Tuesday, March 23, 2021



കേരളത്തിന്റെ സ്വന്തം മതേതര ദൈവശാസ്ത്രജ്ഞൻ 

വിശ്വാസത്തിന്റെ മതേതര മൂല്യത്തെക്കുറിച്ചു സുവ്യക്തമായും സുദൃഡമായും നമ്മോടു സംസാരിച്ച കേരളത്തിന്റെ സ്വന്തം ദൈവശാസ്ത്രജ്ഞൻ ആരാണെന്നു ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുള്ളൂ: ബിഷപ്പ് ഡോ. പൗലോസ് മാർ പൗലോസ്. കേരത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ മണ്ണിൽ പിറന്ന് മലയാളക്കരയും ഭാരതദേശവും വിട്ട് അന്തർദേശീയ തലങ്ങളിൽ വിരാചിച്ചു ക്രൈസ്തവ വിശ്വാസത്തിന്റെ സാർവലൗകിക പരിവർത്തനാത്മകത വെളിപ്പെടുത്തിയ പൗലോസ് മാർ പൗലോസ് സാർവദേശീയ അംഗീകാരം നേടിയെടുത്ത കേരളത്തിന്റെ സ്വന്തം ദൈവശാസ്ത്രജ്ഞനാണ്. ജനിച്ചനാടിന്റെ പ്രത്യേകതയാണോ അതോ വളർന്നു വന്ന വിശ്വാസ പാരമ്പര്യത്തിന്റെ സവിശേഷതയാണോയെന്നറിയില്ല, മതം അദ്ദേഹത്തിന് മാനവികതയും ദൈവം സ്വാതത്ര്യത്തിന്റെ അനുഭവവും വിശ്വാസം പരസ്പരികതയുടെ ഉൾക്കാമ്പുമായിരിന്നു. അകലങ്ങൾക് കാരണം കണ്ടെത്തുന്ന മലയാളിക്കും അനുഷ്ടാനങ്ങളിൽ അഭിരമിക്കുന്ന മതവിശ്വാസിക്കും എല്ലാക്കാലത്തേയും ഒരു തിരുത്തായി നമ്മുടെ ഓർമകളിൽ നിറയുന്ന ആ മഹാനുഭാവൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഇരുപത്തിമൂന്നു വർഷങ്ങൾ തികയുന്നു.