ട്രീയമാണ്. ഒരുപക്ഷെ അടിയന്തരാവസ്ഥയുടെ ഈ  46 മത് വാർഷികദിനത്തിൽ ക്രൈസ്തവർ തിരിച്ചറിയേണ്ടതും അതുതന്നെയാണ്. 

24. 06. 2021 

 

No comments:

Post a Comment

Note: Only a member of this blog may post a comment.