Friday, October 5, 2018

ഞണ്ടുകളുടെ നാട്ടിൽ




ഞണ്ടുകളുടെ നാട്ടിൽ



ഞണ്ടുകളെ അപമാനിക്കാൻ ഉദ്ദേശമില്ല എങ്കിലും മാനനഷ്ടത്തിനു ഒരു കേസ് മുന്നിൽകാണുന്നു. പുറകോട്ടു നടക്കുന്ന ഞണ്ടുകളുടെ ശീലത്തെ ഒരു സാമൂഹ്യ അടയാളമായി സ്വീകരിക്കുന്നു എന്നു മാത്രം.

കേരളവും പുറകോട്ട് സഞ്ചരിക്കുകയാണെന്ന് തോന്നുന്നു. പ്രളയാനന്തര കാലം നവകേരളം ആയിരിക്കുമെന്ന് ഭരണാധികാരികൾ പ്രഖ്യാപിച്ച് അധികം നാളായില്ല. എന്നാൽ സമകാലീന സാഹചര്യത്തിൽ അങ്ങനെ വിശ്വസിക്കുവാൻ സാധിക്കുന്നില്ല.

ചരിത്രപരമായ കോടതിവിധികൾ ആണ് അടുത്തയിടെ ഉണ്ടായത്. ലൈംഗിക സ്വാതന്ത്ര്യത്തെക്കുറിച്ച് കോടതി വിധി പ്രഖ്യാപിച്ചത് മനുഷ്യാവകാശങ്ങളുടെ നവഭൂമികയിൽ നിന്നുകൊണ്ടാണ്. ലൈംഗികത പാപമാണെന്നും അത് നിയന്ത്രിക്കപ്പെടേണ്ടതാണെന്നുമുള്ള പുരുഷകേന്ദ്രീകൃത/ പരമ്പരാഗത സമൂഹത്തിന്റെ ജീർണതയുടെ സംസ്കാരത്തിൽ നിന്നും നാം ഒട്ടും മുന്നോട്ടു പോയിട്ടില്ലായെന്ന് തെളിയിക്കുന്നതാണ് അടുത്തിടെയുണ്ടായ പ്രതികരണങ്ങൾ കാണിക്കുന്നത്.

മനുഷ്യബന്ധങ്ങളിലെ സ്വതന്ത്ര കാമനകളുടെ ഏതൊരു ശീലവും ദുരുപയോഗം ചെയ്യപ്പെടാനുള്ള തിരിച്ചറിവോടെ ബന്ധങ്ങളെ ജാഗ്രതയോടെ കാണാൻ പഠിപ്പിക്കേണ്ട മതസമൂഹങ്ങളും ഞണ്ടുകളുടെ അസോസിയേഷനുകൾ ആയിമാറി.
ശബരിമലയിലെ യുവതീ പ്രവേശനം ഒരു ജീവൻ -മരണ പ്രശ്നമായി രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഏറ്റെടുത്തിരിക്കുന്നു. തങ്ങളുടെ വിശുദ്ധ - അതിവിശുദ്ധ ഇടങ്ങളിലേക്കും സ്ത്രീ പ്രവേശനം എന്ന പ്രശ്നം കടന്നു വരുമെന്നറിയാമായിരുന്ന ഇതര മതസാമൂഹങ്ങളും പ്രസ്തുത രാഷ്ട്രീയപ്രസ്ഥാനങ്ങളൊടൊപ്പമാണ് .(മുത്തലാഖ് പ്രശ്നത്തിൽ വിശ്വാസ/ആചാരപ്രശ്നം ഇവർക്കാർക്കും തോന്നിയില്ലായെന്ന് കേവലം വിരോധാഭാസം മാത്രം.)


മുമ്പോട്ട് സഞ്ചരിക്കുന്ന ഒരു ജനാധിപത്യസമൂഹത്തിന് അഭിമാനം നൽകുന്ന വിധിയല്ലേ ഇത്. ഇത് പ്രതിരോധിക്കപ്പെടുക എന്നുവെച്ചാൽ പരമ്പരാഗത/ ജീർണതയുടെ സംസ്കാരത്തിലേക്ക് തിരിച്ചുപോവുകയാണെന്നാണ്. ജീർണ്ണതയുടെ സംസ്കാരത്തെ മുറുകെ പിടിക്കുന്ന ഇത്തരം കുത്സിത നീക്കങ്ങളെ നിസ്സംഗമായി നോക്കി കാണുന്ന സമൂഹത്തിൽനിന്നും പുതുതലമുറ എന്താണ് പ്രതീക്ഷിക്കേണ്ടത്?


കന്യാസ്ത്രീകൾ നിരത്തിലിറങ്ങി സമരം ചെയ്ത സംഭവവും നമ്മളൊക്കെ ആരാണെന്ന് ബോധ്യപ്പെടുത്തുന്ന ഒന്നായിരുന്നു. ലൈംഗികബന്ധത്തിലേർപ്പെട്ട കന്യാസ്ത്രീ എങ്ങനെയാണ് കന്യാസ്ത്രീ ആകുന്നതെന്ന് ചോദിക്കുകയും അതേസമയം അതിൽ പങ്കാളിയായ ബിഷപ്പിനെ കൈമുത്തി ( ജയിലിൽ പോയി)തന്റെ പാരമ്പര്യസഭാസ്നേഹം വെളിപ്പെടുത്തിയ നിയമസഭാ സാമാജികൻ ഒരു സങ്കോചവും കൂടാതെ വിഹരിക്കുന്ന നാടാണിത്.
അവകാശ നിഷേധങ്ങളുടെ പശ്ചാത്തലത്തിൽ തെരുവിലിറങ്ങിയ കന്യാസ്ത്രീകൾക്ക് പിന്നിൽ അരാജക വാദികളാണന്നു പറഞ്ഞ നേതാവിനോട് നമുക്ക് ക്ഷമിക്കാം. കാരണം മുത്തങ്ങാ സമരവും ചെങ്ങറ ഭൂസമരവും സാമൂഹ്യവിരുദ്ധരുടെ സമരമാണെന്ന് പറഞ്ഞ വിപ്ലവ പ്രസ്ഥാനത്തിൻറെ ആളാണ് അദ്ദേഹം. എന്നാൽ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും മതസമൂഹങ്ങളും കേരളത്തെ പിറകോട്ട് വലിക്കുമ്പോൾ എന്തു നവകേരളം??

എല്ലാ ഞണ്ടുകൾക്കും നല്ല നമസ്കാരം!!!!